ന്യൂദല്‍ഹി: മൂന്ന് സ്വതന്ത്ര അംഗങ്ങള്‍ സഹാറ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജി വച്ചു. സഹാറയുടെ വിവിധ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നുമാണ് ഇവര്‍ രാജി വച്ചത്. ആര്‍ബിഐ മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ അമിതാഭ ഘോഷ്, സുപ്രീം കോടതി ജഡ്ജ് ആയി ചുമതല വഹിച്ചിരുന്ന എസ്.മോഹന്‍, ന്യൂ ഇന്ത്യ അഷ്യുറന്‍സ് കമ്പനിയുടെ മുന്‍ ചെയര്മാന് എ.സി. മുഖര്‍ജി എന്നിവരാണ് സഹാറ ഗ്രൂപ്പുമായുള്ള സഹകരണം അവസാനിപ്പിച്ചത്.
സഹാറയുടെ ലൈഫ് ഇന്‍ഷുറന്‍സ് സംരംഭമായ സഹാറ ലൈഫിന്റേയും റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ സഹാറ പ്രൈം സിറ്റിയുടേയും ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരുന്നു ഘോഷ്. കൂടാതെ സഹാറ മ്യൂച്ച്വല്‍ ഫണ്ടിന്റെ ട്രസ്റ്റികളുടെ ബോര്‍ഡിലും ഇദ്ദേഹം ഉള്‍പ്പെട്ടിരുന്നു.
സഹാറ ലൈഫിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായിരുന്നു എ.സി. മുഖര്‍ജി. സഹാറ മ്യൂച്വല്‍ ഫണ്ടിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസില്‍ സ്വതന്ത്ര അംഗമായിരുന്നു എസ്.മോഹന്‍. സഹാറ ഗ്രൂപ്പും സെബിയുമായുള്ള പ്രശ്നങ്ങളുടെ പേരിലാണ് മൂവരും രാജി വച്ചിരിക്കുന്നത്. സഹാറയുടെ കീഴിലുള്ള രണ്ട് സ്ഥാപനങ്ങല്‍ മൂന്ന് കോടിയോളം നിക്ഷേപകരില്‍ നിന്നായി 24,000 കോടിയില്‍ അധികം തുക അനധികൃതമായി സമാഹരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഹാറ ഗ്രൂപ്പിന് കീഴിലുള്ള ആസ്തികള്‍ കണ്ടുകെട്ടുന്നതിനാണ് സെബിയുടെ നീക്കം.
സഹാറ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജി വച്ചവര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വ്യക്തപരമായ കാരണത്താലാണ് രാജിയെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: