ബെല്‍ഗ്രേഡ്: സെര്‍ബിയയില്‍ വിമുക്തഭടന് 13 പേരെ വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ടവരില്‍ ആറു പുരുഷന്മാരും ആറു സ്ത്രീകളും രണ്ടു വയസുളള ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു. തലസ്ഥാനമായ ബെല്‍ഗ്രേഡിന് സമീപത്തെ വെലീകാ ഇവാന് എന്ന ഗ്രാമത്തിലായിരുന്നു സംഭവം. ജുബിസ ബോഗ്ദനോവിക് എന്ന 60 കാരനാണ് കൃത്യം നടത്തിയത്. കൊല്ലപ്പെട്ടവര്‍ ഇയാളുടെ ബന്ധുക്കളും അയല്‍ക്കാരുമാണ്.
ഇയാളുടെ അമ്മയും മകനും മരിച്ചവരില്‍ ഉള്‍പ്പെടും. ഇയാളുടെ വീടിന്റെ അയല്‍വക്കത്തുള്ള അഞ്ച് വീടുകളിലെ അംഗങ്ങളാണ് ദുരന്തത്തിന് ഇരകളായത്. ഒടുവില്‍ ഭാര്യയെ വെടിവെച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കാനും ഇയാള്‍ ശ്രമിച്ചു. ഇരുവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വീട്ടിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ഇയാള്‍ അയല്‍വക്കത്തെ വീടുകളിലെത്തി അവരെ വിളിച്ചുണര്‍ത്തി വെടിവെയ്ക്കുകയായിരുന്നു. പലരെയും വാതില്‍ തുറന്നപ്പോള്‍ തന്നെ പ്രതിരോധിക്കാന്‍ പോലും സമയം നല്‍കാതെ വെടിവെയ്ക്കുകയായിരുന്നു. ഇയാള്‍ പ്രകോപിതനാകാനുള്ള കാരണം അറിവായിട്ടില്ല. പൊതുവേ ശാന്തസ്വഭാവക്കാരനായിരുന്നു ഇയാളെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
1991 ല്‍ നടന്ന ക്രൊയേഷ്യന്‍ യുദ്ധത്തില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. 2007 ല്‍ സെര്‍ബിയയില്‍ സമാനമായ സംഭവത്തില്‍ 39 കാരനായ ഒരാള്‍ ഒന്‍പതു പേരെ വെടിവെച്ചുകൊന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: