കണ്ണൂര്‍: തളിപ്പറമ്പ് തൃച്ചംബരത്തെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ദീപക്കിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ സഹപാഠികളും മലയാളികളുമായ ഒമ്പത് വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ അണിയറയില്‍ നീക്കം ശക്തമായി. മന്ത്രിമാരും രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഒത്താശയോടെയാണ് ചിലര്‍ കേസ് തേച്ചുമാച്ച് കളയാന്‍ ശ്രമം നടത്തുന്നത്. മരണകാരണം ഇരുമ്പ് വടികൊണ്ട് തലക്കേറ്റ പരിക്കാണെന്നുള്ള പോലീസിന്റെ റിപ്പോര്‍ട്ട് ഇതിന്റെ ഭാഗമായാണെന്നാണ് സൂചന.
തമിഴ്‌നാട് നാമക്കല്‍ ജ്ഞാനമണി എഞ്ചിനീയിറംഗ് കോളേജിലെ വിദ്യാര്‍ത്ഥി ദീപക്കിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഘം കാറിടിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ക്കാരായ സെബിന്‍, മിഥുന്‍, ഡാനിഷ്, വയനാട്ടിലെ അമല്‍, കോഴിക്കോട്കാരായ അശ്വിന്‍, ലിജോ, എറണാകുളം സ്വദേശി ഡേവിഡ് എന്നിവരടക്കം 9 പേര്‍ റിമാന്റിലാണ്. എന്നാല്‍ ഏറെ വിവാദമായ ഈ സംഭവത്തിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ക്രിസ്ത്യന്‍മതവിഭാഗത്തിലെ ചില പ്രമുഖരും പ്രതികളായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ശ്രമിച്ചുവരികയാണ്. ഇതിന് കോളേജ് മാനേജ്മെന്റിന്റെയും തമിഴ്‌നാട് പോലീസിന്റെയും പിന്തുണയുള്ളതായും അറിയുന്നു.
കഴിഞ്ഞദിവസം പോലീസ് കോടതിയില്‍ നല്‍കിയ എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ ഇരുമ്പ് വടികൊണ്ട് തലക്കേറ്റ പരിക്കാണ് മരണകാരണമെന്ന് സൂചിപ്പിച്ചതും ഇതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞദിവസം സംഭവസ്ഥലത്തെത്തിയ ദീപക്കിന്റെ ബന്ധുക്കളെ മരണസര്‍ട്ടിഫിക്കറ്റും പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റും നല്‍കാതെ ബന്ധപ്പെട്ടവര്‍ തിരിച്ചയച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലെന്ന കാരണം പറഞ്ഞാണ് തിരിച്ചയച്ചത്. ഇതെല്ലാം തെളിയിക്കുന്നത് കേസ് ഇല്ലാതാക്കാന്‍ ഉന്നതതലത്തില്‍ ശ്രമം നടക്കുന്നുണ്ട് എന്നതാണ്. രാശിപുരം പോലീസ് കൊലപാതകത്തിന് 302 -ാം വകുപ്പുപ്രകാരം കേസെടുത്ത് 9 പേരെ അറസ്റ്റ് ചെയ്തതിനുശേഷമാണ് കേസ് അട്ടിമറിക്കാന്‍ നീക്കം തുടങ്ങിയത്. അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ ഉന്നതരുടെ കൈകളുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും സംശയിക്കപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവുമായി ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. സഹപാഠിയായ എറണാകുളം സ്വദേശി ദിനേശ് ജോസഫിന്റെ ഒപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കോളേജിലെ സഹപാഠികളായ 9 അംഗ സംഘം കാറിടിച്ച് വീഴ്‌ത്തുകയായിരുന്നു. വീണിടത്ത് നിന്നും എഴുന്നേറ്റ ദീപക്കിന്റെ ശരീരത്തില്‍ വീണ്ടും കാര്‍ കയറ്റിയതാണ് മരണത്തിന് കാരണം. എന്നാല്‍ ഇന്നലെ രാശിപുരം പോലീസ് കോടതിയില്‍ നല്‍കിയ എഫ്‌ഐആറില്‍ തലക്കടിയേറ്റാണ് ദീപക്ക് മരിച്ചതെന്ന റിപ്പോര്‍ട്ട് ബന്ധുക്കളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ് രാശിപുരം മണിപ്പാല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് വണ്ടിയോടിച്ച ദിനേശ് ജോസഫ്. ഇയാളെക്കൊണ്ട് മൊഴി തിരുത്തിക്കാനും ചില കേന്ദ്രങ്ങളില്‍ ശ്രമം നടക്കുന്നുണ്ട്. ബൈക്ക് ഓടിച്ചത് മരിച്ച ദീപക്കാണെന്ന് മൊഴിനല്‍കാനാണ് ഇയാളെ പ്രേരിപ്പിക്കുന്നത്. ഇത് വിജയിച്ചാല്‍ പ്രതികള്‍ക്കെതിരെയുള്ള കൊലകുറ്റം ഒഴിവാക്കി ബോധപൂര്‍വ്വമല്ലാത്ത നരഹത്യാകേസാക്കിമാറ്റാന്‍ കഴിയും.
മരണപ്പെട്ട ദീപക് ഹിന്ദു സമുദായത്തില്‍പെട്ടയാളും അറസ്റ്റിലായ പ്രതികളെല്ലാം ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ടവരുമാണ്. അതുകൊണ്ട് തന്നെ പ്രതികളുടെ രക്ഷിതാക്കള്‍ സമുദായ നേതാക്കളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെ സ്വാധീനിക്കാന്‍ ശ്രമം നടത്തിവരികയാണ്. സമ്പന്നരായ പ്രതികളുടെ രക്ഷിതാക്കള്‍ ഇതിനായി ലക്ഷങ്ങളാണ് വാരിയെറിയുന്നത്. തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ കോളേജ് മാനേജ്മെന്റിന് അനുകൂലമാണ്. സംസ്ഥാന സര്‍ക്കാറിനെ സ്വാധീനിച്ചാല്‍ ഇതുകൊണ്ട് തന്നെ തമിഴ്‌നാട് സര്‍ക്കാരുമായിബന്ധപ്പെട്ട് കേസ് തേച്ചുമാച്ചുകളയാം എന്ന ഉറച്ച വിശ്വാസത്തിലാണ് പ്രതികളുടെ രക്ഷിതാക്കള്‍. സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന നിശ്ചയ ദാര്‍ഢ്യത്തിലാണ് നാട്ടുകാര്‍. ഇതിനായി സിബിഐ പോലുളള ഉന്നത അന്വേഷണ സംഘത്തിന്റെ സേവനം അത്യാവശ്യമാണെന്നും ഇവര്‍ വിശ്വസിക്കുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തിയ ബിജെപി ദേശീയസമിതിയംഗം സി.കെ. പത്മനാഭന്റെയും ഇന്നലെ കണ്ണൂരിലെത്തിയ ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസിന്റെയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട് ഈ പ്രശ്നം. ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭം നടത്താനും നാട്ടുകാര്‍ തയ്യാറെടുക്കുകയാണ്.
സി.വി. നാരായണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: