കാസര്‍കോട്: അധികാരികള്‍ക്ക് ഇനി വാതിലുകള്‍ തുറന്നിടാം. കൊട്ടിയടച്ച വാതിലുകള്‍ക്ക് മുന്നില്‍ കാരുണ്യത്തിന്റെ കനിവ്തേടി സിനാന്റെ മാതാപിതാക്കള്‍ ഇനിയെത്തില്ല. വിഷമഴയില്‍ കുതിര്‍ന്ന ഏഴ് മാസത്തെ ഹൃദയഭേദകമായ ജീവിതത്തിന് വിരാമമിട്ട് എന്‍ഡോസള്‍ഫാന്‍ ഇരയായ സിനാന് മടങ്ങി… വിഷമഴ നനയാത്ത പുതിയ ലോകത്തേക്ക്.
കാഞ്ഞങ്ങാട് അമ്പലത്തറയിലെ സലാഹുദ്ദീന്-ഫാത്തിമ ദമ്പതികളുടെ ഇളയമകനാണ് സിനാന്. ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ എന്‍ഡോസള്‍ഫാന്‍ ഇരയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. തലവളരുന്ന ഹൈഡ്രോസിഫലസ് എന്ന രോഗം. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ലക്ഷത്തോളം രൂപ മുടക്കി ശസ്ത്രക്രിയ നടത്തി. വിദഗ്ദ്ധ ചികിത്സയ്ക്ക് പിന്നെയും ലക്ഷങ്ങള്‍ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ആകെയുണ്ടായിരുന്ന വീടും സ്ഥലവും മകന്റെ ചികിത്സയ്ക്ക് വില്‍ക്കേണ്ടി വന്ന മാതാപിതാക്കള്‍ നിസ്സഹായരായിരുന്നു. അമ്പലത്തറ ഗവ.ഹയര്‍സെക്കന്ററി സ്കൂളിനുസമീപത്ത് വാടകകെട്ടിടത്തില് കഴിയുമ്പോഴും ചികിത്സയ്ക്ക് പണമുണ്ടാക്കുകയെന്നതായിരുന്നു ഡ്രൈവറായ സലാഹുദ്ദീന്റെ മനസ്സുനിറയെ. എന്നാല്‍ ഇന്നലെ പെട്ടെന്ന് സിനാന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. വൈദ്യശാസ്ത്രത്തിനും നാട്ടുകാര്‍ക്കും ‘അത്ഭുതമാകാന്‍’ നില്‍ക്കാതെ നൊമ്പരമായി സിനാന് വിട പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പുല്ലൂര്‍ പെരിയയിലാണ് അമ്പലത്തറ. എന്നാല്‍ ചില്ലിക്കാശിന്റെ സഹായം പോലും സര്‍ക്കാരില്‍ നിന്നും സിനാന്റെ കുടുംബത്തിന് ലഭിച്ചില്ല. സര്‍ക്കാര്‍ സഹായത്തിന് പരിഗണിക്കുന്ന ദുരിതബാധിതരുടെ ലിസ്റ്റില്‍ സിനാന് ഉള്‍പ്പെട്ടിട്ടില്ലെന്നത് ക്രൂരമായ തമാശയായിരുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ അവസാന മെഡിക്കല്‍ ക്യാമ്പിന് ശേഷം ജനിച്ചു എന്ന കുറ്റമാണ് സിനാന് സഹായങ്ങള്‍ നിഷേധിക്കാന്‍ കാരണമായത്.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: