കണ്ണൂര്‍: സിഐടിയുവില്‍ പുരുഷന്മാരുടെ അംഗത്വത്തില്‍ കുറവുണ്ടാകുന്നതായി സംഘടനാ റിപ്പോര്‍ട്ട്. സംഘടനാബലം കാട്ടാന്‍ കുടുംബശ്രീ, തൊഴിലുറപ്പ് സ്ത്രീകളെ ആശ്രയിക്കേണ്ട ഗതികേടിലുമാണ് നേതൃത്വം. സ്ഥാപക സമയത്ത് ഏഴു ശതമാനമായിരുന്നു സിഐടിയുവില്‍ സ്ത്രീ പ്രാതിനിധ്യം. 2011 ല്‍ ഇത് 31.96 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയതായി വരുന്ന അംഗങ്ങളില്‍ 80 ശതമാനത്തോളം സ്ത്രീകളാണ്. സ്ത്രീകളെ സംഘടിപ്പിക്കുന്നതില്‍ സംഘടനാനേതൃത്വം പരാജയപ്പെട്ടതായും സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പുരുഷന്മാരുടെ കടന്നുവരവ് കുറയുന്നതിനെ ഗൗരവത്തോടെ കാണണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നേരത്തെ പരമ്പരാഗത തൊഴില്‍ മേഖലകളില്‍ നിന്നായിരുന്നു സിഐടിയുവിലെ അംഗങ്ങള്‍ ഏറെയും. എന്നാല്‍ ഈ മേഖലയുടെ തകര്‍ച്ച യൂണിയന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. സംഘടിത മേഖലയില്‍ സിഐടിയുവിന് ഇതുവരെ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികള്‍ എന്നിവ ഉപയോഗിച്ചാണ് സ്ത്രീകളുടെ അംഗത്വം വര്‍ദ്ധിപ്പിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. വനിതാ അംഗങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനോ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിനോ ആവശ്യമായ ശ്രദ്ധ സംഘടനാതലത്തില്‍ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. വനിതാ പ്രാതിനിധ്യമുള്ള കമ്മറ്റികള്‍ രൂപീകരിക്കുന്നതിനോ അവയുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനോ സംസ്ഥാന സമിതികള്‍ പോലും താത്പര്യമെടുക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചില സംസ്ഥാനങ്ങളില്‍ സ്റ്റേറ്റ് ലവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റികള്‍ പോലും ചേരുന്നില്ല. സ്ത്രീ തൊഴിലാളികളെ സംഘടിപ്പിക്കേണ്ട അവബോധം നേതൃനിരയിലില്ലാത്തതാണ് പ്രധാനകാരണം. സംഘടനാപരമായ ഈ ബലഹീനത മറികടക്കാന്‍ ബോധപൂര്‍വമായ പരിശ്രമം വേണം. സ്ത്രീ തൊഴിലാളികളുടെ ഓള് ഇന്ത്യാ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ചേര്‍ന്ന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. സ്ത്രീ തൊഴിലാളികളെ മുഴുവന്‍സമയ സംഘടനാപ്രവര്ത്തകരാക്കണമെന്നും പ്രത്യേകക്ലാസുകള്‍ നല്‍കണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്.
സ്ത്രീ തൊഴിലാളികളെ സംഘടന പൂര്‍ണമായും അവഗണിക്കുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. നേതൃനിരയില്‍ പുരുഷമേധാവിത്വമാണെന്നും ചില പ്രതിനിധികള്‍ സൂചിപ്പിച്ചു. നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ ചര്‍ച്ചയില്‍ 12 വനിതാ പ്രതിനിധികള്‍ പങ്കെടുത്തു. ദേശീയ സമ്മേളനം നാളെ സമാപിക്കും.
കെ.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: