കൊടുങ്ങല്ലൂര്‍: ദേവീസ്തുതികളും ശരണം വിളികളും മുഴങ്ങിനിന്ന ത്രിസന്ധ്യാ വേളയില്‍ സഹസ്രദീപങ്ങള് തെളിഞ്ഞ രേവതി വിളക്ക് തൊഴുത് ആയിരങ്ങള്‍ സായൂജ്യമടഞ്ഞു. ഇനിയുള്ള കാത്തിരിപ്പ് സര്‍വ്വതും ദേവിക്കു സമര്‍പ്പിക്കുന്ന അശ്വതി കാവുതീണ്ടലിന്.
ഇന്ന് വൈകീട്ട് 4 മണിയോടെയാണ് കാവുതീണ്ടല്. രേവതിനാളായ ഇന്നലെ ഭക്തജനങ്ങളുടെ വന്പ്രവാഹത്തെ സൂചിപ്പിക്കുന്ന രേവതി എരച്ചില്‍ പ്രകടമായി. ഉറഞ്ഞു തുള്ളിയും മുളം വടികളില്‍ താളം തട്ടിയും മുച്ചിലെ തടസ്സങ്ങള്‍ എല്ലാം തട്ടിമാറ്റിയും ആയിരങ്ങള്‍ കുരുംബക്കാവില്‍ ഇരച്ചുകയറുകയായിരുന്നു.
ഒരാഴ്ചക്കാലം നീണ്ടുനിന്ന മീനഭരണി മഹോത്സവത്തിലെ പ്രധാനചടങ്ങായ തൃച്ഛന്ദനച്ചാര്ത്ത് ഇന്ന് നടക്കും. അശ്വതി പൂജയെന്നും അറിയപ്പെടുന്ന അതീവ രഹസ്യമായ ശാക്തേയപൂജ നിര്‍വ്വഹിക്കുന്നത് നീലത്ത്, കുന്നത്ത്, മഠത്തില്‍ എന്നീ അടികള്‍ കുടുംബങ്ങളിലെ മുതിര്‍ന്ന അംഗങ്ങളാണ്. ഇതിനായി ഇന്ന് രാവിലെ 11 മണിയോടെ നടയടച്ച് ശുദ്ധികര്‍മ്മങ്ങള്‍ നടത്തി ശ്രീകോവിലിനകത്ത് പ്രവേശിക്കുന്ന അടികള്‍മാര്‍ ദേവിയുടെ ഉടയാടകളും തിരുവാഭരണങ്ങളും മാറ്റി ദാരുബിംബത്തില്‍ തൃച്ഛന്ദനം ചാര്‍ത്തും. മൂന്നു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന അശ്വതിപൂജ മറ്റാര്‍ക്കും ദര്‍ശിക്കാനാകില്ല.
പൂജ കഴിഞ്ഞ് തമ്പുരാനോടൊപ്പം അംഗവടികളേന്തിയ അടികള്‍മാരും ദേവസ്വം അധികാരികളും ചുറ്റമ്പലത്തിനു പുറത്തെത്തി കിഴക്കെനടയിലെ നിലപാടുതറയില്‍ ഉപവിഷ്ഠരായി കാവുതീണ്ടാന്‍ അനുമതിയായി ചുവന്ന കുടനിവര്ത്തുന്നതോടെ ക്ഷേത്രത്തിനുചുറ്റും അക്ഷമരായി കാത്തുനില്ക്കുന്ന പതിനായിരങ്ങള്‍ ഓട്ട പ്രദക്ഷിണത്തിനായി ഓടിയടുക്കും. വഴിപാടുപൊതികള് ക്ഷേത്രത്തിനകത്തേക്കു വലിച്ചെറിഞ്ഞും വടികള്‍ കൊണ്ട് ചെമ്പോലകളിലടിച്ചും ക്ഷേത്രത്തിനു വലംവയ്ക്കുന്ന ദേവീഭക്തര്‍ ദേവിയുടെ അനുഗ്രഹം തേടി മടക്കയാത്ര ആരംഭിക്കും.
ഇന്ന് രാവിലെ 11 മണിയോടെ അടയ്ക്കുന്ന ക്ഷേത്രനട 18നാണ് ഇനി തുറക്കുക. ഭരണി നാള് മുതല്‍ നടതുറപ്പുവരെ ഓരോ ദിവസവും വ്യത്യസ്തമായ യാമങ്ങളിലായി ശ്രീകോവിലില്‍ പൂജ നടക്കുമെങ്കിലും ദേവി ദര്‍ശനം അനുവദിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: