പ്യോങ്യാംഗ്: ദക്ഷിണ കൊറിയയിലെ വിദേശ സ്ഥാപനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഉത്തര കൊറിയയുടെ ജാഗ്രതാ നിര്‍ദേശം. സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ ദക്ഷിണ കൊറിയ വിടണമെന്നാണ് ഉത്തര കൊറിയയുടെ നിര്‍ദേശം. ആണവ യുദ്ധമുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
14 ലക്ഷത്തോളം വിദേശ പൗരന്മാരാണ് ദക്ഷിണ കൊറിയയിലുള്ളത്. അതേസമയം, യുദ്ധമുണ്ടാകുന്നപക്ഷം സ്വന്തം പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ഉത്തര കൊറിയ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊറിയ-ഏഷ്യ പസഫിക് സമാധാന കമ്മിറ്റിയെ ഉദ്ധരിച്ച് കെസിഎന്‍എ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിദേശികളായ പൗരന്മാര് യുദ്ധത്തിന്റെ ഇരയാവാതിരിക്കാനാണ് ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പ് നല്‍കുന്നതെന്ന് ഔദ്യാഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതിനു മുന്‍പും ഉത്തര കൊറിയ ഈ വിധത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ ഭീതിജനിപ്പിക്കാന് വേണ്ടി മാത്രമാണ് ഇത്തരം പ്രസ്താവനകളെന്ന് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വിവിധ രാജ്യങ്ങളിലെ സ്ഥാനപതികളോട് സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞയാഴ്ച ഉത്തര കൊറിയ നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: