ദമാസ്കസ്: പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരായ വിമത പ്രക്ഷോഭംഅരങ്ങേറുന്ന സിറിയയില്‍ മാര്‍ച്ചില്‍ മാത്രം കൊല്ലപ്പെട്ടത് 6000പേര്. സര്‍ക്കാര്‍ സേനയും വിമതരും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിനിടെ ജീവന്നഷ്ടപ്പെട്ടവരിലേറെയും സാധാരണക്കാരാണ്. ഇതാദ്യമായാണ് സിറിയയില്‍ ഒരു മാസത്തിനുള്ളില്‍ ഇത്രയും പേര് മരിക്കുന്നത്. 5400 പേര് കൊല്ലപ്പെട്ട 2012 ആഗസ്റ്റാണ് ഇതിനു മുന്‍പത്തെ രക്തരൂഷിതമായ മാസം. കനത്ത ഷെല്ലാക്രമണവും ഏറ്റുമുട്ടലുകളും സിറിയയിലെ ശവപ്പറമ്പാക്കിയെന്നു മനുഷ്യാവകാശ നിരീക്ഷക സംഘം പറയുന്നു.
കഴിഞ്ഞമാസം 2,080 സാധാരണക്കാര്‍ മരിച്ചെന്നു പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 298 കുട്ടികളും അത്രത്തോളം സ്ത്രീകളും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ സേനയിലെ 1464പേരും വിമതരിലെ 1500പേരും കൊല്ലപ്പെട്ടു. എന്നാല്‍ ഈ കണക്കുകള്‍ വിശ്വസനീയമല്ലെന്നാണ് വിലയിരുത്തല്‍.
വിമതരും സര്‍ക്കാരും യഥാര്‍ഥ മരണസംഖ്യ മറച്ചുവയ്ക്കുന്നതാണ് ഇതിനു കാരണം. നിരവധിപേരെ വിമതരും സര്‍ക്കാരും പിടിച്ചു കൊണ്ടുപോയിട്ടുണ്ട്.
കാണാതായവരെ സംബന്ധിച്ചും യാതൊരു വ്യക്തതയുമില്ല. സിറിയയിലെ രണ്ടുവര്‍ഷം നീണ്ട ആഭ്യന്തര കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുഎന്‍ നിയോഗിച്ച കമ്മീഷന് ഫെബ്രുവരി 18ന് സമര്‍പ്പിച്ചിരുന്നു. നാളിതുവരെ ഏകദേശം 70000ത്തോളം പേര് മരിച്ചെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ നിന്ന് കാര്യമായ ശ്രമമുണ്ടാകാത്തതും അസദിന്റെ കാര്‍ക്കശ്യവും സാധാരണക്കാരന്റെ ജീവിതത്തെ ദയനീയമാക്കുകയാണ്. രാജ്യത്തെ വലിയ നഗരങ്ങളായ അലെപ്പോ,ദമാസ്കസ്, ഹോംസ് എന്നിവിടങ്ങളില്‍ പ്രക്ഷോഭകാരികളും സര്‍ക്കാര്‍ അനുകൂല സേനയും തമ്മില്‍ ശക്തമായ പോരാട്ടം ഇപ്പോഴും തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: