ഇസ്ലാമാബാദ്: രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നുള്ള വിവിധ ഹര്‍ജികളില്‍ വാദം ആരംഭിച്ച പശ്ചാത്തലത്തില്‍ മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് രാജ്യംവിട്ടു പോകില്ലെന്ന് ഉറപ്പുവരുത്താന്‍ പാക്കിസ്ഥാന് സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര സെക്രട്ടറിയോട് കോടതി ഉത്തരവിട്ടു. ഹര്‍ജികളില്‍ മുഷറഫിന് നോട്ടീസ് അയച്ചിട്ടുണ്ട്.
മുഷറഫിനെതിരായ അഞ്ചു പരാതികളില്‍ ഇന്നലെ പ്രാഥമിക വാദം നടന്നു. 2007ല്‍ ഭരണഘടന വളച്ചൊടിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുഷറഫിനെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നാണ് പരാതിക്കാര്‍ ആവശ്യപ്പെടുന്നത്.
മുഷറഫ് രാജ്യത്ത് മടങ്ങിയെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം 2012ല്‍ പാര്‍ലമെന്റ് പാസാക്കിയെന്നും എന്നാല്‍ സര്‍ക്കാര്‍ അതു നടപ്പാക്കിയില്ലെന്നുമുള്ള വാദമുഖങ്ങളും അവര്‍ നിരത്തി. നിരവധി കേസുകളില്‍പ്പെട്ട മുഷറഫിന് മുന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള ഭരണഘടനാ പരിരക്ഷയ്ക്ക് അര്‍ഹതയില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
2001ല്‍ പട്ടാള അട്ടിമറിയിലൂടെ പാക്കിസ്ഥാനിലെ അധികാരം പിടിച്ചെടുത്ത മുഷറഫ് 2008ല്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് ബേനസീര്‍ ഭൂട്ടോ വധമടക്കമുള്ള കേസുകളില്‍പ്പെട്ട് നാലുവര്‍ഷത്തോളം ദുബായിയിലും ലണ്ടനിലും അഭയംതേടി. കഴിഞ്ഞമാസം രാജ്യത്തു തിരിച്ചെത്തിയ മുഷറഫ് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുക്കുകയാണ്. ചിത്രാല്‍ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേസുകളിലെ കോടതി നടപടി അനുസരിച്ചായിരിക്കും മുഷറഫിന്റെ രാഷ്ട്രീയ ഭാവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: