പുസ്തക ലോകത്തിലേക്ക് നാല് ഖണ്ഡകാവ്യവുമായി കെ.സി.രാഘവന് അക്ഷരവീഥിയില്‍ ശ്രദ്ധേയമായ ചുവടുവയ്പ്പുമായി മുന്നോട്ട്. സത്യകാമന്, നചികേതസ്സ്, രാമകര്മ്മഫലം, ധര്‍മബോധം എന്നീ ഖണ്ഡകാവ്യങ്ങളാണിത്. ഹിന്ദുധര്‍മവും സെമിറ്റിക് മതങ്ങളും, സ്ത്രീ വ്യത്യസ്ത മതങ്ങളില്‍ എന്നീ ഗ്രന്ഥങ്ങളുടെയും വിവിധ വിഷയങ്ങളിലായി ഒട്ടേറെ പ്രസിദ്ധീകൃത ലേഖനങ്ങളുടെയും ഉടമകൂടിയാണ് ഇദ്ദേഹം. സെമിറ്റിക് മതങ്ങളെ സംബന്ധിച്ച് വളരെ ആഴത്തില്‍ പഠനം നടത്തുകയും ഈ വിഷയത്തെ ആസ്പദമാക്കി ഒട്ടേറെ സംവാദങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത എഴുത്തുകാരന് കൂടിയാണ് കെസിആര്‍.
കാലത്തിന്റെ പ്രയാണത്തില്‍ അറിഞ്ഞോ, അറിയാതെയോ കാവ്യലോകത്തില്നിന്നും അകന്നുപോയ പ്രശ്നങ്ങളെ, വിഷയങ്ങളെ തന്മയത്തത്തോടെ, അതിലേറെ ആര്‍ജവത്തോടെ ആവിഷ്ക്കരിച്ചതിന്റെ സൗന്ദര്യാനുഭവവും പ്രതിഫലനവുമാണ് സത്യകാമന് ഖണ്ഡകാവ്യം. ഇതിലെ ഏതെങ്കിലും ചില വരികള്‍ എടുത്തുദ്ധരിക്കുന്നതിനേക്കാള് അഭികാമ്യം ഈ ഖണ്ഡകാവ്യം പൂര്‍ണമായും അനുധാവനം ചെയ്യുന്നതായിരിക്കും. പ്രശസ്ത കവി എം.എന്‍.പാലൂരിന്റെ അവതാരികയും സത്യകാമന് ഉണര്‍വിന്റെ കവിത എന്നതില്‍ വാളൂര്‍ കോവിലകത്തെ സാഹിത്യവിശാരദ് എംഎന്‍എസ് നായരുടെ ആസ്വാദനവും ഈ ഖണ്ഡകാവ്യത്തിന് സ്വര്‍ണത്തിന് സുഗന്ധം കണക്കെയാകുന്നു.
പൗരാണിക ഭാവങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് ആധുനിക ജീവിതത്തെ വിളക്കിച്ചേര്‍ത്ത നചികേതസ്സ് അത്യന്തം വായനാനുഭൂതി പകരുന്ന ഒന്നാണ്. വൈദിക വാങ്മയത്തിലുള്ള അസംഖ്യം ശിഷ്യരില്‍ സര്വശിഷ്യഗുണസമ്പന്നനായ നചികേതസ്സ് അഗ്രിമനായിത്തന്നെ വിരാജിക്കുന്നതായും തത്ത്വജിജ്ഞാസുവിന് വേണ്ട ഗുണങ്ങള്‍ നചികേതസ്സില്‍ കാണുന്നതുപോലെ മറ്റു പലരിലും കാണ്മാനില്ലായെന്ന് അവതാരികയില്‍ മഹാപണ്ഡിതനും ഒട്ടേറെ ആധ്യാത്മ ഗ്രന്ഥങ്ങളുടെ ഉടമയുമായ സ്വാമി ചിദാനന്ദപുരി (അദ്വൈതാശ്രമം കൊളത്തൂര്‍) സൂചിപ്പിക്കുന്നു. പ്രതിസന്ധികളില്‍ പകച്ചു പിന്മാറാതെയും പ്രലോഭനങ്ങളില്‍ പതറിവീഴാതെയും തന്റെ ജിജ്ഞാസാപൂര്ത്തീകരണത്തിനായി അചഞ്ചലനായി നിലകൊണ്ട നചികേതസ്സ് മാതൃകാ ശിഷ്യനാണെന്ന് സ്വാമികള്‍ പറയുന്നു. കൃഷ്ണ യജുര്‍വേദത്തിലെ കാഠകശാഖയിലെ ഉപനിഷത്തില്‍ ശിഷ്യനായി വരുന്ന നചികേതസ്സിനെ നമിച്ചുകൊണ്ടാണ് ഭഗവാന് ഭാഷ്യകാരന്‍ ശ്രീമദ് ശങ്കരാചാര്യ ഭഗവദ്പാദങ്ങള്‍ ഭാഷ്യമാരംഭിക്കുന്നതെന്നും സ്വാമി ചിദാനന്ദപുരി അവതാരികയിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നു. നചികേതസ്സ്-ഒരു ആസ്വാദനം എന്നതില്‍ എഴുത്തുകാരനും പ്രഭാഷകനും മുതിര്‍ന്ന പൊതുപ്രവര്‍ത്തകനുമായ ആര്.കെ.രവിവര്‍മയുടെ വിലയിരുത്തലും ശ്രദ്ധേയമാണ്. നചികേതസ്സിനൊപ്പം ഒരു നിമിഷം കല്ലോട് അച്യുതന്കുട്ടിയുടെ വായനാനുഭവവും ഈ ഖണ്ഡകാവ്യത്തെ പുതുമയുള്ളതാക്കുന്നു.
ചക്രനേമി ക്രമത്തില്‍ ഉയര്‍ന്നും താഴ്ന്നും വരുന്നതാണ് ഭാഗ്യനിര്ഭാഗ്യ സങ്കുലമായ ജീവിതം. അത് കര്‍മങ്ങളുടെ സംഘാതമാണ്. സത്കര്‍മം ധര്‍മവും ദുഷ്കര്‍മം അധര്‍മവുമാണ്. ധര്‍മം മോക്ഷത്തിലേക്കും അധര്‍മ്മം സംസാരത്തിലേക്കുമുള്ള വഴികള്‍ തുറക്കുന്നു. ഈ ശാശ്വത സത്യത്തെ നതോന്നതാ വൃത്തത്തില്‍ ആവിഷ്ക്കരിക്കുകയാണ് ശ്രീ കെ.സി.രാഘവന് രാമകര്മ്മഫലം എന്ന തന്റെ കാവ്യത്തിലൂടെ ചെയ്യുന്നതെന്ന് മികച്ച പ്രഭാഷകന്‍ കൂടിയായ ഡോ.പ്രിയദര്ശന്ലാല് ധര്‍മ കാഹളത്തിന്റെ നതോന്നതാ സൗഖ്യം എന്ന അവതാരികയിലൂടെ വിലയിരുത്തുന്നു. ലോകത്തില്‍ കലിധര്‍മം പരക്കുന്നതും അധര്‍മം ധര്‍മമായി നടിക്കുന്നതും കണ്ട് മുന്നറിയിപ്പ് നല്കുവാന് സദാ ജാഗരൂകനാകുകയാണ് ഇവിടെ കവിയെന്നും പ്രിയദര്ശന് ലാല്‍ പറയുന്നു. വിദ്വാന് സാഹിത്യ വിശാരദ് എംഎന്‍എസ് നായരുടെ രാമകര്മ്മഫലം-ഒരാസ്വാദനവും ഈ കൃതിയെ സമ്പന്നമാക്കുന്നു.
ആര്യാവര്ത്തത്തിന്റെ ഏതോ പൂര്വതടാകത്തില്നിന്ന് വ്യാസസന്ദേശമായൊരു മരാളപ്പക്ഷി ആധുനികലോകത്തേക്ക് പറന്നുവരുന്നതുപോലെ ഹൃദ്യമാണ് ‘ധര്‍മബോധം’ കാവ്യപുസ്തക പാരായണാനുഭവമെന്ന് അവതാരികയില്‍ പ്രൊഫ.മേലത്ത് ചന്ദ്രശേഖരന് പറയുന്നു. ഇതിഹാസോപജീവിയായ ആധുനിക ഖണ്ഡകാവ്യം എന്ന് ഇതിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറയുന്നു. സാഹിത്യ വിശാരദ് എംഎന്‍എസ് നായരുടെ ധര്‍മപാതയിലൂടെ ആസ്വാദനം ഈ കൃതിയേയും അനുഗൃഹീതമാക്കുന്നു.
പൗരാണിക ഭാവങ്ങളോടും ഒപ്പം ആധുനിക ജീവിതത്തേയും സംഗമിപ്പിക്കുന്ന ഈ നാല് കൃതികളും തികച്ചും വ്യതിരിക്തങ്ങളാണെന്നും വായനാ സമൂഹത്തിന് മുമ്പില്‍ സമര്‍പ്പിക്കുവാന്‍ അഭിമാനമുണ്ടെന്നും ആമുഖത്തില്‍ പ്രതാപന് തായാട്ട് അഭിപ്രായപ്പെടുന്നു. പ്രസാധനം-ഹരിതം ബുക്സ്.
എന്‍.ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: