രാഷ്ട്രധര്മപരിഷത്തിന്റെ പേരില്‍ ആദ്യം വാങ്ങിയത് 42 സെന്റ് സ്ഥലമാണെന്ന് പറഞ്ഞുവല്ലൊ. പിന്നീട് കുറച്ച് സ്ഥലം കൂടി കിട്ടി. ഏകദേശം ഒരുഏക്കര്‍. ഈ സ്ഥലവും കൂടി വാങ്ങിയതിന് ശേഷം കാര്യാലയ നിര്‍മാണത്തിന് വിഭവ സമാഹരണവും മറ്റ് ആലോചനകളും തുടങ്ങി. ഹരിയേട്ടന് പരിഷത്തിലെ ട്രസ്റ്റ് അംഗമായി ചേര്‍ക്കപ്പെട്ടു. ഈ കാലത്ത് പൂജനീയ ഗുരുജിയുടെ സന്ദര്‍ശനം വന്നപ്പോള്‍ എറണാകുളം ജില്ലയുടെ ജില്ലാ സാംഘിക് സ്വന്തം സ്ഥലത്ത് ആകണമെന്ന ആഗ്രഹമുണ്ടായി. അങ്ങനെ ഗുരുജിയുടെ പാദസ്പര്‍ശം ഏല്‍ക്കാനുള്ള ഭാഗ്യവും ഇന്നത്തെ കാര്യാലയ സ്ഥലത്തിനുണ്ടായി. ഇടതൂര്‍ന്ന് നില്ക്കുന്ന കേരവൃക്ഷങ്ങള്‍ കണ്ട ഗുരുജി നിങ്ങളിവിടെ എവിടെയാണ് കാര്യാലയം നിര്‍മിക്കുക. ഈ വൃക്ഷങ്ങളൊക്കെ കളയേണ്ടിവരില്ലെ എന്ന് ചോദിച്ചിരുന്നു. ചില തെങ്ങുകളൊക്കെ മറ്റീവ്ക്കാമെന്ന് പറഞ്ഞപ്പോള്‍ ഗുരുജി പറഞ്ഞു. ‘കായ്ച്ച വൃക്ഷങ്ങള്‍ മാറ്റിവെച്ചാലും കാര്യമില്ല’ എന്ന്. ഏതായാലും ഗുരുജിയുടെ വാക്കുകളെ ശിരസാവഹിച്ചുകൊണ്ട് ചുറ്റുപാടും നിന്ന ഒരു തെങ്ങുപോലും കളയാതെ, ചുരുങ്ങിയ എണ്ണം മാത്രം നീക്കം ചെയ്ത് കാര്യാലയ പണി ആരംഭിച്ചു. പ്രാന്തസംഘചാലക് ആയിരുന്ന സ്വര്‍ഗീയ ഗോവിന്ദ മേനോന് ശിലാന്യാസം നടത്തി. കാര്യാലയ രൂപകല്‍പ്പനയുടെ രൂപീകരണത്തിനായി സ്വര്‍ഗീയ ഭാസ്കര്‍റാവുജിയും ഹരിയേട്ടനും വെങ്കിടേഷ് ഷേണായിയും ബാംഗ്ലൂര്‍ പോയി കാര്യാലയ മാതൃക നോക്കിക്കണ്ടു. തിരികെ വന്ന് ബില്‍ഡിംഗ് പ്ലാന്‍ തയ്യാറാക്കാന്‍ കൊച്ചിന് പോര്‍ട്ട്ട്രസ്റ്റിലെ സര്വയറായിരുന്ന ഐ.ഡി.മേനോനെ (ദാമോദരന്‍)ചുമതല ഏല്‍പ്പിച്ചു. വിനയാന്വിതനും കഠിന പരിശ്രമിയുമായിരുന്ന ശ്രീ ഐ.ഡി.മേനോനും ചന്ദ്രശേഖര സ്വാറും ചേര്‍ന്ന ടീമിന്റെ മേല്‍നോട്ടത്തില്‍ ദ്രുതഗതിയില്‍ പണി ആരംഭിച്ചു. ഒറിജിനല്‍ ഡിസൈനില്‍നിന്നും സൗകര്യങ്ങള്‍ കണക്കിലെടുത്ത് ചില പരിഷ്ക്കാരങ്ങളെല്ലാം വരുത്തിയാണ് പണിയാരംഭിച്ചത്. ആലുവായിലെ പഴയകാല സ്വയംസേവകായ ശ്രീ ഗോപാലകൃഷ്ണ(മണി)നാണ് പ്ലാനിന് അന്തിമരൂപം നല്‍കിയത്. 72-73 കാലം, സിമന്റിന് വലിയ ക്ഷാമമുള്ള കാലമായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടായിരുന്നതുകൊണ്ട് തമിഴ്നാട്ടില്‍നിന്ന് സിമന്റ് കൊണ്ടുവരേണ്ടിവന്നു. സിമന്റ് സംഘടിപ്പിക്കാന്‍ ഭാസ്കര്‍ റാവുജി ചുമതലപ്പെടുത്തിയതോ ഭാസ്കര്‍ജിയെ. സിമന്റ് അന്വേഷിച്ചുള്ള യാത്രയും അനുഭവങ്ങളും ഭാസ്കര്‍ജിയുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവ് വരെ ഉണ്ടാക്കി അദ്ദേഹത്തിന്റെ ഉപാസനയും മറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണത്. ഈ യാത്രയിലാണ് ഭാസ്കര്‍ജി തന്റെ ആത്മീയഗുരുവിനെ രാമേശ്വരത്ത് വച്ച് കണ്ടത് എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. എറണാകുളത്തെ ഇരുമ്പുവ്യാപാരി എസ്.എന്‍.വാദ്ധ്യാരില്നിന്നും കമ്പി. ആലുവായിലെ സ്വയംസേവക് രഘു ഇഷ്ടികയും മറ്റ് സാധന സാമഗ്രികളും സപ്ലൈ ചെയ്തു. സാധന സാമഗ്രികള്‍ സ്റ്റോക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അത് നോക്കാനും നിര്‍മാണപ്രവര്‍ത്തനം സൂപ്പര്‍വൈസ് ചെയ്യാനുമായി ഒരാള്‍ വേണമെന്ന ആവശ്യം വന്നു. പാലക്കാട് സ്വയംസേവകനും ചാവക്കാട് പ്രചാരകനുമായിരുന്ന രാമന്‍കുട്ടിയെന്ന കുടുസാര്‍ എറണാകുളത്തെത്തുന്നത് അങ്ങനെയാണ്.
ശരിയായ പേര് രാമന്‍കുട്ടി. പാലക്കാട് മൂത്താന്തറയിലെ സ്വയംസേവകന്. പച്ചക്കറി കച്ചവടമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം കഷ്ടി. എളമക്കരയിലെ ഒരേക്കറില്‍ ഉണ്ടായിരുന്ന ഒരു കുടികിടപ്പുകാരന് വേറെ സ്ഥലം കൊടുത്ത് മാറ്റി താമസിപ്പിച്ചു. അയാളുടേത് വീട് എന്ന് പറയാവുന്നതല്ല. ഒരു മുറിയും അടുക്കളപോലെ വേറൊരു മുറിയും. അതിനോടു ചേര്‍ത്ത് എടുത്ത ചാര്‍ത്തിലും മുറിയിലുമായി സാധനസാമഗ്രികള്‍. കുടുസാറും. കുടുസാറിനെ സഹായിക്കാന്‍ ഒരു ജോലിക്കാരനും ഉണ്ടായിരുന്നു.
നിര്‍മാണപ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം, സാധനസാമഗ്രികളുടെ സ്റ്റോക് സൂക്ഷിക്കല്‍, ഇതിനിടയില്‍ ഭക്ഷണമുണ്ടാക്കല്‍ ഇടക്കാരെങ്കിലും അതിഥികളൊ അധികാരികളൊ വന്നാല്‍ അവര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കലും വൈകുന്നേരം ജോലിക്കാര്‍ക്ക് കൂലി കൊടുക്കലും എല്ലാം കുടുസാര്‍ തന്നെ. അതാത് ദിവസത്തേക്കാവശ്യമായ പണവും സാധനസാമഗ്രികള്‍ എത്തിക്കലും കൃത്യമായി മോഹന്‍ജി ചെയ്തുപോന്നു. മാധവനിവാസ് എന്ന ചെറിയ കുടിലും പ്രാന്തകാര്യാലയ നിര്‍മാണ പ്രവര്‍ത്തനവും കുട്ടിസാര്‍ എന്ന സംഘപ്രചാരകനൊ എളമക്കരക്കാരുടെ ആരാധ്യപുരുഷനാക്കി എന്നുപറഞ്ഞാല്‍ മതിയല്ലൊ.
ജാതിമത വ്യത്യാസമില്ലാതെ അദ്ദേഹം എല്ലാവര്ക്കും കുട്ടിസാറായിരുന്നു. കഷ്ടിച്ച് അഞ്ചടി മാത്രം ഉയരം. മുന്നിട്ടുനില്ക്കുന്ന കുടവയര്‍ ഒന്ന് തലോടിയും മുടി കാണാത്ത തലയിലൊന്ന് ചൊറിഞ്ഞും വെറ്റിലയുംപാക്കും ചുണ്ണാമ്പും കടിച്ചൊതുക്കി, വിരലിനിടയില്‍ സൂക്ഷിച്ച പുകയിലക്കഷ്ണം വളരെ ഭദ്രമായി ഇടതുവശത്ത് രണ്ടുവരി പല്ലുകള്‍ക്കിടയില്‍ സൂക്ഷിച്ച്, ‘തന്നെപ്പൊ ഈയിടെയായി തീരെ കാണാറില്ലല്ലൊ’ സ്വാഗതവും കുശലഭാഷണത്തിന്റെ ആമുഖവും ഇട്ടുകൊണ്ട് ‘താന്പ്പൊ എവിടേം പോവിലല്ലൊ ഞാപ്പൊവരാം” മുറുക്കിയത് ഒന്ന് നീട്ടിത്തുപ്പി നടക്കുന്ന കുടുസാറിന് ആകാവുന്ന എന്ത് സഹായവും ചെയ്യാന്‍ ആരും തയ്യാര്‍!
ചുറ്റുപാടുമുള്ള വീടുകളില്‍ ഒരു കാരണവരെപ്പോലെ ആയിരുന്നു അദ്ദേഹം. ‘അയ്യൊ, ഞങ്ങടെ കുട്ടിസാര്‍ മരിച്ചോ! ഒന്ന് കാണാന്‍ പേറ്റെല്ലല്ലൊ ഒടേ തമ്പുരാനെ’ എന്ന് പറഞ്ഞ് ഓടി കാര്യാലയത്തിലേക്ക് വന്നുകൊണ്ടിരുന്ന നാനാജാതി മതസ്ഥരായ അമ്മമാരുടെ തേങ്ങല്‍ ആര്‍ക്കും മറക്കാവതല്ല. അതായിരുന്നു കുട്ടിസാര്‍ എന്ന് നാട്ടുകാരും കുടുസാര്‍ എന്ന് സ്വയംസേവകരും വിളിച്ചുവന്നിരുന്ന രാമന്‍കുട്ടി എന്ന സംഘപ്രചാരക്.
തികച്ചും ഗ്രാമാന്തരീക്ഷം. വലിയ വലിയ തെങ്ങിന് തോപ്പുകള്‍. പൊക്കാളി പാടങ്ങള്‍. വല്ലപ്പോഴും കുടുങ്ങിയോടുന്ന ഒരു കുട്ടി ബസ്. നാലാളെ കാണണമെങ്കില്‍ ഒന്നര കിലോമീറ്റര്‍ നടന്ന് കലൂര്‍ കവലയില്‍ എത്തണം. പാവക്കുളം ക്ഷേത്ര പരിസരമാണെങ്കിലോ മുച്ചീട്ടുകളിക്കാരും മറ്റും നിരന്ന് സമയം പാഴാക്കുന്ന തുറന്ന വെളിമ്പ്രദേശം. പനയോല മേഞ്ഞതിന്മേല് വൈക്കോല്‍ പാകിയ വട്ടശ്രീകോവിലിനുളളില് കാലാകാലനായ ശ്രീപരമേശ്വരന് യോഗനിദ്രയിലും. ഇതാണന്നത്തെ കലൂര്‍-പേരണ്ടൂര്‍ റോഡിലെ അവസ്ഥ.
ഇതിനിടയില്‍ ചന്ദ്രശേഖരസ്വാറിന്റെയും അനന്തേട്ടന്റെയും മേല്‍നോട്ടത്തില്‍ സമീപസ്ഥലങ്ങള്‍ പലതും തീറ് വാങ്ങി. ഏകദേശം എട്ട് ഏക്കര്‍! കാര്യാലയ നിര്‍മാണം അതീവ ശുഷ്ക്കാന്തിയോടെ തന്നെ മുന്നോട്ട് നീങ്ങി. ധനസംഭരണത്തിന് വേണ്ടി ഹരിയേട്ടന് ഇടതടവില്ലാത്തയാത്ര. ഫിനിഷിംഗ് സ്റ്റേജ് എത്തുമ്പോഴേക്കും ബാഗ് കാലി. താമസിച്ചില്ല. കേരളമൊട്ടുക്കും ഒരു രൂപ കൂപ്പണിന്റെ കളക്ഷന്‍. ഒരുലക്ഷം രൂപ ശേഖരിക്കലായിരുന്നു ഉദ്ദേശ്യം. ഏതായാലും കാര്യാലയ നിര്‍മാണം പൂര്‍ത്തിയായി. ഉദ്ഘാടനം 1975 ജൂണ്‍ 25 രാവിലെ ശുഭമുഹൂര്‍ത്തത്തില്‍. ക്ഷേത്രീയ പ്രചാരക് മാനനീയ യാദവ്റാവു ജോഷി പാല് കാച്ചല് ചടങ്ങ് നടത്തുന്നതിനിടയില്‍ വാര്‍ത്ത. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സംഘപ്രവര്‍ത്തനം നിരോധിക്കുകയും ചെയ്തു.
കേരളത്തിലെ മുഴുവന്‍ പ്രചാരകന്മാരുടേയും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ബൈഠക്-ഇതോടനുബന്ധിച്ച് നടക്കേണ്ടിയിരുന്നത് റദ്ദ് ചെയ്ത് എല്ലാവരേയും നിശ്ചിത സ്ഥലങ്ങളിലേക്ക് തിരിച്ചയക്കുകയാണുണ്ടായത്. മറ്റ് പല സംഘപ്രവര്‍ത്തകരെയും പോലെ മോഹന്‍ജിയെയും ഡിഐആര്‍ പ്രകാരം അറസ്റ്റ് ചെയ്തു. കുറച്ച് നാളുകള്‍ക്ക് ശേഷം വിട്ടയച്ചു. പിന്നീടുള്ള ഒന്നരവര്‍ഷം മാധവനിവാസ് പോലീസുകാരുടെ താവളമായിരുന്നു. ഏതായാലും അടിയന്തരാവസ്ഥ നീങ്ങി. കാര്യാലയം തിരികെ കിട്ടി. മോഹന്‍ജി തന്റെ സന്തത സഹചാരിയായ ലാംബി സ്കൂട്ടറില്‍ ദിനചര്യകളായി, എറണാകുളം നഗരത്തില്‍ ബാങ്ക് റെയില്‍വേ സ്റ്റേഷന് (ടിക്കറ്റ് ബുക്കിംഗും മറ്റുമായി) അസുഖമുള്ളവര്‍ക്ക് മെഡിക്കല്‍ സഹായം തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ടും നീങ്ങി.
കാര്യാലയവും റോഡിനോട് ചേര്‍ന്ന് നില്ക്കുന്ന ഔട്ഠൗസും പണിതീര്‍ത്ത ചന്ദ്രശേഖര സ്വാറിനെ സ്മരിക്കാതെ രാഷ്ട്രധര്മപരിഷത്തിന്റെ പൂര്‍വചരിത്രം പൂര്‍ണമാകില്ല. ചന്ദ്രശേഖരസ്വാര് ഒരു ബില്‍ഡിംഗ് കോണ്‍ട്രാക്ടറുമായിരുന്നു. നിറഞ്ഞ ചിരിയോടെയാണദ്ദേഹത്തെ ആര്‍ക്കും എന്നും കാണാന്‍ സാധിക്കുക. എളമക്കരയിലെ വലിയ ഭൂപ്രഭുക്കളായിരുന്നു ഈ കുടുംബക്കാര്. ചന്ദ്രശേഖരന്റെ കോണ്ട്രാക്ടില് ഒരു ബില്‍ഡിംഗ് പണിത് കഴിഞ്ഞാല്‍, അതിന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ സ്വന്തം സ്ഥലത്തുനിന്ന് കുറച്ച് വില്‍ക്കും. പണിതത് ആരുടെ കെട്ടിടം എന്നതല്ല; പണി ആത്മാര്‍ത്ഥമായി അദ്ദേഹം നിര്‍വഹിക്കും. കരാര്‍ തുക നോക്കിയല്ല പണി എന്നര്‍ത്ഥം. അത്രമാത്രം സത്യസന്ധത തന്റെ പ്രൊഫഷനില്‍ കാണിച്ച വ്യക്തികളെ കാണുക ദുര്‍ല്ലഭമായിരിക്കും. ഏതാനും വര്‍ഷം മുമ്പ് ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചു.
ചന്ദ്രശേഖരനോടൊപ്പം സ്മരിക്കേണ്ട ഒരു സ്വയംസേവകനാണ് തൃശ്ശൂര്‍ സ്വദേശിയായ ശ്രീ ഐ.ദാമോദര മേനോന്. ഐ.ഡി.മേനോന്. പ്രൊഫഷന്റെ കാര്യത്തില്‍ രണ്ടുകൂട്ടരും ഒരു പോലെയാണ്. ലാഭനഷ്ടങ്ങളല്ല, പ്രത്യുത ഏറ്റെടുത്ത കര്‍മത്തിന്റെ പൂര്‍ത്തീകരണവും മികവുമായിരുന്നു രണ്ടുകൂട്ടര്‍ക്കും ലക്ഷ്യം. ഇവരുടെയെല്ലാം കഠിന പ്രയത്നവും ഹരിയേട്ടന്റെ സമയബന്ധിത പ്ലാനിംഗും സ്വയംസേവകരുടെ നിര്‍ല്ലോഭ സഹകരണവും ചേര്‍ന്നപ്പോള്‍ 1975 ല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംസ്ഥാന കേന്ദ്രം മനോഹരമായ ഒരു കെട്ടിടത്തിന്റെ രീതിയില്‍ സ്ഥാപിതമായി.
ഏതായാലും 1971 മുതല്‍ ഇക്കഴിഞ്ഞ 2012 വരെ, ജീവന്റെ നാഡിമിടിപ്പുകള്‍ പോലെ, രാഷ്ട്രധര്‍മ പരിഷത്തിനെയും അനുബന്ധ സ്ഥാപനങ്ങളെയും പരിപാലിച്ച മോഹന്‍ജി തന്റെ ചുമതലകള്‍ ഉത്തരവാദപ്പെട്ട മറ്റ് സംഘപ്രവര്ത്തകരിലേക്ക് കൈമാറുമ്പോള്‍ തികഞ്ഞ തൃപ്തിയും സന്തോഷവുമാണ് അനുഭവിക്കുന്നത് എന്ന് അദ്ദേഹത്തോട് സംസാരിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും.
എം. മോഹനന് (അപ്പു) സെക്രട്ടറി രാഷ്ട്രധര്മപരിഷത്, എളമക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: