കണ്ണൂര്‍: കണ്ണൂരില്‍ നടന്നുവരുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനത്തില്‍ പുതിയ അഖിലേന്ത്യാ കൗണ്‍സിലിന്റെയും എക്സിക്യൂട്ടീവ് കമ്മറ്റിയുടെയും ഭാരവാഹികളുടെയും പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ ഇത് സംബന്ധിച്ച് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ സമവായമുണ്ടാക്കാനായില്ലെന്ന് സൂചന. 450 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെയും 125 അംഗങ്ങളും 35 ഭാരവാഹികളും ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയേയുമാണ് തെരഞ്ഞെടുക്കേണ്ടത്. ഇതില്‍ സംസ്ഥാനങ്ങളിലെ സിഐടിയു അംഗസംഖ്യയുടെ ആനുപാതികമായാണ് കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും അടക്കമുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയും തുടര്‍ന്ന് നടക്കുന്ന ജനറല്‍ കൗണ്‍സില്‍യോഗമാണ് തെരഞ്ഞെടുക്കേണ്ടത്.
പല സംസ്ഥാനങ്ങളില്‍ നിന്നും ദേശീയ ജനറല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടവരെ ചൊല്ലിയും ഭാരാവാഹികളെ ചൊല്ലിയും സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ചും യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റിയും ഇന്നലെ രാത്രി വൈകിയും നേതാക്കള്‍ തമ്മില്‍ സമവായത്തിലെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു. കേരളം, പശ്ചിമബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ജനറല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടവരെ ചൊല്ലി ആശയക്കുഴപ്പം നിലനില്‍ക്കുന്നതായും സൂചനയുണ്ട്. സമ്മേളനത്തിന്റെ രണ്ടാംദിവസം തൊട്ട് സിഐടിയു കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഭാരവാഹികളുടെയും കൗണ്‍സിലില്‍ ഉള്‍പ്പെടുത്തേണ്ടവരുടെയും പട്ടിക പാനല്‍ അവതരിപ്പിച്ച് ഐകകണ്ഠേന തെരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കി വരികയായിരുന്നു. എന്നാല്‍ പശ്ചിമബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരുകളെ ചൊല്ലി അഭിപ്രായ ഭിന്നത നിലനില്‍ക്കുകയാണ്.
കേരളത്തിലെ സിപിഎമ്മിന്റെ ഔദ്യോഗിക വിഭാഗം മറുപക്ഷത്തുള്ളവര്‍ ട്രേഡ് യൂണിയന്റെ തലപ്പത്ത് എത്താതിരിക്കാന്‍ സമ്മേളനത്തിനു മുമ്പു തന്നെ നീക്കം ആരംഭിച്ചതായി ആരോപണമുണ്ട്.
നിലവില്‍ അഖിലേന്ത്യാ പ്രസിഡന്റായി തുടരുന്ന ചെന്നൈയിലാണ് താമസമെങ്കിലും മലയാളിയായ എ.കെ. പത്മനാഭന്, ജനറല്‍ സെക്രട്ടറി പശ്ചിമബംഗാള്‍ സ്വദേശി തപെന്സെന് എന്നിവര്‍ തല്‍സ്ഥാനങ്ങളില്‍ തുടരണമെന്ന് ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടുവെങ്കിലും ബംഗാളില്‍ നിന്നുമുള്ള ചില പ്രതിനിധികള്‍ ട്രേഡ് യൂണിയന് തലപ്പത്ത് എല്ലാക്കാലത്തും ചില നേതാക്കള്‍ ഇരിപ്പുറപ്പിക്കുന്നത് ഗുണംചെയ്യില്ലെന്ന് അഭിപ്രായപ്പെടുകയുണ്ടായി. സംസ്ഥാന നേതൃത്വങ്ങളെയും സംഘടനകളെയും വേണ്ടത്ര ഗൗനിക്കാതെ മുന്നോട്ടുപോവുകയാണ് പലപ്പോഴും ജനറല്‍ സെക്രട്ടറി എന്ന ആരോപണം ബംഗാളില്‍ നിന്നുള്ള ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സിപിഎം പോളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എ.കെ. പത്മനാഭന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാതായും സൂചനയുണ്ട്.
ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് കൃത്യമായ പ്രവര്ത്തനമാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് മെമ്പര്‍മാര്‍ ആവശ്യപ്പെട്ടതായും അറിയുന്നു. ചുരുക്കത്തില്‍ കൗണ്‍സില്‍ ഭാരവാഹി തെരഞ്ഞെടുപ്പുകള്‍ നേതൃത്വത്തിനു മുന്നില്‍ അവസാനനിമിഷം കീറാമുട്ടിയായി മാറിയിരിക്കുകയാണെന്നാണ് സമ്മേളന നഗരിയില്‍ നിന്നും ലഭിക്കുന്ന വിവരം. അഖിലേന്ത്യാ തെരഞ്ഞെടുപ്പുകള്‍ എല്ലാകാലത്തും സമവായത്തിന്റെ അടിസ്ഥാനത്തില്‍ നടക്കാറുള്ളതിനാല്‍ മത്സരങ്ങള്‍ക്ക് വഴിവെക്കാതെ ഐകകണ്ഠേന പ്രഖ്യാപനം നടത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ് സിഐടിയു, സിപിഎം നേതൃത്വങ്ങള്‍.
ഗണേഷ്മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: