കോഴിക്കോട്: ആരോഗ്യമേഖലയിലെ വിവിധ വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവരെ ആദരിക്കുന്നതിന് മിംസ് ഹോസ്പിറ്റല്‍ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഡോക്ടര്‍ മിംസ് അവാര്‍ഡ് എന്ന പേരില്‍ ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന മൂന്ന് വ്യത്യസ്ത അവാര്‍ഡുകളാണ് സമ്മാനിക്കുകയെന്ന് മിംസ് ചെയര്മാന് പത്മശ്രീ ഡോ. ആസാദ് മൂപ്പന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കര്‍മ്മ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും ചികിത്സാ സേവനരംഗത്ത് അസാധാരണമായ അര്‍പ്പണബോധം പ്രകടിപ്പിച്ചവരുമായ ഡോക്ടര്‍മാരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ഡോക്ടര്‍ മിംസ് ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് നല്‍കും. ആരോഗ്യ രംഗത്തെ വിപ്ലവകരമായ നൂതന ആശയത്തിനാണ് ഡോക്ടര്‍ മിംസ് ബെസ്റ്റ് ഇന്നവേഷന്‍ അവാര്‍ഡ് സമ്മാനിക്കുക. അച്ചടി-ദൃശ്യ മാധ്യമങ്ങളിലെ മികച്ച ആരോഗ്യ ബോധവത്കരണപരിപാടിയ്ക്കും അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്നത്. അപേക്ഷകള്‍ 25നകം ലഭിക്കണം. കാലിക്കറ്റ് മെഡിക്കല്‍ കോളേജ് മുന്‍പ്രിന്‍സിപ്പലും മിംസ് അക്കാദമി റിസര്‍ച്ച് ഫൗണ്ടേഷന് ക്വാളിറ്റി വിഭാഗം ഡയറക്ടറുമായ പ്രൊഫ. കെ. കാര്‍ത്തികേയ വര്‍മ്മ, കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മെഡിസിന് ഡിപ്പാര്‍ട്ട്മെന്റ് മുന്‍മേധാവി പ്രൊഫ. കെ.വി. കൃഷ്ണദാസ് എന്നിവരടങ്ങുന്നതാണ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി.
മെയ് 11 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡുകള്‍ സമ്മാനിക്കുമെന്നും ഡോ. ആസാദ് മൂപ്പന് കൂട്ടിച്ചേര്‍ത്തു. ഡോ. രമേശ് ഭാസി, മിംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു. ബഷീര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: