കാലിഫോര്‍ണിയ: പ്രസിദ്ധ അമേരിക്കന്‍ സുവിശേഷകന് റിക്ക് വാറന്റെ മകന് മാത്യു വാറന്‍ ആത്മഹത്യ ചെയ്തതായി കാലിഫോര്‍ണിയന്‍ പള്ളി ശനിയാഴ്ച വെളിപ്പെടുത്തി. കോടിക്കണക്കിന് പ്രതികള്‍ വിറ്റഴിഞ്ഞ ദി പര്‍പ്പസ് ഡ്രൈവണ്‍ ലൈഫ് എന്ന പുസ്തകത്തിന്റെ രചിയതാവാണ് റിക്ക് വാറന്‍.
അദ്ദേഹത്തിന്റെ 27കാരനായ മകന് മാത്യു വാറന്‍ മാനസിക രോഗവും കടുത്ത വിഷാദരോഗവും മൂലം ജീവിതം മുഴുവന്‍ കഷ്ടപ്പെടുകയായിരുന്നെന്ന് വാറന്റെ സാഡ്ഡില്ബാക്ക് വാലി കമ്മ്യൂണിറ്റി പള്ളി പ്രസ്താവനയില്‍ പറഞ്ഞു. മാത്യു വളരെ നല്ല മനുഷ്യനായിരുന്നെന്നും പക്ഷേ മാനസികരോഗവും വിഷാദരോഗവും അദ്ദേഹത്തെ നിരന്തരം ആത്മഹത്യക്ക് പ്രേരിപ്പിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കി.
മാത്യു വാറന്റെ മൃതദേഹം വെള്ളിയാഴ്ച വസതിയില്‍ കണ്ടെത്തുകയായിരുന്നെന്ന് ഓറഞ്ച് കൗണ്ടിയുടെ കാര്യസ്ഥന് അല്ലിസണ് ഒ’ നീല്‍ പറഞ്ഞു. മൃതദേഹം ശരിയായി പരിശോധിച്ച ശേഷം മാത്രമേ മരണം കാരണം പറയാനാകൂ എന്ന് അവര്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച തനിക്കും ഭാര്യക്കുമൊപ്പം മകന് മാത്യു വളരെ സന്തോഷകരമായി ദിവസം ചെലവിട്ടശേഷമാണ് സ്വന്തം വസതിയിലെത്തി ജീവനൊടുക്കിയിരിക്കുന്നതെന്ന് റിക്ക് വാറന്‍ പള്ളിക്കയച്ച കത്തില്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാത്യു വാറന്‍ അമേരിക്കയിലെ മികച്ച ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു.
മാത്യുവിന് വേണ്ട കൗണ്‍സിലിംഗുകളും മരുന്നുകളും നല്‍കുന്നതിനൊപ്പം നിരവധിപേരുടെ പ്രാര്‍ഥനകളും ഉണ്ടായിരുന്നു. പിതാവ് വോറന് പറഞ്ഞു. “എത്ര വര്‍ഷം മുമ്പ് ആശ്വാസത്തിന് വേണ്ട സമീപനം എങ്ങനെ പരാജയപ്പെട്ടെന്ന് ഞാന്‍ ഒരിക്കലും മറക്കില്ല. ഞാന്‍ സ്വര്‍ഗത്തിലേക്കാണ് പോകുന്നതെന്ന് എനിക്കറിയാം. എന്തുകൊണ്ട് മരണത്തിലൂടെ എനിക്ക് ഈ വേദനയ്ക്ക് അവസാനം കണ്ടു കൂടാ ?” മാത്യുവിന്റെ ഈ വാക്കുകള്‍ പിതാവ് റിക്ക് വാറന്‍ ഉദ്ധരിക്കുന്നു. മറ്റുള്ളവരെ സഹായിക്കാനായി തന്റെ മകന് ഇനിയുമൊരു പതിറ്റാണ്ട് കൂടി ജീവിക്കേണ്ടതായിരുന്നു. മാത്യു വളരെ ദയാലുവും സൗമ്യനും മനസ്സലിവുള്ളവനുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിക്ക് വാറന്‍ 1980ലാണ് സാഡ്ഡില്ബാക്ക് പള്ളി സ്ഥാപിച്ചതെന്ന് അദ്ദേഹത്തിന്റെ വെബ്സൈറ്റില്‍ പറയുന്നു. വര്‍ഷങ്ങള്‍ കൊണ്ട് ഈ സഭയിലെ അംഗസംഖ്യ 20,000മായി വര്‍ധിച്ചു. 2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയ്ക്കും റിപ്പബ്ലിക്കന്‍ എതിരാളി ജോണ്‍ മക്കെയ്നുമായി സംവാദം ഈ സഭ സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷവും അതുപോലൊരു പരിപാടിയില്‍ ഒബാമയെയും റിപ്പബ്ലിക്കന്‍ നോമിനി മിറ്റ് റോമ്നിയെയും പങ്കെടുപ്പിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും പ്രചാരണം കൂടുതല്‍ മോശമായെന്ന് പറഞ്ഞ് വാറന്‍ ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: