ഗുരു അദ്ധ്യാപകനായി, അദ്ധ്യാപകന് യൂണിയന് പ്രവര്‍ത്തകനായി; അതോടെ തുടങ്ങി വിദ്യാഭ്യാസത്തിന്റെ അപചയവും. ഉത്തരം വളഞ്ഞാല്‍ മോന്തായം വളയാതെ പറ്റില്ലല്ലോ? ഇവിടെ എസ്പിസി വിദ്യാര്‍ത്ഥികളെ നേരാം വഴിക്കു നടത്തുമ്പോള്‍ അതു പഠിപ്പിക്കുന്ന അദ്ധ്യാപകരും നേരേയാകുന്നു. വലിയൊരു കാമ്പസ് വിപ്ലവംതന്നെ സംഭവിക്കുന്നു.
വിദ്യാര്‍ത്ഥികളെ സമൂഹത്തിന് മാതൃകയാക്കി വളര്ത്തിയെടുക്കുന്നതിനുമുമ്പുതന്നെ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാവേണ്ട പദ്ധതിയാണ് എസ്പിസിയെന്നാണ് ഡ്രില്‍ ഇന്‍സ്പെക്ടറായ പ്രശാന്തിന്റെ അഭിപ്രായം. കുട്ടികളെ പരിശീലിപ്പിക്കുന്ന തങ്ങള്‍ എവിടെപോയാലും പരിചയമുള്ള വിദ്യാര്‍ത്ഥികളോ രക്ഷകര്‍ത്താക്കളോ കാണും. വിദ്യാര്‍ത്ഥികള്‍ക്ക് ചിട്ടയായ പരിശീലനം നല്കുന്നവര് സ്വന്തം ജീവിതത്തിലും മാതൃകയാവേണ്ടിവരും. നിയമങ്ങള്‍ സ്വമേധയാ അനുസരിക്കണമെന്ന ഓര്‍മപ്പെടുത്തല്‍ എപ്പോഴുമുണ്ടാവും. ഒരു ഡ്രില്‍ ഇന്‍സ്പെക്ടര്‍ക്ക് ഹെല്‍മറ്റ് വയ്ക്കാതെയുള്ള ഒരു യാത്രയെക്കുറിച്ച് ചിന്തിക്കാനേ ആവില്ല. 88 കുട്ടികളെ പരിശീലിപ്പിച്ചെടുക്കാന്‍ രണ്ട് ഇന്‍സ്പെക്ടര്‍ പര്യാപ്തമല്ലെന്നും പ്രശാന്ത് പറയുന്നു. മറ്റ് സ്കൂളുകളില്‍ ഡ്യൂട്ടിയുള്ളവര്‍ അന്യോന്യം സഹകരിച്ച് കൂടുതല്‍ സമയം കണ്ടെത്തിയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. സ്റ്റുഡന്റ്സ് പോലീസ് പദ്ധതിയുടെ പ്രധാന നേട്ടങ്ങളിലൊന്ന് സ്വഭാവശുദ്ധിയുള്ള ആരോഗ്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്നതാണെന്നും പ്രശാന്ത് പറയുന്നു.
കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ മണക്കാട് ഗവ.ഗേള്‍സ് ഹൈസ്ക്കൂളിലെ അധ്യാപകന് തമ്പിക്ക് പറയാനുള്ളത് അധ്യാപകരുടെ നിസ്വാര്ത്ഥസേവനത്തെക്കുറിച്ചാണ,് “പദ്ധതിയില്‍ പങ്കാളികളാകുന്ന അധ്യാപകര്‍ക്ക് ആദ്യം 2000രൂപ പ്രതിഫലം ലഭിക്കുമെന്നു പറഞ്ഞിരുന്നു. പിന്നീടത് 1000മെന്നും 500 എന്നുമൊക്കെയായി. പക്ഷേ നാളിതുവരെ കൈയില്‍നിന്ന് ചെലവായതേ ഉള്ളൂ. പക്ഷെ പരിഭവമില്ല. വഴിതെറ്റിപോവുന്ന വിദ്യാര്‍ത്ഥികളെ നേര്‍വഴിക്ക് നയിക്കാന്‍ പദ്ധതി ഒരുപാട് സഹായിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ ഉത്തരവാദിത്വവും ആത്മവിശ്വാസവും വളര്‍ത്തുന്ന ഒരു പദ്ധതിയുടെ കൂടെ നില്ക്കുന്നതില് അഭിമാനമുണ്ട്. കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ വലിയൊരു മാറ്റം വരുത്താനും കുടുംബത്തില്‍തന്നെ മാറ്റം വരുത്താനും പദ്ധതിക്ക് കഴിയുന്നുണ്ട്,” തമ്പി പറയുന്നു.
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി ചരിത്രമാവുകയാണ്. 2011ലെ ആള് ഇന്ത്യാ പോലീസ് സയന്‍സ് കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്തു. രാജസ്ഥാന് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കുകയും 17 സ്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുകയും ചെയ്തു. ഗോവ, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു. കെല്‍സയും റോഡ് സേഫ്റ്റി അതോറിറ്റിയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമൊക്കെ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നത് നേട്ടമാണ്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍കലാം, ഉപരാഷ്ട്രപതി ഡോ.ഹമീദ് അന്‍സാരി, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ.നായര്‍, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ അക്കാദമി ഡയറക്ടര്‍ വി.എന്‍.റായി തുടങ്ങി നിരവധി പ്രമുഖരാണ് പദ്ധതിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
എസ്പിസി അംഗങ്ങള്‍ക്ക് ഇന്‍ഡോര്‍ ഔട്ട്ഡോര്‍ പരിശീലനങ്ങള്‍ക്കായി എസ്സിഇആര്ടി യുടെ രണ്ട് പുസ്തകങ്ങള്‍ തയ്യാറാവുകയാണ്. മൂന്നുമാസത്തിനുള്ളില്‍ കേഡറ്റുകള്‍ക്ക് ഫിസിക്കല്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഗ്രേസ്മാര്‍ക്കിന് പുറമെ ഭാവിയില്‍ റിക്രൂട്ട്മെന്റുകളിലേക്ക് പരിഗണന നല്‍കുന്നതും ആലോചനയിലാണ്. മികച്ച കേഡറ്റ്, ഡ്രില്‍ ഇന്‍സ്പെക്ടര്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍, മികച്ച സ്കൂള്‍, മികച്ച ജില്ല എന്നിവയ്ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ നല്‍കണമെന്ന ശുപാര്‍ശയും സര്‍ക്കാരിന്റെ പരിഗണനയിലാണ്. എല്ലാ ജില്ലകളിലും എസ്പിസിക്ക് ഈ വര്‍ഷത്തോടെ സ്വന്തമായി വാഹനമുണ്ടാക്കാനുള്ള പരിശ്രമവും നടന്നുവരുന്നു.
യുവാക്കളുടെ മുമ്പില്‍ അവരുടെ ജീവിതത്തെക്കാളും ജീവിത സുഖങ്ങളെക്കാളും വലിയ ഒരാദര്‍ശത്തിന്റെ ജ്വലിക്കുന്ന ദീപം 24 മണിക്കൂറും കൊളുത്തിവെയ്ക്കാന്‍ കഴിഞ്ഞാലല്ലാതെ, അതിന്റെ വെളിച്ചത്തിലവരുടെ ജീവിതത്തിന്റെ വഴി കണ്ടെത്താന്‍ കഴിഞ്ഞാലല്ലാതെ ഈ ഇരുട്ടില്‍ നിന്നവര്‍ക്ക് മോചനമുണ്ടാവുകയില്ല. വിവേകാനന്ദന്റെ ഈ വാക്കുകള്‍ ഇവിടെ പ്രസക്തമാവുകയാണ്.
സി. രാജ
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: