ഒരു സാധാരണ മനസ്സിന് സങ്കല്പ്പിക്കാന് പോലും കഴിയാത്ത ലോകത്ത് ജീവിച്ചതിന്റെ യാതൊരു ഭാവവുമില്ല സുനിത വില്യംസിന്. ഭൂമിക്ക് പുറത്തു നിന്ന് ഭൂലോകം കണ്ടെങ്കിലും ഇന്ത്യ മുഴുവന്‍ കറങ്ങിനടന്നു കാണാനാണ് തനിക്കിഷ്ടമെന്ന് പറയുന്നു. അങ്ങ് ആകാശങ്ങള്‍ക്കുമപ്പുറത്തെ വീടിനെക്കുറിച്ചും പരാജയങ്ങള്‍ പിന്നിട്ട് താനവിടെ എത്തിയതിനെക്കുറിച്ചും എളിമയോട് സുനിത വിവരിച്ചമ്പോള് സദസ്സ് മുഴുവന്‍ നിശബ്ദമായി. ദല്‍ഹിയില്‍ നാഷനല്‍ സയന്‍സ് സെന്ററിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുമ്പോള്‍ തീര്‍ത്തുമൊരു സാധാരണക്കാരിയുടെ വേഷമായിരുന്നു സുനിത വില്യംസിന്. നാസയുടെ ഏറ്റവും തിളങ്ങുന്ന താരങ്ങളിലൊരാളെങ്കിലും സുനിത അഭിമാനത്തോടെ പറയുന്നു, ഒരിന്ത്യക്കാരന്റെ മകളാണ് താനെന്ന്.
ബഹിരാകാശത്ത് സഹയാത്രികര്‍ക്കൊപ്പം അന്തരീക്ഷത്തില്‍ ഒഴുകി നടക്കുന്നതിനിടയിലും ഉപനിഷത്തും ഭഗവദ്ഗീതയും വായിക്കുമായിരുന്നെന്നും അവര്‍ പറഞ്ഞു. ബഹിരാകാശ യാത്രികയായ മകള്‍ക്ക് ഭാരതീയനായ അച്ഛന് സ്നേഹവാത്സല്യത്തോട് സമ്മാനിച്ചതായിരുന്നു ഗീതയും ഉപനിഷത്തും. വീട് പോലെ സുന്ദരമായ ഓര്‍മ്മയാണ് തനിക്ക് ബഹിരാകാശമെന്നും അവര്‍ പറഞ്ഞു. ബഹിരാകാശ സഞ്ചാരിയാകുമെന്ന് ഒരിക്കല്‍പ്പോലും ചിന്തിച്ചിട്ടില്ലെന്ന് ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന ലോക റെക്കോര്‍ഡിന് ഉടമയായ സുനിതാ വില്യംസ് പറഞ്ഞു. അഞ്ച് വര്‍ഷത്തിനു ശേഷമാണ് സുനിത ഇന്ത്യയിലെത്തുന്നത്. സുനിത പറയുന്നു- എന്റെ അച്ഛന് അഹമ്മദാബാദ് സ്വദേശിയാണ്. ആ ഭാഗങ്ങളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. കിഴക്കന്‍ മേഖല ഇക്കുറി സന്ദര്‍ശിക്കും. ഇതുവരെ ദക്ഷിണേന്ത്യയില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. ഹിമാലയവും സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ട്.
ഇന്ത്യന്‍ ഭക്ഷണത്തോടുള്ള തന്റെ താത്പര്യം വ്യക്തമാക്കിയ സുനിത ബഹിരാകാശത്ത് കഴിച്ച സമൂസയെക്കുറിച്ചും വാചാലയായി. ജീവിതത്തില്‍ ഒരു പാട് പരാജയങ്ങള്‍ നേരിട്ടാണ് താന്‍ ഇന്നത്തെ നിലയില്‍ എത്തിയത്. നല്ല ഭര്‍ത്താവും കുട്ടികളുമടങ്ങുന്ന കുടുംബമാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമായി സുനിത ചൂണ്ടിക്കാണിക്കുന്നത്. ഒപ്പം ജീവിതത്തില്‍ എന്നും മാതൃകകളായി അച്ഛനേയും അമ്മയേയും കാണുന്നു. 1965 സെപ്റ്റംബര്‍ 19ന് യൂക്ലിഡിലാണ് സുനിത ജനിച്ചത്.
അമ്മ സ്ലൊവേനിയക്കാരിയാണ്. ഇന്ത്യക്കാരിയാണ് താനെന്ന് കുട്ടിക്കാലം മുതല്‍ അഭിമാനത്തോട് പറയാറുണ്ട് സുനിത. അച്ഛന്റെ നാടായ അഹമ്മദാബാദില്‍ ഇടയ്ക്ക് സന്ദര്‍ശനം നടത്താറുണ്ട്. കോടിക്കണക്കിന് മനുഷ്യര്‍ക്കിടയില്‍ ഒന്നോ രണ്ടോ പേര്‍ക്ക് സാധ്യമാകുന്ന മഹാകാര്യമാണ് താന്‍ ചെയ്തതെന്ന വിചാരമില്ലാതെ നല്ല കുടുംബിനിയായി സംസ്ക്കാരത്തെയും പാരമ്പര്യത്തെയും അംഗീകരിച്ച് മാതൃകയാകുന്ന സുനിതയുടെ പേരില്‍ ലോകമെങ്ങുമുള്ള സ്ത്രീകള്‍ക്ക് അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: