സോള്‍: കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷാവസ്ഥ തീവ്രമാകുന്നു. തുടര്‍ച്ചയായുള്ള ഉത്തര കൊറിയന്‍ പ്രകോപനങ്ങള്‍ക്കെതിരെയുള്ള താക്കീത് ദക്ഷിണ കൊറിയ ഇന്നലെ കടുപ്പിച്ചു. സ്വന്തം ജനതയുടെ രക്ഷയ്ക്കായി സൈനിക നടപടിക്കുമടിക്കില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്കി. സംയുക്ത വ്യാവസായിക മേഖലയായ കീസോങ്ങില് തങ്ങളുടെ പൗരന്മാര്ക്ക് ഉത്തരകൊറിയ പ്രവേശനം നിഷേധിച്ച പശ്ചാത്തലത്തിലാണ് ദക്ഷിണ കൊറിയയുടെ കടുത്ത പ്രതികരണം.
ശത്രുവിന്റെ നീക്കങ്ങള്‍ തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. കീസോങ്ങിലെ ഞങ്ങളുടെ തൊഴിലാളികളുടെ സുരക്ഷയ്ക്കായി വേണ്ടിവന്നാല്‍ സൈനിക നടപടികള്‍ സ്വീകരിക്കും, ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി കിം വാം ജിന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ മോശമാവാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങള്‍ക്കും മുതല്‍ മുടക്കുള്ള കീസോങ്ങിലെ വ്യാവസായിക മേഖലയില്‍ ദക്ഷിണ കൊറിയന്‍ തൊഴിലാളികള്‍ക്ക് ഇന്നലെ രാവിലെ മുതല്‍ ഉത്തര കൊറിയന്‍ അധികൃതര്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. കീസോങ്ങിലുള്ള 861 ദക്ഷിണ കൊറിയക്കാരോട് സ്വദേശത്തേക്കു മടങ്ങാനും ഉത്തര കൊറിയ നിര്‍ദേശിച്ചു. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് 2 മണിവരെ വെറും ഒമ്പതുപേരെ ദക്ഷിണ കൊറിയയില്‍ കമ്പനികളുടെ പ്രവര്‍ത്തനം അവതാളത്തിലാവാതിരിക്കാനാണ് തങ്ങളുടെ തൊഴിലാളികള്‍ അവിടെ തങ്ങുന്നതെന്ന് ദക്ഷിണ കൊറിയ വിശദീകരിച്ചു.
അതേസമയം, അംഗീകരിക്കാനാവാത്ത വാക്പോരില്‍ നിന്ന് പിന്മാറാന് ഉത്തരകൊറിയയോട് അമേരിക്ക ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഉത്തര കൊറിയ അപകടകരവും വീണ്ടുവിചാരമില്ലാത്തതുമായ വാക്പ്രയോഗം തുടരുന്നു. കി ജോങ്ങ് ഉന്നിന്റെ പ്രകോപനങ്ങളുടെ ഉദ്ദേശ്യം അറിയാം. അവരെ അമേരിക്ക ഒരിക്കലും ആണവ രാജ്യമായി അംഗീകരിക്കാന്‍ പോകുന്നില്ല,യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. സ്വയ രക്ഷയ്ക്കും സഖ്യരാജ്യങ്ങളുടെ സുരക്ഷയ്ക്കും വേണ്ടതെല്ലാം ചെയ്യും. എന്തിനും തയാറെടുത്തു കഴിഞ്ഞു. നമുക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് ഉത്തരകൊറിയന്‍ ഭരണകൂടത്തിനു നന്നായി അറിയാം കെറി വ്യക്തമാക്കി.
അതിനിടെ, യുഎസ് പ്രതിരോധ സെക്രട്ടറി ചക് ഹേഗലും ചൈനീസ് പ്രതിരോധ സെക്രട്ടറി ജനറല്‍ ചാങ്ങ് വാങ്ക്വാനും കൂടിക്കാഴ്ച്ച നടത്തി. കൊറിയന്‍ ഉപദ്വീപിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ചചെയ്തു. ഉത്തരകൊറിയയുടെ ആണവ- ബാലിസ്റ്റിക് മിസെയില്‍ പദ്ധതികള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ഹേഗല്‍ വാങ്ക്വാനോടു പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: