ഇസ്ലാമബാദ്: പിതാവും പ്രസിഡന്റുമായ ആസിഫ് അലി സര്‍ദാരിയുമായുള്ള രാഷ്ട്രീയ ഭിന്നതയെ തുടര്‍ന്ന് ദുബായിയിലേക്കുപോയ പിപിപി തലവന്‍ (പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി) ബിലാവല്‍ ഭൂട്ടോ സ്വരാജ്യത്തു തിരിച്ചെത്തി. എന്നാല്‍ പിപിപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാന്‍ ബിലാവലുണ്ടാവില്ലെന്ന് അദ്ദേഹവുമായിഅടുത്തവൃത്തങ്ങള് സൂചിപ്പിക്കുന്നു. മെയ് 11നാണ് പാക്കിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പ്.
ആറു ദിവസത്തെ ദുബായ് വാസത്തിനുശേഷം ഇന്നലെ സര്‍ദാരിക്കൊപ്പം ബിലാവല്‍ കറാച്ചിയില്‍ വിമാനമിറങ്ങുകയായിരുന്നു. മകനെക്കാണാന്‍ മാര്‍ച്ച് 30ന ്സര്ദാരി ദുബായിലേക്കുപോയിരുന്നു.
പിപിപിയുടെ പ്രചാരണത്തിന്റെ എല്ലാഘട്ടത്തിലും ബിലാവല്‍ ഉണ്ടാവും, അദ്ദേഹത്തിന്റെ സ്റ്റാഫുകളുടെ തലവനായ ഹഷാം റിയാസ് പറഞ്ഞു. എന്നാല്‍ പ്രചാരണം നയിക്കുന്നത് ബിലാവല്‍ ആവില്ലെന്നും റിയാസ് വ്യക്തമാക്കി.
മുന്‍ പാക് പ്രസിഡന്റും ബിലാവലിന്റെ മുത്തച്ഛനുമായ സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ചരമവാര്‍ഷികദിനമായ ഏപ്രില്‍ 4ന് സിന്ധ് പ്രവിശ്യയില്‍ പിപിപി സംഘടിപ്പിക്കുന്ന റാലിയില്‍ ബിലാവല്‍ പങ്കെടുക്കും. ഈ റാലിയിലൂടെ പ്രചാരണത്തിനു തുടക്കമിടാനാണ് പിപിപിയുടെ ശ്രമം.
പാര്‍ട്ടിയുടെ നയരൂപീകരണം സംബന്ധിച്ച് സര്‍ദാരിയുമായുള്ള ഭിന്നതകളുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 26ന് ബിലാവല്‍ രാജ്യം വിടുകയായിരുന്നു. പിതൃ സഹോദരി ഫര്യാല് തല്പുറുമായുള്ള രസക്കേടും പലായനത്തിന് ബിലാവലിനെ പ്രേരിപ്പിച്ചെന്നു റിപ്പോര്‍ട്ടുകളും പ്രചരിച്ചു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങളാല്‍ ബിലാവല്‍ തത്കാലം രാജ്യത്തു നിന്നു മാറി നിന്നതാണെന്നായിരുന്നു പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: