ദേശീയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്ക പ്പെട്ടതിനോടുള്ള പ്രതികരണം-
അധികാരമോഹങ്ങളില്ലാതെ കഷ്ടനഷ്ടങ്ങള്‍ സഹിച്ചുകഴിയുന്ന കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം. അതിലുമുപരി സംസ്ഥാനഘടകത്തിന്റെ പ്രവര്‍ത്തനങ്ങളോടുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണമാണിത്. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതിനിടെ ജീവന് നഷ്ടമായ ജയകൃഷ്ണന് മാസ്റ്റര്‍ ഉള്‍പ്പെടെയുളളവരുടെ പ്രവര്‍ത്തനങ്ങളെ സ്നേഹാദരവോടെ സ്മരിക്കുന്നു.
ഭാവി രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍- കൂടുതല്‍ സമയം സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമാകും. ‘പാര്‍ട്ടി വിത്ത് ഡിഫറന്‍സ്’ എന്ന ബിജെപിയുടെ മുദ്രാവാക്യം ജനങ്ങളിലെത്തിക്കണം. സമൂഹം കൂടുതല്‍ അംഗീകരിക്കുന്ന വിധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കൂടുതല്‍ സ്ത്രീകളെ പാര്‍ട്ടിയില്‍ സജീവമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കും.
രാഷ്ട്രീയരംഗത്തെ സ്ത്രീസാന്നിധ്യം- സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ ഇടം നല്കാന് എല്ലാ മുഖ്യധാരാപാര്‍ട്ടികളും തയ്യാറാകണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാത്രമല്ല നിയമസഭാ-പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും വിജയസാധ്യതയുള്ള സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്കാന് രാഷ്ട്രീയരംഗത്തെ പുരുഷകേസരികള്‍ തയ്യാറാകണം. രാഷ്ട്രീയരംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സ്ത്രീകള്‍ പ്രാപ്തരല്ലെങ്കില്‍ മാറ്റിനിര്‍ത്താതെ അതിനവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ കഴിവുറ്റ സ്ത്രീസാന്നിധ്യങ്ങള്‍ തീരെ പരിമിതമാണ്. യഥാര്‍ത്ഥ കഴിവുള്ളവര്‍ തഴയപ്പെടുന്നു. സ്ത്രീകള്‍ അധികാരത്തിലെത്താതിരിക്കാന്‍ ആസൂത്രിത നയങ്ങള്‍ സ്വീകരിക്കുന്നവരാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍. സ്ത്രീ സംവരണത്തിനായി പാര്‍ട്ടി ഭരണഘടന പൊളിച്ചെഴുതാന്‍ തയ്യാറായ ബിജെപിയുടെ നടപടിയില്‍ അഭിമാനമുണ്ട്.
പ്രവര്‍ത്തനങ്ങളില്‍ പ്രചോദനം– അച്ഛനില്ലാത്ത ആറ് കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തിയ, എഴുതാനും വായിക്കാനും പോലുമറിയാത്ത ദരിദ്രയായ അമ്മ. ആ അമ്മയുടെ അഞ്ച് പെണ്മക്കളില് ഒരാളാണ് ഞാന്‍. നിശബ്ദയായി മന:ശക്തിയോടെ ജീവിതത്തെ നേരിട്ട അമ്മയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം.
ഒരുവിധത്തിലുള്ള പ്രശസ്തിയും ആഗ്രഹിക്കാതെ സംഘപരിവാര്‍ സംഘടനകളില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വനിതകളുണ്ട്. അവരെല്ലാവരും എന്നും പ്രചോദനം നല്കുന്ന വ്യക്തിത്വങ്ങളാണ്. ഒപ്പം നിശബ്ദസേവനം നടത്തി ഭര്‍ത്താവിനും മകനും സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള എല്ലാ സാഹചര്യങ്ങളുമൊരുക്കുന്ന സ്ത്രീകളെയും ബഹുമാനിക്കുന്നു. രാഷ്ട്രീയരംഗത്ത് ഉമാഭാരതിയും സുഷമാജിയും പ്രചോദനം നല്‍കുന്നവരാണ്. ഉമാജി പാര്‍ട്ടി വിട്ടപ്പോള്‍ ഒരുപാട് വേദനിക്കുകയും തിരികെ വന്നപ്പോള്‍ സന്തോഷിക്കുകയും ചെയ്തു.
കുടുംബം-രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും നഷ്ടമുണ്ടാകും. സജീവ രാഷ്ട്രീയപ്രവര്‍ത്തകനായ ഭര്‍ത്താവ് സുരേന്ദ്രനെ ബഹുമാനിക്കുന്നു. സ്വന്തം രാഷ്ട്രീയ വളര്‍ച്ച കണക്കാക്കാതെ ഭാര്യയുടെ വളര്‍ച്ചക്ക് എല്ലാ പിന്തുണയും നല്കിയ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അംഗീകരിക്കുന്നു. നല്ലൊരു രാഷ്ട്രീയ നിരീക്ഷകന് കൂടിയായ ഭര്‍ത്താവ് പ്രവര്‍ത്തനങ്ങളില്‍ വഴികാട്ടിയാണ്. ഉത്തമമായ ഒരു അമ്മ എന്ന അവകാശവാദമില്ല. ദൈവാധീനം കൊണ്ട് മക്കള്‍ നന്നായി വളരുന്നു എന്ന ആശ്വാസം മാത്രമാണുള്ളത്. മൂത്ത മകന് ഹരിലാല്‍ കൃഷ്ണ പ്ലസ് വണിന് പഠിക്കുന്നു. ഇളയയാള്‍ യദുലാല്‍ കൃഷ്ണ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
സന്ദേശം-സ്ത്രീകളുടെ മനസും ഹൃദയവും കൂടുതല്‍ സന്തോഷിക്കുന്നവയാകണം. ശാപവും കണ്ണുനീരും കേരളത്തിന്റെ മണ്ണില്‍ വീഴാതിരുന്നാല്‍ ലക്ഷ്യം പൂര്‍ണ്ണമാകുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: