വിശ്വാസം അതല്ലേ എല്ലാം എന്ന പരസ്യവാചകം തമാശയോടെ പറയുന്നവരും ഒരുവേള അതിന്റെ യഥാര്‍ത്ഥ അവസ്ഥ പരിശോധിക്കുന്നത് നന്നായിരിക്കും.വാസ്തവത്തില്‍ വിശ്വാസമാണ് എല്ലാത്തിനും ആധാരം. അത് നഷ്ടപ്പെട്ടാല്‍ വിലപ്പെട്ടതെന്തായാലും അതില്‍ അത്ര വലിയകാര്യമുണ്ടാവില്ല. ഒരുവേള ഇരുരാജ്യങ്ങളിലെ പട്ടാളക്കാരുടെ മനസ്ഥിതിയുമായിരിക്കും. ഒരു ദാമ്പത്യത്തിലെ വിശ്വാസക്കേട് ഭരണകൂടത്തിന്റെ അസ്തിവാരമിളക്കുന്നതില് വരെയെത്തിനില്‍ക്കുന്നു. അതിലെ ന്യായാന്യായതകളുടെ തലനാരിഴകീറി പരിശോധിക്കാന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അഹമഹമികയാരംഗത്തുവരുമ്പോള് മനുഷ്യാവകാശത്തിന്റെ ഇളം നാമ്പുകള്‍ നിഷ്കരുണം ഞെരിച്ചെറിയപ്പെടുന്നു. ആരാന്റമ്മയ്ക്ക് ഭ്രാന്തുപിടിക്കുമ്പോള്‍ കൈകൊട്ടിച്ചിരിയ്ക്കാന് ഉത്സാഹം കാണിക്കുന്ന ക്രൂരത നാലുപാടും അരങ്ങുവാഴുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനം നേരത്തെ സൂചിപ്പിച്ച വിശ്വാസരാഹിത്യം തന്നെ.
ഈ വിശ്വാസരാഹിത്യത്തിന്റെ ഉള്ളറകളിലൂടെ കടന്നുപോകുന്ന കലാകൗമുദി (ഏപ്രില്‍ 7) ആഴ്ചപ്പതിപ്പ്. കൊടിയവിശ്വാസരാഹിത്യംകാണിച്ച ഇറ്റലിയുടെ കപ്പല്‍ കേരള പോലീസ് പിടിച്ചതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് എസ്. ജഗദീഷ്ബാബു തനിമയോടെ എടുത്തുപറയുന്നത്. മിടുക്കന്മാരായ കേരള പോലീസ് അതിസൂക്ഷ്മതയോടെയും ഒട്ടൊക്കെ സാഹസികതയോടെയും എന്ററിക്കലക്സി എന്ന കപ്പല്‍ പിടിക്കുകയും ദുര്‍ബലവശങ്ങള്‍ ഇല്ലാതെ കേസ് ഫ്രെയിം ചെയ്യുകയും ചെയ്തപ്പോള്‍ രാഷ്ട്രീയനൃശംസത എങ്ങനെയൊക്കെ അത് തകര്‍ത്തെറിഞ്ഞുവെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഈ റിപ്പോര്‍ട്ട് സഹായിക്കും. നിങ്ങള്‍ക്കായി ഒരു സാമ്പിള്‍: ഇന്ത്യാചരിത്രത്തില്‍ ഇതിനു മുന്‍പ് വിദേശകപ്പലുകള്‍ പിടിച്ചെടുത്തത് കുഞ്ഞാലിമരയ്ക്കാരും മാര്‍ത്താണ്ഡവര്‍മയും മാത്രമാണ്. കുഞ്ഞാലി മരയ്ക്കാര്‍ പോര്‍ച്ചുഗീസ് കപ്പലാണ് പിടികൂടിയതെങ്കില്‍ കുളച്ചല്‍ യുദ്ധകാലത്ത് മാര്‍ത്താണ്ഡവര്‍മ പിടിച്ചെടുത്തത് ഡച്ച് കപ്പലായിരുന്നു.
ഇന്നും ഒരുസ്മാരകം പോലെ ആ കപ്പല്‍ പത്മനാഭപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ആ ചരിത്ര പുരുഷന്മാരുടെ ധീരതയാണ് ഇറ്റാലിയന്‍ കപ്പല്‍ പിടിച്ചെടുത്തതിലൂടെ കേരള പോലീസ് കാണിച്ചത്. ഫലമോ രാഷ്ട്രീയക്കോമരങ്ങളുടെ ജുഗുപ്സാവഹമായ ദുഷ്ടലാക്കിന്റെ അഗ്നിയില്‍ അവര്കരിഞ്ഞുകൊണ്ടേയിരിക്കുന്നു. പുറമേക്ക് അവരെ അഭിനന്ദിക്കുന്നുണ്ടെങ്കിലും ഉള്ളില്‍ പക കത്തിക്കാളുകയാണ്. അത് ഏതൊക്കെതരത്തില് പുറത്തേക്കു വരുമെന്ന് പറയാനാവില്ല. ഇറ്റലിയെന്നാല്‍ ഇന്ത്യ, ഇന്ത്യയെന്നാല്‍ മാഡം എന്ന നിലയിലേക്ക് താഴ്ന്നിരിക്കുന്ന അവസ്ഥയില്‍ വിശ്വാസം, അതല്ലേ എല്ലാം എന്ന് ജപിച്ചിരിക്കുകയത്രേകരണീയം.
ജീവിതം ഒരു നാടകമായസ്ഥിതിക്ക് നന്നായി അഭിനയിച്ചാല്‍ മാത്രമേ ഒരുവിധത്തില്‍ മുന്നോട്ടു പോകാനാവൂ. ജീവിതവും നാടകവും ഒരു ഞാണിന്മേല് കളിയുടെ ആകാരവടിവുമായി മുന്നോട്ടുപോകുന്ന അവസ്ഥയാണ്. സൂക്ഷിച്ചില്ലെങ്കില്‍ ജീവിതം ഗോപി, അങ്ങനെയെങ്കില്‍ എന്താണ് നാടകം എന്നറിയണ്ടേ? അത്തരം അറിവ് ജനത്തിന് കിട്ടിക്കൊള്ളട്ടെ എന്ന ചിന്തയാല്‍ മാതൃഭൂമി ആഴ്ചപതിപ്പ് (ഏപ്രില്‍ 7) സമൃദ്ധമാണ്. ഷേക്സ്പിയറെ എവിടെയും കാണാം ശങ്കരപ്പിള്ളയെയോ? എന്ന ചോദ്യവുമായാണ് അവര്‍ രംഗപ്രവേശം ചെയ്യുന്നത്.
ഇക്കഴിഞ്ഞ ജനു.15 മുതല്‍ 22 വരെ തൃശൂരില്‍ നടന്ന അന്താരാഷ്ട്രനാടകോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് വാരിക ഈ ആഴ്ച തിയറ്റര്‍ പതിപ്പ് പുറത്തിറക്കിയത്. കാര്യം എന്തൊക്കെയായാലും ഇടയ്ക്കിടെ ഇമ്മാതിരി നല്ല കാര്യങ്ങള്‍ക്കും അതില്‍ ഇടം ലഭിക്കുന്നു എന്നത് ചാരിതാര്‍ത്ഥ്യജനകമത്രേ. നാടകത്തിന്റെ ഉള്‍ക്കാമ്പറിഞ്ഞ് പ്രവര്‍ത്തിച്ച ശങ്കരപ്പിള്ളയെ അര്‍ഥസമ്പുഷ്ടമായ ഒരു സാംസ്കാരിക മാനസികാവസ്ഥയോടെയല്ല തല്‍പ്പരകക്ഷിക്കാര്‍ കാണുന്നതെന്ന ദുഃഖസത്യം ഇതിലെ പലലേഖനങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും കാണാം. അതിനുത്തരവാദി ആരെന്ന് പറയുന്നില്ലെങ്കിലും നമുക്കത് മനസ്സിലാക്കിയെടുക്കാം. വാക്കുകള്‍ അപ്രത്യക്ഷമാകുമ്പോള്‍ സി. ഗോപന് മലയാളി എന്തുകൊണ്ട് നാടകത്തിന് ടിക്കേറ്റ്ടുക്കുന്നില്ല- മനില സി.മോഹന്‍, ചോരപുരണ്ട അരങ്ങും മാക്ബത്തും മരിക്കുന്നില്ല- ഡോ.സി.ആര് രാജഗോപാലന്‍, എന്താണ് സദാചാരാം? ആരാണീ സെന്‍സര്‍ ബോര്‍ഡ്? മനില സി. മോഹന്‍, ഇപ്പോഴും കുറ്റിയില്‍ തിരിയുന്ന പ്രൊഫഷണല്‍ നാടകം -മീനമ്പലം സന്തോഷ്, കാണ്കകടലിനെ; കണ്‍തുറക്കാതെ -കെ.വി.ശരത്ചന്ദ്രന്, ഗ്രാമത്തിലെ വേള്ഡ്തിയറ്റര്- മനില സി മോഹന്‍, നാടകോത്സവംകൊണ്ട് മാറുമോനാടകം? എം.യു പ്രവീണ്‍, സ്ത്രീയുടെ മനസ്സ് ശരീരത്തോട് പറയുന്നു – മനില സി മോഹന്‍, നാടകച്ചൂട് നിങ്ങളെ പൊള്ളിക്കുന്നുണ്ടോ? എ. ശാന്തകുമാര്‍ എന്നിങ്ങനെയാണ് അരങ്ങത്തെ വിശേഷങ്ങള്‍. നാടകം എന്താണ് എന്നതിനെക്കാള്‍ എന്തല്ല, എന്തായിരിക്കണം എന്ന തരത്തിലുള്ള ഇടിമിന്നലുകള്‍ ചില നാടകപ്രവര്‍ത്തകരുടെ അഭിപ്രായങ്ങളില്‍ ചിതറി വീഴുന്നുവെന്ന ആഹ്ലാദം മറച്ചുവെക്കാനാവില്ല.
അക്കാര്യത്തില്‍ ആഴ്ചപ്പതിപ്പ് കാണിച്ച സഹിഷ്ണുത എടുത്തു പറയേണ്ടത് തന്നെ; അതിന് തുടര്‍ച്ചയുണ്ടാവില്ലെന്ന് അറിയാമെങ്കിലും.
കവിത പെയ്യുന്ന രാത്രികളില്‍ മിന്നാമിനുങ്ങിനെ നോക്കിയിരുന്നിട്ട് കാര്യമില്ല. കാരണം മിന്നാമിനുങ്ങുകളൊക്കെ കാവ്യദേവതയുമൊത്ത് വയലിറമ്പില്‍ കളിതമാശ പറഞ്ഞ് ഇരിക്കുകയാവും. വസന്തങ്ങളുടെ വര്ണമേലാപ്പില് തന്റെ കൈക്കുറ്റപ്പാടില്ലാത്ത കവിതയെ താരാട്ടുപാടിയുറക്കുന്ന കവി അപ്പോള്‍ ചിന്തിക്കുന്നതെന്താവും? ആറ്റുമണല്‍പ്പായയില്‍ അന്തിവെയില്‍ ചായുന്നതും നോക്കിയിരുന്ന കവിക്ക് ചിന്തിക്കാന്‍ എന്തെന്തൊക്കെ കാര്യങ്ങളുണ്ടാവും? ആ കവിയുടെ ഹൃദയത്തിലൂടെ ഒരു യാത്ര നടത്തുന്നു ദേശാഭിമാനി (ഏപ്രില്‍7) വാരിക. കവിയില്‍നിന്ന് ഗാനരചയിതാവിലേക്കുള്ള ദൂരം എന്ന് കവറില്‍ കൊടുത്തുകൊണ്ട് റഫീക്ക് അഹമ്മദിന്റെ പ്രസാദാത്മകത്വം തുളുമ്പുന്ന കാവ്യസംസ്കാരത്തെ പരിചയപ്പെടുത്തുന്നു ഡോ. ആര്. ശ്രീലതാ വര്‍മ. സംതൃപ്തി കിട്ടുന്ന അവസ്ഥയെക്കുറിച്ച് റഫീക്കിന്റെ അഭിപ്രായം ഇങ്ങനെ: കവിതയിലായാലും ഗാനങ്ങളിലായാലും സംതൃപ്തി എന്നു പറയുന്നത് ആപേക്ഷികമാണ്. കൃത്യമായ സംതൃപ്തിയൊന്നും കിട്ടിയിട്ടില്ല. എന്നാല്‍പ്പോലും ആദ്യത്തെ ഒരു പാട്ട്,വാക്കുകള്‍ക്ക് സംഗീതം കിട്ടുമ്പോഴുണ്ടാകുന്ന വേറിട്ട ഒരുരാസപ്രക്രിയ എനിക്ക് വിസ്മയവും സന്തോഷവും തന്നു. ഒരു കവിയുടെ സ്വത്വാനുഭൂതിയുടെ തലങ്ങളിലൂടെ തൂവല്‍സ്പര്‍ശം പോലെ ശ്രീലതാവര്‍മ നടന്നുപോവുന്നു. അവാച്യമായ ഒരനുഭവം വായനക്കാര്‍ക്കു കിട്ടുന്നു. മനസ്സിന്റെ ഏതൊക്കെയോ കോണുകളില്‍ റഫീക്ക് അഹമ്മദ് നനുനനെ പെയ്തുകൊണ്ടിരിക്കുന്നു.
‘ഉമ്മുക്കുലുസു മരിച്ച രാത്രിതൊട്ടി-
ന്നോളമാമഴ തോര്ന്നുമില്ല’
എന്നെഴുതിയ കവിയ്ക്ക് അങ്ങനെ പെയ്തുകൊണ്ടിരിക്കാനേകഴിയൂ.
നീതിക്കു വേണ്ടി നിലവിളക്കുമ്പോള് അത് ‘മതേതരവാദികള്‍’ കാണുന്നില്ലെന്ന് മാധ്യമം ആഴ്ചപ്പതിപ്പ് (ഏപ്രില്‍ 8 ) പരിഭവപ്പെടുന്നു. മുസ്ലീങ്ങളെ വെറുതെ ജയിലിലിട്ട് പീഡിപ്പിക്കുകയാണത്രെ. ഈ ഇന്ത്യാരാജ്യം ഭരിക്കുന്നത് ഇപ്പോള്‍ ഭീകരന്മാരൊന്നുമല്ലെന്ന് പൂര്‍ണബോധ്യമുള്ളപ്പോഴും ഇത്തരമൊരു അവസ്ഥവരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കേണ്ടേ? മാധ്യമത്തിന്റെ തുടക്കം ഇങ്ങനെ പറയുന്നു: രാജ്യത്തെമൊത്തം ജയിലുകളില്‍ ഒട്ടേറെ നിരപരാധികള്‍ വിചാരണത്തടവുകാരായി കാലം കഴിക്കുന്നുണ്ട്. രാജ്യത്തെ 1382 ജയിലുകളിലായി 3,72,926 മൊത്തം തടവുകാരുള്ളതില്‍ 75,053 പേര് മുസ്ലിംകളാണ്. ഇതില്‍ ശിക്ഷവിധിക്കപ്പെട്ടവര്‍ 17.8 ശതമാനം പേര് മാത്രമാണ്. വാസ്തവത്തില്‍ ജയിലുകളില്‍ ഒരു സംവരണം അടിയന്തരമായി നടപ്പാക്കണം.
നിരപരാധികളായ മുസ്ലിംകളെ ഇങ്ങനെ കൊല്ലാക്കൊലചെയ്യാമോ? ലോകത്തെ ഏതെങ്കിലും ക്രിമിനല്‍ കേസില്‍ ഏതെങ്കിലും മുസ്ലിം പെട്ടിട്ടുണ്ടോ? അടിയന്തരമായി മാധ്യമം നടത്തിപ്പുകാരും അവരുടെ ഒത്താശക്കാരും ഒരു വസ്തുതാന്വേഷണകമ്മീഷനെ നിശ്ചയിച്ച് കാര്യങ്ങള്‍ പഠിക്കണം. റിപ്പോര്‍ട്ട് 2013 ക്രിസ്മസ്സിനു മുമ്പ് പുറത്തിറക്കണം. 2014 ല്‍ നടക്കാന്‍ പോകുന്ന മഹാമഹത്തില്‍ വമ്പന്‍ കൊയ്ത്ത് കൊയ്യാം, വാ ഉസ്താദ്! തുടക്കം അങ്ങനെയെങ്കില്‍ യാസീന്‍ അശ്റഫ്ക്കയുടെ മീഡിയാസ്കാനിങ്ങും തകര്‍ത്തിട്ടുണ്ട്. നല്ല മെയിലാഞ്ചി ചന്തം. ഇനി ഇന്ത്യയിലെ പോലീസിനെ ഒരുപരുവത്തിലാക്കാന് ഇക്കയുടെ നേതൃത്വത്തില്‍ ഒരുവിദഗ്ധ സംഘം രൂപീകൃതമാകട്ടെ.
രണ്ടാം യാമത്തില്‍ കവിയെന്ന് വിശേഷിപ്പിച്ചുകൊണ്ട് തമിഴ്കവി (ഫെമിനിസ്റ്റ് രീതിയില്‍ കവയിത്രി എന്നുമാവാം) സല്‍മയെ പരിചയപ്പെടുത്തുന്നു മലയാളം വാരിക (ഏപ്രില്‍5) ഈ ലക്കം. എസ്. കലേഷ് ആണ് സല്‍മയുമായി സംസാരിക്കുന്നത്.
തികഞ്ഞ യാഥാസ്ഥിതിക ചുറ്റുപാടില്‍ ജീവിച്ച് സ്വാതന്ത്ര്യത്തിന്റെ മഹാകാശത്തേക്ക് ചിറകടിച്ച് പറന്ന സല്‍മ (ശരിയായ പേര് രാജാത്തിറുഖിയ) ഇന്ന് പെണ്മയുടെ ഓജസ്സുള്ള മുഖമായി മാറിയിരിക്കുന്നു. ഡി.എം.കെ.അംഗമായ സല്‍മ പഞ്ചായത്ത് പ്രസിഡന്റായും സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്ക, ചൈന, പാക്കിസ്താന് തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുംചെയ്തു.ആര്‍ജവമുള്ള കവിമനസ്സ് വ്യക്തമാകുംവിധത്തില് എസ്.കലേഷ് അവരുമായി സംസാരിച്ചിട്ടുണ്ട്. തെളിമയുള്ള നിരീക്ഷണവും തനിമയുള്ള നിലപാടും അഭിമുഖത്തെ വര്‍ണാഭമാക്കുന്നു.
തൊട്ടുകൂട്ടാന്‍
വരളും പൂഴിക്കാട്ടില്‍ റെയിലോരത്തായ്
ചോര കിനിയും മുറിപ്പാടായ്
വിവശം കിടപ്പവള്‍…
മാനഭംഗത്തിന്നിരയൊരാ
പെണ്ണിന്നാമം….
നിളയെന്നാണെന്നുനാം
ഒടുക്കമറിഞ്ഞല്ലോ…!
എന്‍.ആര് മധു
കവിത: മാനഭംഗം
കലാകൗമുദി (മാര്‍ച്ച് 31)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: