ലണ്ടന്‍: രാജ്യത്തെ സാമ്പത്തിക മാന്ദ്യം, ജനസമ്മതിയിലുണ്ടായ വന്‍ ഇടിവ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനെ വലയ്ക്കുന്ന പ്രശ്നങ്ങള്‍ ഏറെ. നാടിനെ രക്ഷിക്കാനോ സ്വയം രക്ഷാകവചമൊരുക്കാനോ കഴിയുമോയെന്ന കാര്യത്തില്‍ അദ്ദേഹത്തിനു പോലും ഉറപ്പില്ല. പക്ഷേ, ജീവിതത്തില്‍ ആരെയും രക്ഷിക്കാത്തവനെന്ന പേരുദോഷം കാമറോണിനെ തേടിയെത്തില്ലെന്നുറപ്പ്. പ്രോട്ടോകോളിന്റെ കെട്ടുപാടുകള്‍ മറന്ന് കാമറോണ്‍ ചതുപ്പുനിലത്തിലേക്ക് എടുത്തുചാടിയ നിമിഷം ഒരു പെണ് ചെമ്മരിയാട് മരണത്തില്‍ നിന്ന് കരകയറി.
മാര്‍ച്ച് ഒന്നിന് ഓക്സ്ഫോര്‍ഡ്ഷെയറില്‍ അവധിക്കാല വസതിക്കു സമീപത്തെ കര്‍ഷക സുഹൃത്തിനെ കണ്ടുമടങ്ങവെയാണ് കാമറോണ്‍ ഒരു ചെമ്മരിയാടിന്റെ കരച്ചില് കേട്ടത്. ചുറ്റുംനോക്കിയ കാമറോണ്‍ ചതുപ്പുനിലത്തില്‍ മുങ്ങിത്താഴുന്ന ആ പാവം സഹജീവിയെ കണ്ടു. ഒട്ടും അമാന്തിച്ചില്ല. റബ്ബര്‍ ബൂട്ടും ജീന്‍സും അണിഞ്ഞ കാമറോണ്‍ ചതുപ്പിലേക്ക് ചാടി. പിന്നാലെ രണ്ടു ബോഡി ഗാര്‍ഡുകളും. മൂവരും ചേര്‍ന്ന് അല്‍പ്പം പണിപ്പെട്ട് ആടിനെ കരയിലെത്തിച്ചു.
ഞാന്‍ അവടിയെത്തുമ്പോള് കാമറോണ്‍ ചതുപ്പിലായിരുന്നു. രണ്ടു പോലീസുകാരും കൂടെയുണ്ടായിരുന്നു. ആടിനെ കരയിലെത്തിക്കാന്‍ ഞങ്ങളും ചെറിയ തോതില്‍ സഹായിച്ചു, കര്‍ഷകനായ ജൂലിയന്‍ ടസ്റ്റിന് പറഞ്ഞു. അദ്ദേഹം സമര്‍ത്ഥനായിരുന്നു. ചതുപ്പില്‍ നിന്ന് ആടിനെ തള്ളിയും വലിച്ചും പുറത്തെത്തിച്ചു. അപ്പോഴേക്കും അദ്ദേഹം ചെളിയില്‍ കുഴഞ്ഞു മറിഞ്ഞിരുന്നു, ടസ്റ്റിന് ഓര്‍ക്കുന്നു.
കുസൃതികളായ കുഞ്ഞാടുകള്‍ക്കു പിന്നാലെ പായവെയാണ് അമ്മയാട് ചതുപ്പില്‍ വീണത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലെ രക്ഷാപ്രവര്‍ത്തകര്‍ അമ്മയെ കരയ്ക്കെത്തിക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ കണ്ണുകളില്‍ നന്ദിയുടെ വെള്ളിവെളിച്ചമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: