ശാസ്താംകോട്ട: കേരള പോലീസിലേക്ക് അയല്‍ക്കാരനും ബന്ധുവുമായ യുവാവിനുവേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സി.പി.എം നേതാവിന് കോടതി നാലുമാസം തടവും പിഴയും വിധിച്ചു.
മണ്‍റോത്തുരുത്ത് പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ സി.പി.എം. കുന്നത്തൂര്‍ ഏരിയ കമ്മിറ്റി അംഗവും മണ്‍റോത്തുരുത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ കണ്ട്രാംകാണി കോട്ടുവയലില് ആറ്റുപുറത്ത് വീട്ടില്‍ ബി.ശിവപ്രസാദി (48) നെയാണ് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ജോസ് എന്‍.സിറിള്‍ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ഓരോ മാസം തടവും 500 രൂപവീതം പിഴയുമാണ് ഒടുക്കേണ്ടത്. മൊത്തം നാലുമാസം തടവും 2,000 രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്. കൊല്ലം കിളികൊല്ലൂര്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത കേസിലാണ് വിധി. മണ്‍റോത്തുരുത്ത് കണ്ട്രാംകാണി വള്ളുവന്ചാലില് വീട്ടില്‍ അനില്കുമാറിനുവേണ്ടിയാണ് ശിവപ്രസാദ് ആള്‍മാറാട്ടം നടത്തിയത്. ഇയാളുടെ സഹോദരന് അജയകുമാറും ഇതേശിക്ഷ അനുഭവിക്കണം. അനില്‍കുമാര്‍ ഒളിവിലായതിനാല്‍ ശിക്ഷ പിന്നീട് വിധിക്കും. 1996 ലാണ് കേസിനാസ്പദമായ സംഭവം.
കേരള പോലീസിന്റെ മൂന്നാം ബറ്റാലിയനിലേക്ക് 1996 ജൂണ്‍ 15 ന് പി.എസ്.സി പരീക്ഷ നടത്തി. അജയകുമാറിന്റെ സഹോദരനായ അനില്‍കുമാറിനുവേണ്ടി അന്നത്തെ മണ്‍റോത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റുകൂടിയായ ശിവപ്രസാദ് കരിക്കോട് ശിവറാം എന്‍.എസ്.എസ്. ഹൈസ്കൂളില്‍ നടന്ന പരീക്ഷയ്ക്ക് ഹാജരായി. ഒപ്പം തൊട്ടടുത്ത് പരീക്ഷയെഴുതിയ അജയകുമാറിന് ശിവപ്രസാദ് എഴുതിയ എല്ലാ ഉത്തരങ്ങളും കാണിച്ചുകൊടുക്കുകയും ചെയ്തു. പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷ അയച്ചത് മുതല്‍ മൂവരും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ ബോധ്യമായി. ശിവപ്രസാദും അനില്‍കുമാറും അജയകുമാറും ഒന്നും രണ്ടും മൂന്നും പ്രതികളാണ്. അനില്‍കുമാര്‍ വിദേശത്തായിരുന്നു. നാട്ടിലെത്തിയപ്പോഴായിരുന്നു മൂന്നുപേരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതും അനില്‍കുമാറിനുവേണ്ടി ശിവപ്രസാദ് പരീക്ഷയെഴുതിയതും. രണ്ടാംപ്രതി അനില്‍കുമാര്‍ ജാമ്യമെടുത്തശേഷം ഇപ്പോള്‍ ഒളിവിലാണ്.
അനില്‍കുമാറിന്റെ ഹാള്‍ ടിക്കറ്റിലെ ചിത്രം മാറ്റിയ ശേഷം ശിവപ്രസാദിന്റെ ചിത്രം ഒട്ടിക്കുകയും തുടര്‍ന്ന് പരീക്ഷയെഴുതുകയുമായിരുന്നു. ക്ലാസില്‍ നിന്നിരുന്ന പി.എസ്.സി ഇന്‍വിജിലേറ്റര്‍ക്കും ഈ തട്ടിപ്പ് കണ്ടെത്താനായില്ല. പരീക്ഷ എഴുതുകയും ഇരുവരും ഷോര്‍ട്ട് ലിസ്റ്റില്‍ കടന്നുകൂടുകയും ചെയ്തു. എന്നാല്‍ ശാരീരികക്ഷമതാപരീക്ഷയില്‍ പരാജയപ്പട്ടതിനാല് ഇരുവര്‍ക്കും പോലീസില്‍ ജോലി ലഭിച്ചില്ല. പരീക്ഷാഹാളില്‍ ഉണ്ടായിരുന്നവരുടെയും മറ്റും പരാതികളെത്തുടര്‍ന്ന് പി.എസ്.സിയുടെ വിജിലന്‍സ് വിഭാഗവും കിളികൊല്ലൂര്‍ പോലീസും കേസ് അന്വേഷിച്ച് സത്യം കണ്ടെത്തുകയും ചെയ്തിരുന്നു. കൊല്ലത്തെ കോടതിയുടെ പരിഗണനയിലിരുന്ന കേസ് പിന്നീട് കൊട്ടാരക്കര കോടതിയിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: