കൊയ്തു കഴിഞ്ഞ ഏതാനും നാളുകള്‍ പഞ്ചാബിലെ ഗ്രാമങ്ങളില്‍ രോഗത്തിന്റെ നാളുകളാണ്. ഗ്രാമങ്ങളിലെങ്ങും തീയും പുകയും ചുമയും മാത്രം. വഴിയാത്രക്കാരന് പോലും പുകയില്‍ പെട്ട് ശ്വാസത്തിന് വേണ്ടി പിടയും. അന്തരീക്ഷം നിറയെ നെല്‍വയലുകളിലെ വൈക്കോല്‍ കൂമ്പാരം കത്തുന്നതിന്റെ തീയും പുകയുമായിരിക്കും. ബഹിരാകാശത്ത് ചുറ്റിക്കറങ്ങുന്ന ഉപഗ്രഹങ്ങള്‍ പോലും ഇതുകണ്ട് അമ്പരന്നിട്ടുമുണ്ട്. ഈ അഗ്നിപ്രളയത്തിന്റെ നിരവധി ചിത്രവുമെടുത്തിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഏക്കര്‍ വരുന്ന പഞ്ചാബ് നെല്‍പ്പാടങ്ങളിലെ തീയും പുകയും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഉപഗ്രഹങ്ങളാണ് പുറത്തുവിട്ടത്. അതിന്റെപേരില്‍ ഇന്ത്യക്കെതിരെ കുറെ ഏഷണി കൂട്ടാനും കാലാവസ്ഥാ മാറ്റമെന്ന് ഓലപ്പാമ്പിറക്കാനും ഒരുപിടി പടിഞ്ഞാറന്‍ ഗവേഷകരും തയ്യാറായി കഴിഞ്ഞു.
കാര്‍ബണ്‍ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, സള്‍ഫര്‍ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഭീകരന്മാര് പഞ്ചാബിലെ ഗ്രാമങ്ങളില്‍ താണ്ഡവമാടുകയാണെന്നാണ് ഈ ഗവേഷകര്‍ പറയുന്നത്. ഇവര്‍ ഒത്തുചേര്‍ന്ന് ഭൂഗോളത്തില്‍ ഗ്രീന്‍ഹൗസ് വാതകങ്ങളുടെ അളവ് കൂട്ടുന്നുവെന്നും കാലാവസ്ഥാ മാറ്റത്തിന് കൊടിപിടിക്കുന്നു എന്നുമൊക്കെയായി ആരോപണം. ഭൂമിയുടെ ചൂട് കൂടിയാല്‍ കാലാവസ്ഥ തകിടം മറിയും. പക്ഷെ സായിപ്പ് പറഞ്ഞതുകൊണ്ട് നെല്‍കൃഷി ഒഴിവാക്കാന്‍ പറ്റില്ലല്ലോ! ഗോതമ്പ് വിളയിറക്കണമെങ്കില്‍ പാടത്തെ നെല്‍വൈക്കോല്‍ മാറ്റുകയും വേണം. ആലോചന മൂത്തപ്പോള്‍ അതിനൊരു പരിഹാരമാര്‍ഗ്ഗം തെളിഞ്ഞു. വൈക്കോലില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക! ഒരേ സമയം മലിനീകരണവും തീരും. കൈയില്‍ കാശും വരും. പാടത്തെ വൈക്കോലും മാറിക്കിട്ടും. കര്‍ഷകര്‍ക്ക് സന്തോഷവും സായിപ്പുമാര്‍ക്ക് സമാധാനവും ശ്വാസകോശ രോഗങ്ങള്‍ക്ക് അറുതിയും ഫലം.
പ്രതിദിനം 12 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനമാണ് ഒരു പ്ലാന്റിന്റെ ലക്ഷ്യം. ഇത്രയും കറന്റ് ഉണ്ടാക്കാന്‍ ആവശ്യമായി വരുന്നത് 350-400 ടണ്‍ വൈക്കോല്‍. ഉപയോഗത്തിന് ശേഷം മിച്ചം വരുന്നത് 50 ടണ്ണോളം ചാരം. ഒരു ഫര്‍ണസ്, ബോയിലര്‍, നീരാവി ടര്‍ബൈന്‍, വൈക്കോല്‍ മുറിച്ച് കഷ്ണങ്ങളാക്കുന്ന യന്ത്രക്കത്തി തുടങ്ങിയവയാണ് വൈക്കോല്‍ വൈദ്യുതി ഉല്‍പ്പാദന യൂണിറ്റിന്റെ പ്രധാന ഭാഗങ്ങള്‍. കൃഷി ഇടങ്ങളില്‍നിന്ന് ഏജന്റുമാര്‍ വാങ്ങി എത്തിക്കുന്ന വൈക്കോല്‍ കഷണിച്ച് കണ്‍വെയര്‍ ബെല്‍റ്റിലൂടെയാണ് ബോയിലറില്‍ എത്തുക. ബോയിലറിന്റെ പ്രവര്‍ത്തനത്തില്‍ ജനിക്കുന്ന നീരാവി വൈദ്യുതിക്ക് ജന്മം നല്‍കും. യന്ത്രത്തിലെ ഇലക്ട്രോ സ്റ്റാറ്റിക് പ്രിസിപ്പറേറ്ററുകള് അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും ചെയ്യും. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് അഞ്ചേകാല്‍ രൂപ വച്ച് സര്‍ക്കാരിന് വില്‍ക്കുകയാണ് ചെയ്യുക. മിച്ചം വരുന്ന ചാരം ഇഷ്ടിക നിര്‍മാണത്തിന് മാറ്റും. പഞ്ചാബ് ബയോമാസ്സ് പവര്‍ ലിമിറ്റഡ് ആണ് ഈ വൈദ്യുത പദ്ധതിക്ക് രൂപം നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ഒരു ഡസനോളം വൈക്കോല്‍ വൈദ്യുതി കേന്ദ്രങ്ങള്‍ പഞ്ചാബില്‍ ആരംഭിച്ചു കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. വൈക്കോല്‍ കമ്പനികള്‍ വിളവെടുപ്പിന് സ്വന്തം യന്ത്രം തന്നെ കര്‍ഷകര്‍ക്ക് നല്‍കാനും തയ്യാറാണത്രെ. വൈക്കോല്‍ തങ്ങള്‍ക്ക് തന്നെ നല്‍കണമെന്ന് മാത്രം.
പഞ്ചാബിലെ കര്‍ഷകരുടെ വലിയൊരു പ്രശ്നത്തിനാണ് വൈക്കോല്‍ വൈദ്യുതിയിലൂടെ പരിഹാരം കണ്ടെത്തിയിരിക്കുന്നത്. ഒരേ സമയം കൃഷിയിടത്തിലെ മാലിന്യം ഒഴിവാക്കാം. അതേസമയം ഊര്‍ജം ഉല്‍പ്പാദിപ്പിച്ച് പണം നേടുകയും ചെയ്യാം. യന്ത്രസഹായത്തോടെ കൊയ്തു മെതിച്ചു കഴിയുമ്പോള്‍ മിച്ചം വരുന്ന വൈക്കോലാണ് ഇതുവരെ അവര്‍ക്ക് തലവേദന ഉണ്ടാക്കിയത്. നെല്‍കൃഷിക്ക് ശേഷം വരുന്ന ഗോതമ്പ് വിളയിറക്കാന്‍ വൈക്കോല്‍ തടസ്സം നില്ക്കുന്നു. വിള സമയത്തിനിറക്കുകയും വേണം. പിന്നെ ഒരേയൊരു മാര്‍ഗ്ഗം തീ വെയ്ക്കലാണ്. അതുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം പറഞ്ഞറിയിക്കാനാവാത്ത താണെന്നത് മറ്റൊരു സത്യം. ഓരോ വര്‍ഷവും പന്ത്രണ്ട് ദശലക്ഷം വൈക്കോല്‍ ആണ് പഞ്ചാബില്‍ മാത്രം കത്തിച്ചു കളയുന്നത്. അത് കംപോസ്റ്റ് ചെയ്താല്‍ മണ്ണിലെ വിളവ് നാല് മുതല്‍ 9 ശതമാനം വരെ വര്‍ധിപ്പിക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. അത് മണ്ണിന്റെ ഫലഭൂയിഷ്ടി വര്‍ധിപ്പിക്കുകയും ചെയ്യും. 45 ദിവസമാണ് കംപോസ്റ്റിങ്ങിന് വേണ്ടതെന്ന് പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലയും പറയുന്നു. പക്ഷേ ഇത് സഹിക്കാനും കൂലി കൊടുക്കാനും കര്‍ഷകര്‍ തയ്യാറല്ല. വൈക്കോല്‍ വൈദ്യുതി കമ്പനിക്കാര് പാക്കിങ്ങ് കമ്പനികളേക്കാളും പണം കുറച്ചേ നല്‍കാറുള്ളൂ എന്ന പരാതിയും അവര്‍ക്ക് ഉണ്ട്. പാക്കിങ്ങിന് വൈക്കോല്‍ തയ്യാറാക്കുന്ന ചെലവ് ഓര്‍ത്താല്‍ പിന്നെ കയ്യില്‍ കാര്യമായൊന്നും തടയില്ലെന്ന് മാത്രം കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന പമ്പിംഗ് സബ്സിഡി പോലെ എന്നുവേണമെങ്കിലും പറയാം. ഊര്‍ജത്തിന്റെ ഉല്‍പ്പാദനത്തിന്റെ സ്വഭാവത്തെക്കുറിച്ചും അതിന്റെ പരിസ്ഥിതി സൗഹൃദരീതിയെ കുറിച്ചുമൊക്കെ ഏറെ ചര്‍ച്ച ചെയ്യുന്നവരാണല്ലോ നമ്മള്. സൂര്യപ്രകാശം, കാറ്റ്, തിരമാല തുടങ്ങി ഒരിക്കലും നശിക്കാത്ത ‘അക്ഷയ ഊര്‍ജ്ജ’മാണോ അതോ ജലവൈദ്യുതി, താപവൈദ്യുതി, ആണവ വൈദ്യുതി തുടങ്ങിയ ‘അസ്ഥിര ഊര്‍ജ്ജ’മാണോ വേണ്ടതെന്ന് നാം ഗൗരവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഊര്‍ജ്ജപ്രതിസന്ധി വാതിലില്‍ മുട്ടുമ്പോഴും നമുക്ക് പ്രിയം ചര്‍ച്ച തന്നെ! അതിനിടയില്‍ വൈക്കോല്‍ പോലുള്ള കൊച്ചുകൊച്ച് ഊര്‍ജ്ജ ഉറവിടങ്ങളെ ഉപയോഗിച്ച് നോക്കാന്‍ ആര്‍ക്കാണ് നേരം!
2020 മാണ്ടോടെ കേരളത്തില്‍ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് ആകുമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകള്‍. പക്ഷേ ആവശ്യമുള്ളതിന്റെ നാലിലൊന്ന് പോലും കറന്റ് ഉല്‍പ്പാദിപ്പിക്കാന്‍ നിവൃത്തിയുമില്ല. ശരിക്കും ആശങ്കാജനകമായ അവസ്ഥ. നമുക്കും വൈക്കോലില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്നത് പരീക്ഷിക്കാവുന്ന കാലമാണിത്. പക്ഷേ നെല്‍കൃഷിയില്ലാതാകുന്ന നാട്ടില്‍ വൈക്കോല്‍ എവിടുന്ന്!
ഡോ.അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: