കൊച്ചി: സ്വപ്നസൗധം സഫലമായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് കോണ്ട്രാക്ടര് വിനയരാജും ആര്‍ക്കിടെക്ട് ദാമോദരനും. ചതുപ്പുനിറഞ്ഞ പറമ്പിന്റെ ഓരത്തെ ആല്മരച്ചുവട്ടില്നിന്ന് വിഭാവനം ചെയ്തമന്ദിരം നിശ്ചയിച്ചതിലും നേരത്തെ യാഥാര്‍ഥ്യമാക്കിയതിന്റെ നിര്‍വൃതിയിലാണ് വിനയരാജ്. കേരളത്തിലെ പ്രഥമ പ്രാന്തപ്രചാരക് ആയിരുന്ന കെ. ഭാസ്കര്‍റാവുവിന്റെ സ്മാരകമായി നാളെ നാടിന് സമര്‍പ്പിക്കുന്ന മന്ദിരത്തില്‍ ഈശ്വരീയത ദര്‍ശിക്കുകയാണ് കാഞ്ഞങ്ങാട്ടുകാരനായ ദാമോദരന്‍. വടക്ക്-കിഴക്ക് ദര്‍ശനമായി കാറ്റിന്റെയും വെളിച്ചത്തിന്റെയും ധാരാളിത്തത്തില്‍ ഉയര്‍ന്നുവന്ന വിശാലമായ മന്ദിരത്തിലെ ദൈവികത സ്വയംഅനുഭവിച്ചറിയുകയാണ് ഇദ്ദേഹം.
വാസ്തുശാസ്ത്രത്തില്‍ അടിയുറച്ച് വിശ്വസിക്കുമ്പോഴും ദേശീയവും അന്തര്‍ദേശീയവുമായ സമൂഹത്തിനും പൊതുവെ സ്വീകാര്യമായ ശൈലിയാണ് മന്ദിരത്തിനകത്തും പുറത്തും ആവിഷ്കരിച്ചിരിക്കുന്നത്. “നൂറുകണക്കിന് തൊഴിലാളികള്‍ മാസങ്ങളായി രാപ്പകല്‍ പണിയെടുക്കുമ്പോഴും ഒരു തുള്ളി രക്തം വീണുപോലും ഈ മണ്ണ് പങ്കിലമായില്ല, തൊഴിലാളികളാണ് എല്ലാം. അവരാണ് ആദരിക്കപ്പെടേണ്ടത്,” ദാമോദരന്‍ വിനയാന്വിതനായി. പ്രകൃതിയോടിണങ്ങി, എല്ലാം കേരളീയ ശൈലിയില്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന ഭാസ്കര്‍റാവു സ്മാരക മന്ദിരത്തെ നോക്കി ദാമോദരന്‍ ആവര്‍ത്തിക്കുന്നു, ദൈവികത നിറഞ്ഞ മന്ദിരംതന്നെ….
വളരെ ചെറിയ ആശയത്തില്‍നിന്ന് ഒരു വലിയസങ്കല്പ്പം യാഥാര്‍ത്ഥ്യമായതിന്റെ നിര്‍വൃതിയില്‍ വിനയാന്വിതനാവുകയാണ് തൃക്കരിപ്പൂരുകാരനായ എന്‍. വിനയരാജ്. സര്‍വസജ്ജമായ ഒരു അള്‍ട്രാ മോഡേണ്‍ മന്ദിരം താരതമ്യേന കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞത് സംഘനേതൃത്വവുമായുള്ള ആത്മബന്ധത്തിന്റെ അനന്തരഫലമാണെന്ന് ഇദ്ദേഹം കരുതുന്നു. മന്ദിരത്തിന്റെ ഒരു ഭാഗത്തും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടില്ല. ഏറെ ആകര്‍ഷിച്ചത് ഇവിടുത്തെ സുരക്ഷാ ബോധമാണ്. എപ്പോള്‍ വിളിച്ചാലും പ്രതികരിക്കുന്ന സംഘത്തിന്റെ ഉന്നത അധികാരികള്‍ നല്കിയ ആത്മവിശ്വാസം വാക്കുകള്‍ക്കതീതമാണ്. മന്ദിരനിര്‍മ്മാണത്തിന് ഉപയോഗിച്ച ഓരോ വസ്തുവും വിനയരാജിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് എത്തിച്ചത്. ഒരു മാസമായി വീട്ടില്‍ പോലും പോകാതെ നാടിന്റെ നന്മയുടെ ഭാഗമാവുകയാണ് വിനയരാജും. 2013 മെയ് 31 നുള്ളില്‍ ലാന്‍ഡ്സ്കേപ്പിംഗ് അടക്കം എല്ലാ ജോലികളും തീര്‍ക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഇദ്ദേഹം.
രാജേഷ് പട്ടിമറ്റം
പ്രതികരിക്കാൻ ഇവിടെ എഴുതുക: