അബുജ: കിഴക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ ബസും ലോറിയും പെട്രോള്‍ ടാങ്കറും കൂട്ടിയിടിച്ച് കുട്ടികളടക്കം 36 പേര് മരിച്ചു. ബെനിന്‍-ഓര് റോഡിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു. ടാങ്കറിലുണ്ടായിരുന്ന നാലുപേരും മരിച്ചു.
അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് ഫെഡറേഷന് ഓഫ് റോഡ് സേഫ്റ്റി കമ്മീഷന് അധികൃതര്‍ അറിയിച്ചു. ഉഗ്ബോഗി ഗ്രാമത്തിന് സമീപം പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30നാണ് അപകടം സംഭവിച്ചത്. കൊല്ലപ്പെട്ടവരില്‍ 30 ബസ് യാത്രികരും പെട്രോള്‍ ടാങ്കറിലുണ്ടായിരുന്ന നാല് പേരും ഉള്‍പ്പെടുന്നു. സംഭവസ്ഥലത്തിന് സമീപമുണ്ടായിരുന്ന വര്‍ക് ഷോപ് ജീവനക്കാരായ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ട മറ്റ് രണ്ട്പേര്. മൂന്ന് പേരെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
റോഡപകടങ്ങളുടെ കാര്യത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ. കഴിഞ്ഞയാഴ്ച വടക്കന്‍ നൈജീരിയയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 18 പേര് മരിച്ചിരുന്നു. തെറ്റായ റോഡ് ശൃംഖലയും ഡ്രൈവര്‍മാരുടെ അശ്രദ്ധയും വേഗപരിധി നിയന്ത്രിക്കുന്നതിലുള്ള ട്രാഫിക് അധികൃതരുടെ പിഴവുമാണ് വര്‍ധിച്ചുവരുന്ന റോഡപകടങ്ങളുടെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
2012 ജൂലൈയിലുണ്ടായ പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍ ദക്ഷിണ നൈജീരിയയില്‍ 100 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: