ജയ്പുര്‍: കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ച് രാജസ്ഥാന്‍ റോയല്‍സ് രാജകീയ വിജയം സ്വന്തമാക്കി. ഐപിഎല്ലില്‍ പ്രഥമ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ ഐപിഎല്ലിലെ ഈ സീസണിലെ തുടര്‍ച്ചയായ രണ്ടാ വിജയമാണിത്. ഇംഗ്ലീഷ് താരം ഇയന്‍ മോര്‍ഗന്‍ നേടിയ അര്‍ധസെഞ്ച്വറിക്കും(38 പന്തില്‍ 51) കൊല്‍ക്കത്തയെ രക്ഷിക്കാനായില്ല. ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് ബ്രാഡ് ഹോഡ്ജ്(31 പന്തില്‍ പുറത്താവാതെ 46), അജിങ്ക്യ രഹാനെ(36) എന്നിവരുടെ ബാറ്റിങ് കരുത്തില്‍ 144 റണ്‍സ് നേടി. കൊല്‍ക്കത്ത 19 ഓവറില്‍ 125 റണ്‍സിന് പുറത്തായി.മൂന്ന് വിക്കറ്റെടുത്ത സിദ്ധാര്‍ഥ് ത്രിവേദിയാണ് മാന്‍ ഓഫ് ദ മാച്ച്. സ്‌കോര്‍: രാജസ്ഥാന്‍ 20 ഓവറില്‍ 6ന് 144; കൊല്‍ക്കത്ത 19 ഓവറില്‍ 125ന് പുറത്ത്.
145 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ കൊല്‍ക്കത്ത 56 റണ്‍സെടുക്കുമ്പോഴേക്കും ആറു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരാജയം ഉറപ്പിച്ചതാണ്. എന്നാല്‍ ഉറച്ച തോല്‍വിയില്‍ നിന്നും മോര്‍ഗന്റെ വമ്പന്‍ അടികള്‍ കൊല്‍ക്കത്തയുടെ വിജയപ്രതീക്ഷ ജ്വലിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മൂന്നു സിക്‌സറും മൂന്നു ബൗണ്ടറിയും പറത്തി മോര്‍ഗന്‍ നിലയുറപ്പിച്ചപ്പോള്‍ കൊല്‍ക്കത്ത വിജയം നേടുമെന്ന് തോന്നി. എന്നാല്‍ 19ാം ഓവറിലെ ആദ്യ പന്തില്‍ കെവണ്‍ കൂപ്പറെ സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച് മോര്‍ഗന്‍ മടങ്ങിയതോടെ രാജസ്ഥാന്‍ വിജയം ഉറപ്പിച്ചു. ആ ഓവറില്‍ തന്നെ കളി അവസാനിക്കുകയും ചെയ്തു.
കഴിഞ്ഞ കളിയില്‍ അര്‍ധശതകം നേടിയ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും(17) വന്‍ അടികള്‍ക്ക് കെല്പുള്ള സറ്റിയൂവര്‍ട്ട് ബിന്നി(14)യും വലിയ സ്‌കോറിലേക്കെത്താതെ പുറത്തായപ്പോള്‍ രാജസ്ഥാന്‍ ചെറിയ സ്‌കോറിലൊതുങ്ങുമെന്ന തോന്നലുയര്‍ന്നു. എന്നാല്‍, അവസരത്തിനൊത്തുയര്‍ന്ന ഓസ്‌ട്രേലയന്‍ താരം ഹോഡ്ജും അപകടകാരിയായ വെസ്റ്റിന്‍ഡീസ് ഓഫ്‌സ്പിന്നര്‍ സുനില്‍ നരെയ്‌നെതിരെ അത്ഭുതപ്പെടുത്തുന്ന ചില ഷോട്ടുകള്‍ പുറത്തെടുത്ത വിക്കറ്റ് കീപ്പര്‍ ദിഷാന്ത് യാഗ്‌നിക്കും തരക്കേടില്ലാത്ത സ്‌കോറിലേക്ക് ടീമിനെ എത്തിച്ചു. ആദ്യ മൂന്ന് ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത നരെയ്ന്‍ അവസാന ഓവറില്‍ 18 റണ്‍സ് വഴങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: