ചിറ്റൂര്‍: എബിടി ഫ്രൂട്ട് ഡ്രിംഗ്സ് കമ്പനിക്ക് നല്കിയ അനുമതി റദ്ദുചെയ്യുന്നത് പഞ്ചായത്തില്‍ ഇന്നു ചേരുന്ന അടിയന്തരയോഗത്തില്‍ തീരുമാനമാകും.കഴിഞ്ഞ രണ്ടുമൂന്നുദിവസങ്ങളായുള്ള പ്രതിഷേധങ്ങളും ഭാവിയില്‍ ഭീമമായ ജലചൂഷണം നടത്തുമെന്ന് കണക്കിലെടുത്താണ് കമ്പനിക്ക് നല്കിയ അനുമതി റദ്ദുചെയ്യാന്‍ തീരുമാനമായത്.ഗോപാലപുരം വണ്ണാമട അഞ്ചാംമെയിലില്‍ പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്ന എബിടി ജ്യസ് കമ്പനിക്ക് 728.52 കുതിരശക്തി മോട്ടോര്‍ സ്ഥാപിക്കുന്നതിനായി അനുമതി തേടിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 26ന് ചേര്ന്നഭരണസമിതി ഇതിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.സംഭവം വിവാദമായതോടെയാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനം പുനപരിശോധിക്കുന്നത്.
കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് സ്വകാര്യ വ്യക്തിക്ക് ദിനംപ്രതി നാലര ലക്ഷം ലിറ്റര്‍ വെള്ളം ഊറ്റിയെടുക്കാന്‍ അനുവാദം നല്‍കിയതിനെതിരെ വിവിധരാഷ്ട്രീയ പാര്‍ട്ടികള്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.728എച്ച്പി മോട്ടോര്‍ ഉപയോഗിച്ച് കുഴല്‍കിണറിലൂടെ ദിനം പ്രതി നാലരലക്ഷം ലിറ്റര്‍ വെള്ളമൂറ്റിയെടുക്കാന് അനുവദിച്ചാല്‍ കൊഴിഞ്ഞാമ്പാറ മറ്റൊരു പ്ലാച്ചിമടയാകുമെന്നും ചിറ്റൂര്‍ താലൂക്കിനെ മരുഭൂമിയാക്കാന്‍ സമ്മതിക്കില്ലെന്നും മാര്‍ച്ചിന് നേതൃത്വം നല്കിയ ബിജെപി,ഡിവൈഎഫ്ഐ,സോഷ്യലിസ്റ്റ് യുവജനത,സിപിഐ,കര്‍ഷകസമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
പരമാവധി 100പേര്‍ക്ക് തൊഴില്‍ നല്കുന്ന സ്ഥാപനമാണെന്നു കാണിച്ചാണ് മൂലത്തറ വലതുകനാലിന്റെ സമീപത്ത് കമ്പനി അനുമതി തേടിയത്.പെരുമാട്ടി,പട്ടഞ്ചേരി,കൊഴിഞ്ഞാമ്പാറ,എരുത്തേമ്പതി,വടകരപ്പതി പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം നടത്തുന്ന കുന്നങ്കാട്ടുപതി, റഗുലേറ്ററിന് സമീപത്താണ് സോയ,മാങ്ങ,ഓറഞ്ച് എന്നിവയില്‍ നിന്ന് സിറപ്പ് നിര്‍മ്മിക്കുന്ന സ്ഥാപിക്കാന്‍ നീക്കമാരംഭിച്ചത്.മലിനീകരണ നിയന്ത്രണബോര്‍ഡ് ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ നിന്നും അനുമതി ലഭിക്കുന്നതിന് മുമ്പാണ് പഞ്ചായത്ത് ഭരണസമിതി കമ്പനിക്ക് അനുകൂലമായ തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: