കണ്ണൂര്‍ കേന്ദ്രമാക്കി 1997 ല്‍ സിപിഎം നിയന്ത്രണത്തില്‍ ആരംഭിച്ച മറ്റൊരു സ്ഥാപനമായ റബ്കോയും കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 256 കോടി രൂപയിലധികം കടബാധ്യത റബ്കോയ്‌ക്കുണ്ട്. സ്ഥാപനം നടത്തിക്കൊണ്ടുപോകാനായി ഭരണസമിതി പലപ്പോഴായി ഹഡ്കോ, സംസ്ഥാന സഹകരണ സംഘം തുടങ്ങിയവയില്‍ നിന്ന് എടുത്ത ഭീമമായ തുക തിരിച്ചടക്കാനാവാത്തതിനെ തുടര്‍ന്ന് പലിശയും കൂട്ടുപലിശയുമായി വര്‍ദ്ധിച്ച് വന്‍ ബാധ്യതയായി മാറിയിരിക്കുകയാണ്. സംസ്ഥാന സഹകരണ ബാങ്കില്‍ നിന്ന് 2009 ല്‍ എടുത്ത 25 കോടി രൂപ പലിശയും കൂട്ടുപലിശയുമടക്കം 34.5 കോടിയായി. ഇത് തിരിച്ചടക്കാനാവാതെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കോട്ടയം പാമ്പാടിയിലെ റബ്കോ ഉപകേന്ദ്രവും കണ്ണൂരിലെ ഹെഡ് ഓഫീസ് കെട്ടിടവും ജപ്തി നടപടിക്ക് വിധേയമായിരിക്കുകയാണ്. ഒരു ചീട്ടുകൊട്ടാരം തകരുകയാണ്.
ആസ്ഥാന മന്ദിരവും കെട്ടിടം സ്ഥിതിചെയ്യുന്ന 57.5 സെന്റ് സ്ഥലവും പാമ്പാടിയിലെ ഉപകേന്ദ്രവുമാണ് ജപ്തി ചെയ്യപ്പെടുക. ഇതുകൂടാതെ ജില്ലാബാങ്ക് പ്രാഥമിക സഹകരണബാങ്കുകള്‍, റബ്ബര്‍ബോര്‍ഡ് എന്നിവയിലും റബ്കോവിങ്കോടികളുടെ ബാധ്യതയുണ്ട്. എറണാകുളം, കോട്ടയം ജില്ലാ ബാങ്കുകളിലാണ് ഏറെ കുടിശ്ശികയുള്ളത്. വായ്പ ലഭ്യമാക്കിയത് സര്‍ക്കാറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായതുകൊണ്ടുതന്നെ ഫലത്തില്‍ റബ്കോ വരുത്തിവെച്ചിരിക്കുന്ന ബാധ്യതകള്‍ സംസ്ഥാന ഖജനാവിന്റെയും ജനങ്ങളുടെയും മേല്‍ പാര്‍ട്ടി കെട്ടിയേല്‍പ്പിക്കപ്പെടുന്ന പൊതുബാധ്യതയായി മാറുകയാണ്.
റബ്കോയുടെ എട്ടോളം ഉപകേന്ദ്രങ്ങളില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കോട്ടയം ജില്ലയിലെ പാമ്പാടി യൂണിറ്റിന്റെ ഒരു ബ്ലോക്കില്‍ 2011 ഡിസംബറില്‍ അഗ്നിബാധയുണ്ടായി.റബ്ബറൈസ്ഡ് കൊയര്‍ മാട്രസിലെ അഗ്നിബാധയില്‍ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. പക്ഷേ, അപകട കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണമൊന്നും നടത്താതെ ഒതുക്കിത്തീര്‍ക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ തൊഴിലാളികള്‍ക്കുള്ള സംശയം ഇപ്പോഴും നിലനില്‍ക്കുകയാണ്. സാധാരണ നടക്കാറുള്ള പോലീസ് അന്വേഷണവും കാര്യമായി നടന്നില്ല. ആറായിരം ടണ്‍ റബ്ബറൈസ്ഡ് കൊയര്‍ ബ്ലോക്ക്സ് തയ്യാറാക്കാന്‍ കപ്പാസിറ്റിയുള്ള ഇവിടെ മൂന്ന് ഒറീസ സ്വദേശികള്‍ ഉള്‍പ്പെടെ നുറ്റമ്പതോളം തൊഴിലാളികളാണുള്ളത്. കമ്പനിക്കെതിരെ ജപ്തി ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ പ്രവേശിച്ചതോടെ തൊഴിലാളികള്‍ വിഷമത്തിലായിരിക്കുകയാണ്. കണ്ണൂരിലെ റബ്കോയുടെ കേന്ദ്ര ഓഫീസിനു പുറമേ പാമ്പാടിയിലെ യൂണിറ്റാണ് ഇപ്പോള്‍ ജപ്തിക്ക് വിധേയമായിരിക്കുന്നത്.
‘റബ്കോ’ ഒരു ലിക്വിഡേഷന്റെ വക്കിലാണെന്ന തിരിച്ചറിവ് ഇതിനകം തന്നെ തൊഴിലാളികള്‍ക്ക് ഇടയില്‍ ശക്തമായി കഴിഞ്ഞു. കമ്പനിയില്‍ ശരിയായ നിലയിലുള്ള ഓഡിറ്റിംഗ് നടന്നിട്ട് ഏതാണ്ട് ഒന്‍പത് വര്‍ഷമായെന്നും തൊഴിലാളികള്‍ പറയുന്നു.
മിനിമം വേജസ് ആക്ട് നടപ്പാക്കിയിട്ടുള്ള റബ്കോയില്‍ ആറു ദിവസം ജോലി ചെയ്താല്‍ ഏഴാം ദിവസം വേതനത്തോടു കൂടിയ അവധി അനുവദിക്കണമെന്നത് നാളിതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല. സിഐടിയു നേതൃത്വത്തിലുള്ള ഏകയൂണിയനാണ് ഇവിടെയുള്ളത്. ഇതിന്റെ സംസ്ഥാന സമ്മേളനം രണ്ടു വര്‍ഷം കുടുമ്പോള്‍ നടത്തി ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നാണ് ചട്ടം. മാനേജ്മെന്റും യൂണിയനും ഒന്നായതുകൊണ്ട് സമ്മേളനം നടന്നിട്ട് നാലു വര്‍ഷവും ഒന്‍പത് മാസവും പിന്നിട്ടു. വ്യവസ്ഥാപിതമായി യൂണിയന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞ് തൊഴിലാളികള്‍ മാസവരി നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് ഒരുവര്‍ഷത്തെ തുക ഒന്നിച്ച് ഈടാക്കാന്‍ ശ്രമം നടന്നെങ്കിലും എതിര്‍പ്പു മൂലം വിജയിച്ചില്ല. വായ്പയെടുത്താല്‍ തിരിച്ചടക്കാറില്ലാത്ത റബ്കോ ഭരണ നേതൃത്വം തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട വേതനവും, അവകാശങ്ങളും നിഷേധിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ പാര്‍ട്ടിക്കു വഴങ്ങി നിശബ്ദരായി പണിയെടുത്തിരുന്ന തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും ആശങ്കയുടെ നിഴലിലാണ്. പുതിയ തൊഴില്‍ മേഖല തേടിപ്പോകുന്ന ചിന്തകളും ഇതിനുള്ളില്‍ വര്‍ധിച്ചിട്ടുണ്ട്.
സിപിഎമ്മിന്റെ നിരവധി ലോക്കല്‍ സെക്രട്ടറിമാരും ഏരിയാകമ്മറ്റി അംഗങ്ങളും റബ്കോയിലെ സ്ഥിരം ജീവനക്കാരാണ്. കണ്ണൂര്‍ക്കാരാണ് പാമ്പാടി യൂണിറ്റില്‍ കുടുതലായും ജോലി ചെയ്യുന്നത്. തദ്ദേശീയരും അഭ്യസ്തവിദ്യരുമായ സിപിഎം പ്രവര്‍ത്തകരെ കാര്യമായി ഇവിടെ പരിഗണിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളിലും ശക്തമായ അഭിപ്രായ ഭിന്നതയുണ്ട്. മാനേജ്മെന്റ് സ്റ്റാഫുകള്‍ 14,000 മുതല്‍ 50,000 രുപവരെ പ്രതിമാസം ശമ്പളം വാങ്ങുമ്പോള്‍ തൊഴിലാളികള്‍ക്ക് പ്രതിദിനം 230 മുതല്‍ 285 രൂപവരെയാണ് ലഭിക്കുന്നത്.
റബ്കോ നിലനിന്നു കാണാന്‍ ആഗ്രഹമുണ്ടെന്നും അതുകൊണ്ട് 1997 മുതല്‍ നാളിതുവരെയുള്ള റബ്കോയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമോ അല്ലെങ്കില്‍ സിബിഐ അന്വേഷണമോ നടത്താനുള്ള ആര്‍ജ്ജവം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് തൊഴിലാളികളില്‍ നല്ലൊരു വിഭാഗവും ആഗ്രഹിക്കുന്നത്. ഒരു പറ്റം വെള്ളാനകളുടെ മേച്ചില്‍പ്പുറമായി ‘റബ്കോ’ മാറിയിരിക്കുകയാണെന്നും തൊഴിലാളികള്‍ അമര്‍ഷത്തോടെ പറയുന്നു.
സഹകരണ മേഖലയില്‍ ആയിരക്കണക്കിന് പേര്‍ക്ക് ജോലി വാഗ്ദാനവുമായി ആരംഭിച്ച സ്ഥാപനം കുറേയേറെ പാര്‍ട്ടി സഖാക്കള്‍ക്ക് തുടക്കത്തില്‍ ജോലി നല്‍കി. എന്നാല്‍ മതിയായ വേതനം ഉറപ്പാക്കുന്നതിനോ പിഎഫ് അടക്കമുളള തൊഴിലാളി ക്ഷേമപദ്ധതികളില്‍ ശരിയായ രീതിയില്‍ പണം നിക്ഷേപിക്കുന്നതിനോ തയ്യാറാവുന്നില്ലെന്ന് സ്ഥാപനത്തിലെ സിഐടിയു യൂണിയന്‍ നേതാക്കള്‍ തന്നെ രഹസ്യമായി കുറ്റപ്പെടുത്തുന്നു. റബ്കോയ്‌ക്കു കീഴില്‍ സൈക്കിള്‍, ടയര്‍, ഫര്‍ണിച്ചര്‍ തുടങ്ങി വിവിധ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒട്ടുമിക്കതും വന്‍ നഷ്ടത്തിലാണ്. സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള കാര്യക്ഷമമല്ലാത്ത നടത്തിപ്പ് മൂലം പാര്‍ട്ടിക്കു തന്നെ ഇത്തരം സ്ഥാപനങ്ങള്‍ വന്‍ ബാധ്യതയും നാണക്കേടും വരുത്തിവെച്ചിരിക്കുകയാണെന്ന് പാര്‍ട്ടി സഖാക്കള്‍ തന്നെ പരസ്യമായി പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
ഗണേഷ് മോഹന്‍ (നാളെ: പരിയാരത്ത് ആര് ആരെ പഴിചാരും ?)
പ്രതികരിക്കാൻ ഇവിടെ എഴുതുക