2006ല്‍ പി.വിജയന് ഐഎഎസ് കൊച്ചിസിറ്റി പോലീസ് കമ്മീഷണറായിരിക്കുന്ന കാലം. അന്ന് കൊച്ചിയില്‍ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ നടന്ന ആശയവിനിമയത്തില്‍ പരിപാടി വച്ചു. കുട്ടികള്‍ക്ക് പോലീസിനെക്കുറിച്ചുള്ള കാഴ്ചപ്പാട് വളരെ മോശമാണ് എന്ന് വിജയന് മനസിലാക്കി.
പോലീസിനെ ഭയപ്പാടോടെയും അകല്ച്ചയോടെയുമാണ് വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നത്. തുടര്‍ന്ന് ആ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് സ്റ്റേഷന് സന്ദര്‍ശനത്തിനും ഉദ്യോഗസ്ഥരോട് കൂടുതല്‍ ഇടപഴകാനും അവസരം നല്കി. അവരുടെ സമീപനം മാറി. വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ സൗഹൃദപരമായി ബന്ധപ്പെടുന്ന ഒരു സംവിധാനമുണ്ടായാല് യുവതലമുറയില്‍ പോലീസിനെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ വളരെയേറെ മാറ്റങ്ങള്‍ വരുത്താനാകുമെന്ന് തിരിച്ചറിഞ്ഞ വിജയന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ പദ്ധതിയാണ് എസ്പിസി. ഇതിനിടെ വിജയന് മലപ്പുറം എസ്പിയായി സ്ഥലംമാറ്റം ലഭിച്ചു. ഈ വേളയിലാണ് അന്നത്തെ ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന് മുന്നില്‍ വിജയന് പദ്ധതി വിശദീകരിക്കുന്നത്. എവിടെയെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി കാണിക്കാനായി അദ്ദേഹം നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വിഎച്ച്എസ് സ്കൂളില്‍ നടപ്പാക്കി. 2008-ല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂളിലും പദ്ധതി വിജയകരമായി നടപ്പാക്കി.
2009-ല്‍ പദ്ധതി അംഗീകാരത്തിനായി നല്കി. 2010 ജനുവരിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് സ്കൂളുകളില്‍ പദ്ധതി നടപ്പാക്കാന്‍ അനുമതി ലഭിച്ചു. എന്നാല്‍ അങ്ങനെയല്ല പദ്ധതിയെക്കുറിച്ച് താന്‍ ഉദ്ദേശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വിജയന് വീണ്ടും അധികാരികളെ സമീപിച്ചു. ഇതിനിടെ കോഴിക്കോട് കലോല്‍സവത്തില്‍ ഗതാഗതനിയന്ത്രണത്തിനും മറ്റുപ്രവര്‍ത്തനങ്ങള്‍ക്കും സ്റ്റുഡന്റ്സ് പോലീസിനെ വിനിയോഗിച്ചത് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രിയുടെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും പദ്ധതി വിശദീകരിച്ചു.
അങ്ങനെ ഇതേക്കുറിച്ച് പഠിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറും ഡിജിപി ജേക്കബ് പുന്നൂസും വിജയനുമടങ്ങുന്ന ഉന്നതതലസമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ നിര്‍ദ്ദേശം കാബിനറ്റ് അംഗീകരിച്ച് 2010 മേയ് 29ന് പി.വിജയനെ സംസ്ഥാന നോഡല്‍ ഓഫീസറാക്കി ഉത്തരവിറങ്ങുകയായിരുന്നു. തുടക്കത്തില്‍ 100 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കാന്‍ അംഗീകാരം നല്‍കിയത്. 27 സ്കൂളുകള്‍ സ്വന്തം ചെലവില്‍ പദ്ധതി നടപ്പാക്കാന്‍ മുന്നോട്ടുവന്നതോടെ 127 സ്കൂളുകളില്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതിക്കായി തിരുവനന്തപുരം സയന്‍സ് ആന്റ് ടെക്നോളജിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന ശില്‍പ്പശാലയും സംഘടിപ്പിച്ചു. സര്‍വശിക്ഷാ അഭിയാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ് പദ്ധതിയെ പിന്തുണച്ചത്.
പദ്ധതിയുടെ തുടക്കം പി.വിജയനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നു. ജോലിതിരക്കിനിടയിലും ഒറ്റയാള്‍ പട്ടാളമായി വിജയന് എസ്പിസിക്കായി പോരാട്ടം തുടര്‍ന്നു. സംസ്ഥാനത്തില്‍ നിന്ന് അങ്ങോളമിങ്ങോളം സാമൂഹിക പ്രതിബദ്ധതയുള്ള ആരോപണവിധേയരല്ലാത്ത നല്ല വ്യക്തിത്വമുള്ള ഉദ്യോഗസ്ഥരെ ഭാഗമാക്കി. ഈ കാലഘട്ടത്തില്‍ എന്‍എസ്എസ് സംസ്ഥാന കോര്‍ഡിനേറ്ററായിരുന്ന ഇ.ഫാസിലിനെപോലുള്ള പലരുടെയും പിന്തുണ തനിക്ക് ആത്മവിശ്വാസം നല്‍കിയെന്ന് വിജയന് പറയുന്നു. തുടക്കത്തില്‍ ഫണ്ടിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു.
ഒരു പുതിയ ആശയം സ്വീകരിക്കപ്പെടുന്നതിനിടെയുണ്ടാകാവുന്ന എല്ലാ ബുദ്ധിമുട്ടുകളും ഉണ്ടായി. എന്നാല്‍ പദ്ധതിയുമായി സഹകരിക്കാനും നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനും ആത്മാര്‍ത്ഥതയുള്ള ഒരുപാട്പേര് കടന്നുവന്നു. പദ്ധതിയുടെ വിജയം ഉദ്യോഗസ്ഥരിലും അധ്യാപകരിലും കുട്ടികളിലും ആത്മവിശ്വാസമുണ്ടാക്കി കുട്ടികളുടെ അക്കാദമിക് നിലവാരത്തിലും സ്വഭാവരൂപീകരണത്തിലും കാര്യമായ മാറ്റങ്ങളുണ്ടായതായി വിജയന് സാക്ഷ്യപ്പെടുത്തുന്നു. എട്ടാം ക്ലാസില്‍ ശരാശരി പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ പത്താംക്ലാസില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് എസ്പിസിയുടെ മികവ് കൊണ്ടാണെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയ സന്ദര്ഭങ്ങളുണ്ടെന്നും വിജയന് പറയുന്നു.
നിസ്വാര്‍ത്ഥമായി ജോലിചെയ്യുന്ന ഒരു ചെറിയ വിഭാഗം സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുണ്ട്. അത്തരക്കാരാണ് എസ്പിസിയുടെ വിജയത്തിന് പിന്നിലെന്ന് അസി.നോഡല്‍ ഓഫീസറും എസിയുമായ കെ.ജെ.ബാബു പറയുന്നു. സാമ്പത്തികനേട്ടങ്ങളല്ലാതെ സ്വന്തം കയ്യില്‍നിന്ന് രൂപ ചെലവാക്കി സമയം കണ്ടെത്തി എസ്പിസിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം പോലീസുദ്യോഗസ്ഥന്മാരും അദ്ധ്യാപകരുമാണ് തങ്ങളുടെ കരുത്തെന്ന് ബാബു പറയുന്നു.
എന്‍സിസിയുടെ റീജിയണല്‍ ഓഫീസില്‍ 60ഓളം സ്റ്റാഫുള്ളപ്പോള് എസ്പിസി ആസ്ഥാന ഓഫീസില്‍ ഏഴുപേര്‍ മാത്രമാണ് പദ്ധതിക്കുവേണ്ടി സ്ഥിരം പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും 247 സ്കൂളുകളില്‍ പദ്ധതി വിജയകരമായി നടപ്പാവുന്നതിനുപിന്നില് വലിയൊരു വിഭാഗം ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥമായ പരിശ്രമമുണ്ടെന്ന് ബാബു പറയുന്നു.
സി.രാജ
(നാളെ: നന്നാകുന്നു, അദ്ധ്യാപകരും കുട്ടികളും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: