കോട്ടയം: കിളിരൂര്‍ പീഡനകേസ് വി.എസ്.അച്യുതാനന്ദന് അട്ടിമറിച്ചതായി ശാരിയുടെ അച്ഛന് സുരേന്ദ്രന്. സൂര്യനെല്ലിക്കേസില്‍ കാണിച്ച താല്പര്യം ശാരി മരിച്ച കേസില്‍ വി.എസ്. പ്രകടിപ്പിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കിളിരൂര്‍ പീഡനക്കേസിലെ ശാരിയുടെ മരണ കാരണം കേരളാ പോലീസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കണ്ട് പരാതി നല്കാന് കോട്ടയത്തെ വീട്ടിലെത്തിയതായിരുന്നു സുരേന്ദ്രനും ഭാര്യ ശ്രീദേവിയും. മന്ത്രി സ്ഥലത്തില്ലാതിരുന്നതിനാല്‍ ഇവര്‍ക്ക് നേരില്‍ കാണാന്‍ കഴിഞ്ഞില്ല. നിയമസഭാ സമ്മേളനം നടക്കുന്ന 12ന് തിരുവനന്തപുരത്തെത്തി മന്ത്രിക്ക് പരാതി നല്‍കുമെന്നും, നടപടിയുണ്ടായില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മരണംവരെ സമരമിരിക്കുമെന്നും സുരേന്ദ്രന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സിബിഐ അന്വേഷണം എങ്ങുമെത്താതെ നീണ്ടു പോവുകയാണ്. അവരില്‍ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ല. അതുകൊണ്ടാണ് കേരളാ പോലീസ് അന്വേഷിച്ചാല്‍ മതിയെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കിളിരൂര്‍ കേസിന്റെ കാര്യത്തില്‍ പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ പറഞ്ഞതൊന്നും മുഖ്യമന്ത്രിയായപ്പോള്‍ വി. എസ്. അച്യുതാനന്ദന് ചെയ്തില്ല. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ 24 മണിക്കൂര്‍ കൊണ്ട് വിഐപികള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടുമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. മുഖ്യമന്ത്രിയായിരുന്ന വി. എസിനെ പലപ്രാവശ്യം നേരില്‍ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഒരു പ്രാവശ്യം വി. എസിെന്റ വീട്ടിലെത്തിയ തന്നെയും ഭാര്യ ശ്രീദേവിയേയും ശാരിയുടെ മകള്‍ സ്നേഹയെയും അറസ്റ്റു ചെയ്യാനുള്ള നീക്കമാണ് വി. എസില്‍ നിന്നും ഉണ്ടായതെന്നും സുരേന്ദ്രന് പറഞ്ഞു.
നിലവിലെ സിബിഐ അന്വേഷണത്തില്‍ തൃപ്തിയില്ല. ആദ്യം അന്വേഷിച്ച സംഘം തന്നെയാണ് രണ്ടാമതും അന്വേഷിക്കുന്നത്. ആദ്യ സംഘത്തിന്റെ റിപ്പോര്‍ട്ട് എറണാകുളം സിജെഎം കോടതി മടക്കി പുനരന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇവര്‍ തങ്ങളുടെ മൊഴികള്‍ പരിഗണിക്കുകയോ ശാരിയുടെ മരണകാരണം അന്വേഷിക്കുകയോ ചെയ്തിരുന്നില്ല. മരണകാരണം കണ്ടെത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ എത്തിക്കാന്‍ കഴിയുകയുള്ളു. ഇക്കാര്യത്തില്‍ സിബിഐ സംഘം സ്വാധീനിക്കപ്പെട്ടതായി സംശയിക്കുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: