ബംഗളൂരു: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ രണ്ടാം വിജയവും ആദ്യ ഐപിഎല്ലിലെ ഹാട്രിക് ജയവും തേടി ഹൈദരാബാദ് സണ്‍റൈസേഴ്സ് ഇന്ന് തങ്ങളുടെ മൂന്നാം അങ്കത്തിന് ഇറങ്ങുന്നു. കഴിഞ്ഞ ദിവസം സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ പരാജയപ്പെടുത്തിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സാണ് ഇന്നത്തെ പോരാട്ടത്തിലും സണ്‍റൈസേഴ്സിന്റെ എതിരാളികള്‍. വൈകിട്ട് നാലിനാണ് മത്സരം.
അരങ്ങേറ്റ സീസണില്‍ തന്നെ തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് സംഗക്കാര നയിക്കുന്ന സണ്‍റൈസേഴ്സ് ബാംഗ്ലൂരില്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ ഇറങ്ങുന്നത്. മികച്ച ബാറ്റിംഗ് നിരയാണ് അവരുടെ കരുത്ത്. ക്യാപ്റ്റന്‍ സംഗക്കാര, കാമറൂണ്‍ വൈറ്റ്, തീസര പെരേര, പാര്‍ത്ഥിവ് പട്ടേല്‍, കഴിഞ്ഞ മത്സരത്തിലെ ഹീറോ ഹനുമ വിഹരി എന്നിവരാണ് ബാറ്റിംഗ് നിരയിലെ ശക്തികേന്ദ്രങ്ങള്‍. അതുപോലെ ബൗളിംഗ്നിരയും കരുത്തുറ്റതാണ്. ലോക ക്രിക്കറ്റിലെ എറ്റവും അപകടകാരി സ്റ്റെയിന്, തീസര പെരേര, ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മ്മ, അമിത് മശ്ര എന്നിവരടങ്ങുന്ന ബൗളിങ് വിഭാഗവും സണ്‍ റൈസേഴ്സിന്റെ ശക്തി കേന്ദ്രങ്ങളാണ്.
മറുഭാഗത്ത് ക്രിസ് ഗെയില്‍ എന്ന ഒറ്റയാനെ കേന്ദ്രീകരിച്ചാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ കളി. ഗെയില്‍ മിന്നിയാല്‍ ബാംഗ്ലൂര്‍ ജയിക്കും എന്നതാണ് സ്ഥിതി. ഗെയിലിന് പുറമെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ദില്ഷന്, ഹെന്റിക്വസ് തുടങ്ങിയവരും ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ളവരാണ്. വിനയ്കുമാര്‍ നയിക്കുന്ന ബൗളിങ് വിഭാഗത്തില്‍ സ്പിന്‍ ഇതിഹാസങ്ങളായ ഡാനിയല്‍ വെറ്റോറി, മുത്തയ്യ മുരളീധരന് എന്നിവരുടെ സാന്നിധ്യം സ്വന്തം മണ്ണില്‍ ബാംഗ്ലൂര്‍ ടീമിന് മുന്‍തൂക്കം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: