നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇടപ്പള്ളി രാജവംശത്തിന്റെ അധീനതയിലുണ്ടായിരുന്ന പുതുക്കുളങ്ങര ദേശം (പൊറ്റക്കുഴി മുതല്‍ വടക്കോട്ട് താന്നിക്കല്‍ വരെയും പേരണ്ടൂര്‍ കനാലിന് കിഴക്കുഭാഗം) തന്റെ ആതിഥേയരായി വന്ന വൈശ്യഗൗഡ സാരസ്വതര്ക്ക് നല്‍കുകയും അവര്‍ ഓരോ കുടുംബാംഗങ്ങളായി ദേവതകളേയും ദേവന്മാരേയും ആരാധിച്ചുവരികയും ചെയ്തുപോന്നു. അതില്‍ ‘പുതുക്കുളങ്ങര’ കുടുംബക്കാരുടെ കൈവശം ഉണ്ടായിരുന്ന വസ്തുക്കള്‍ വില്‍ക്കുകയും അതിലൊരു ഭാഗം അയോദ്ധ്യാ പ്രിന്റേഴ്സ് മാതൃകാപ്രചരണാലയം എന്നീ കമ്പനികളുടെ കൈവശം വരികയും ചെയ്തു. ഈ വസ്തുവില്‍, ദുര്‍ഗ്ഗാദേവിയുടേയും സര്‍പ്പങ്ങളുടേയും വിഗ്രഹങ്ങളും ഉണ്ടായിരുന്നു. അയോദ്ധ്യാ പ്രിന്റേഴ്സും മാതൃകാ പ്രചരണാലയ(ജന്മഭൂമി)വും പ്രവര്‍ത്തനം ആരംഭിച്ച് അധികം താമസിയാതെ സംഭവിച്ചുകൊണ്ടിരുന്ന പല ദുര്‍നിമിത്തങ്ങളും, ശ്രദ്ധയില്‍ പെടാതെ, ആചരണമില്ലാതെ കിടന്ന സൂക്ഷ്മ ശക്തികളാലാണെന്ന് പ്രശ്നവശാല്‍ കണ്ടതനുസരിച്ച്, കമ്പനി വക സ്ഥലത്ത് ഇവയുടെ പ്രതിഷ്ഠ നടത്തുകയും മാസപൂജ നടത്തിവരികയും ചെയ്തിരുന്നു.
1996 ല്‍ അയോദ്ധ്യാ പ്രിന്റേഴ്സിലുണ്ടായ അഗ്നിബാധയും ജന്മഭൂമിയുടെ പ്രവര്‍ത്തനത്തിലെ മ്ലാനതയും തൊട്ടടുത്തുള്ള കാര്യാലയത്തിലെ താമസക്കാരായവര്‍ക്ക് കഷ്ടതകളും രാഷ്ട്രധര്മ്മപരിഷത്തിന്റെ കീഴിലുള്ള സരസ്വതി വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സങ്ങളും തുടര്‍ച്ചയായി അനുഭവപ്പെട്ട സാഹചര്യം വിശദമായ ഒരു പ്രശ്നചിന്തയിലേക്കാണ് എത്തിച്ചേര്‍ന്നത്. ദേവിയുടെ അനിഷ്ടങ്ങളും സര്‍പ്പകോപങ്ങളും യഥാവിധി പരിഹരിക്കേണ്ടതാണെന്നും ആയതിന് പ്രത്യേക ക്ഷേത്രവും നിത്യപൂജകളുമല്ലാതെ വഴിയില്ലെന്നും കണ്ടു. പ്രാന്തപ്രചാരകായിരുന്ന എ.ഗോപാലകൃഷ്ണന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ ആണ് പ്രശ്നവിചിന്തനം നടന്നത്.
രാഷ്ട്രധര്മ്മപരിഷത്ത് വശം ഇരിക്കുന്ന (ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം) സ്ഥലത്ത് ഉണ്ടായിരുന്ന വീട് പൊളിച്ചുമാറ്റി പടിഞ്ഞാറ് ദര്‍ശനമായി ക്ഷേത്രം പണിയുവാനും അയോദ്ധ്യാ പ്രിന്റേഴ്സില്‍ സ്ഥാപിച്ചിരുന്ന വിഗ്രഹ ചൈതന്യങ്ങളെ ആവാഹിച്ച് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനും തീരുമാനമായി. മുതിര്‍ന്ന സംഘപ്രചാരകനും കാര്യാലയ പ്രമുഖുമായിരുന്ന പുരുഷോത്തമന്, പാവക്കുളം മേല്‍ശാന്തിയായിരുന്ന പുരുഷോത്തമന് എമ്പ്രാന്തിരി എന്നിവര്‍ രക്ഷാധികാരിമാരായും അഡ്വ.ശ്രീകുമാര്‍ (പ്രസിഡന്റ്) ശശീന്ദ്ര ഷേണായ്(ജനറല്‍ സെക്രട്ടറി) പ്രസാദ് (ഖജാന്‍ജി) നിര്‍വാഹക സമിതിയംഗങ്ങളായും ഒരു കമ്മറ്റി രൂപീകരിച്ച് ക്ഷേത്രനിര്‍മാണം ആരംഭിച്ചു.
2007 ജൂണ്‍ 23, 24, 25 (1182 മിഥുനം 8, 9, 10) തീയതികളില്‍ ബ്രഹ്മശ്രീ പുലിയന്നൂര്‍ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രതിഷ്ഠയും തുടര്‍ന്നുള്ള ചടങ്ങുകള്‍ നടത്തുകയും ചെയ്തു. പ്രധാന ദേവതയായ ദുര്‍ഗ്ഗാദേവിക്ക് പുറമെ വടക്ക് പടിഞ്ഞാറ് ഭദ്രകാളിയും തെക്ക് പടിഞ്ഞാറ് ശാസ്താവും വടക്ക് കിഴക്ക് സര്‍പ്പങ്ങളും പ്രതിഷ്ഠിക്കപ്പെട്ടു.
എല്ലാ മിഥുനമാസത്തിലെ ചോതിക്ക് പ്രതിഷ്ഠാദിന ചടങ്ങുകളും ആഘോഷങ്ങളും നടന്നുവരുന്നു. പുതുക്കുളങ്ങര കുടുംബക്കാര് മുന്‍കൈ എടുത്ത് അന്നദാനവും നടത്തിവരുന്നു.
പ്രവര്‍ത്തക സമിതി അംഗങ്ങള്‍:
രക്ഷാധികാരിമാര്‍: സര്‍വശ്രീ കെ.പുരുഷോത്തമന്, പുരുഷോത്തമന് എമ്പ്രാന്തിരി, (പ്രസിഡന്റ്) കാട്ടായില്‍ ഉണ്ണികൃഷ്ണന്, സെക്രട്ടറി: ശശീന്ദ്ര ഷേണായി, പുതുക്കുളങ്ങര ശകുന്തളാ ദേവി കമ്മറ്റിയംഗം.
സുധാലയം കണ്ണന്റെ കാര്‍മികത്വത്തില്‍ നിത്യനിദാനങ്ങളും പൂജകളും നടന്നുവരുന്നു. നവരാത്രി ദിവസങ്ങളില്‍ പ്രത്യേകപൂജകളും എല്ലാ ആയില്യത്തിനും സര്‍പ്പങ്ങള്‍ക്ക് വിശേഷാല്‍ പൂജയും നടന്നുവരുന്നു.
ഇ.ഡി.ശശീന്ദ്രന് ജന: സെക്രട്ടറി-പുതുക്കുളങ്ങര ദുര്‍ഗ്ഗാ ക്ഷേത്ര സമിതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: