മലപ്പുറം: ചമ്രവട്ടം അയ്യപ്പക്ഷേത്രം കത്തിനശിച്ച സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും ആഭ്യന്തരമന്ത്രിയും ജില്ലാ പോലീസ് സൂപ്രണ്ടും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം തുടങ്ങിയേടത്തുതന്നെ നില്ക്കുന്നു. 4000 വര്‍ഷത്തിലേറെ പഴക്കം കണക്കാക്കുന്ന ചമ്രവട്ടം ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പൂര്‍ണമായും അഗ്നിക്കിരയാവുകയായിരുന്നു.
മലപ്പുറത്തെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ ഭക്തജനങ്ങളുടെയും ദുഃഖവും പ്രതിഷേധവും ശക്തമായതോടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും മറ്റും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നുവെങ്കിലും പരിശോധനകളുടെ ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആദ്യഘട്ടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആ നിഗമനം തെറ്റാണെന്ന് വ്യക്തമായി. ക്ഷേത്രത്തിലെ വൈദ്യുതി ബന്ധത്തിന് തകരാറൊന്നും സംഭവിച്ചിരുന്നില്ല. ക്ഷേത്രത്തില്‍ പതിവായി കത്തിക്കാറുള്ള ചെരാതുകളില്‍ നിന്ന് തീപടര്ന്നതാകാമെന്ന് പിന്നീട് പറഞ്ഞെങ്കിലും ആ വാദവും പൊളിഞ്ഞു. മേല്‍ക്കൂരയുടെ താഴെ നിന്നല്ല മുകളില്‍ നിന്നാണ് തീ പടര്‍ന്നിട്ടുള്ളത് എന്നതും വ്യക്തമാകുകയായിരുന്നു. ബോധപൂര്‍വ്വം മുകളില്‍ നിന്ന് തീ പടര്‍ത്താന്‍ ആരോ ശ്രമിച്ചതായാണ് ഈ വസ്തുത വെളിപ്പെടുത്തുന്നത്.
ഒരു വര്‍ഷം മുന്‍പാണ് അങ്ങാടിപ്പുറം തളി മഹാദേവക്ഷേത്രത്തിന്റെ ഗോപുരവാതില്‍ സാമൂഹ്യവിരുദ്ധര്‍ തീവച്ച് നശിപ്പിച്ചത്. ഈ സംഭവത്തിലും കുറ്റക്കാരായവരെ കണ്ടെത്താനോ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. തളിക്ഷേത്രത്തിന്റെ ഗോപുരവാതില്‍ പെട്രോള്‍ ഒഴിച്ച് തീവച്ച് നശിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. എന്നിട്ടും പ്രതികളെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതശ്രമം നടത്തിയില്ലെന്ന ആക്ഷേപം നിലനില്ക്കുന്നു.
മലപ്പുറം ജില്ലയില്‍ തീവയ്പ്പുകള്‍ സാമൂഹ്യവിരുദ്ധരുടെയും വര്‍ഗീയ തീവ്രവാദശക്തികളുടെയും പ്രധാന ആയുധമായിട്ട് വര്‍ഷങ്ങളായി. മുമ്പ് ജില്ലയിലെ സിനിമാതീയറ്ററുകളും കച്ചവടസ്ഥാപനങ്ങളും ഇതേരീതിയില്‍ തീവച്ച് നശിപ്പിക്കപ്പെട്ട ചരിത്രമുണ്ട്. ഈ കേസുകളില്‍ ഒന്നിലും യഥാര്‍ഥപ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അന്ന് ഈ കേസുകളിലെ പ്രതികളെ കണ്ടെത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ നടക്കുന്ന രീതിയില്‍ ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമായിരുന്നില്ല എന്നതാണ് വാസ്തവം. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അപകടകരമായ വര്‍ഗീയ ചേരിതിരിവും അസ്വാസ്ഥ്യവും നിലനില്‍ക്കുന്ന ജില്ലയാണ് മലപ്പുറം. ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന സമാധാനാന്തരീക്ഷം കലുഷിതമാക്കാന്‍ ചില വര്‍ഗീയശക്തികള്‍ ആസൂത്രിതമായി ശ്രമം നടത്തുന്നതാണ് ക്ഷേത്രങ്ങള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ വ്യക്തമാക്കുന്നത് എന്നാണ് സൂചന. എന്നാല്‍ ഇതൊക്കെ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: