തിരുവനന്തപുരം: സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതാണ് ഭാരതീയ പാരമ്പര്യമെന്നും നമ്മുടെ സംസ്കാരം പകര്‍ന്ന നല്കിയ ജീവിത ഗുണങ്ങള്‍ എങ്ങനെ ഉയര്ത്തപ്പിടിക്കണമെന്നതിനെക്കുറിച്ച് യുവതലമുറ ചിന്തിക്കണമെന്നും ഡോ. ജി. മാധവന്‍നായര്‍ വിശാലഹിന്ദു ഐക്യ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച ചരിത്ര-ശാസ്ത്ര-സാംസ്കാരിക പ്രദര്‍ശിനിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സിന്ധു നദീതടത്തില്‍ രൂപപ്പെട്ട നമ്മുടെ സംസ്കാരം ഒരു കാലത്ത് ലോകത്തിന്റെ മുന്‍ നിരയില്‍ നിന്നിരുന്നുവെന്നതിന് നിരവധി തെളിവുകളുണ്ട്. ആധുനിക ലോകത്തെ ഡ്രെയിനേജ്, സാനിട്ടേഷന്‍, നിര്‍മ്മാണ, വികസന മേഖലകളോട് കിടപിടിക്കുന്ന സംവിധാനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഭാരതത്തിലുണ്ടായിരുന്നു. മെറ്റല്‍സ് ഉപയോഗിച്ചിരുന്നത് ഭാരതീയനായിരുന്നു. 1500-2000 കൊല്ലങ്ങള്‍ക്കുമുമ്പ് ചെമ്പും ടിന്നും കൂട്ടിയുണ്ടാക്കിയ ലോഹങ്ങള്‍ നമ്മള് ഉപയോഗിച്ചിരുന്നു. ഇരുമ്പ് ആദ്യം ഉപയോഗിച്ചിരുന്നത് ഭാരതീയരായിരുന്നു. 600 ബിസിയില്‍ ഭാരതത്തില്‍ നിലനിന്നിരുന്ന ചികിത്സാ രീതികള്‍ ലോകം പിന്തുടരുന്നു. ആദ്യ പ്ലാസ്റ്റിക് സര്‍ജറി നടന്നത് ഇവിടെയായിരുന്നു.
ഇത്തരത്തില്‍ വലിയൊരു പാരമ്പര്യത്തിന്റെയും സാംസ്കാരത്തിന്റെയും ഉടമകളായിരുന്നു ഭാരതീയര്‍. എന്തുകൊണ്ടോ കാലാന്തരത്തില്‍ ഇത് വേണ്ടവിധത്തില്‍ പുതുതലമുറയിലെത്തിക്കാനായില്ല. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ ലോകശ്രദ്ധനേടാന്‍ കഴിഞ്ഞു. സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ നമ്മുടെ ശാസ്ത്രജ്ഞന്മാര്ക്ക് ലോക ശാസ്ത്രജ്ഞരോടൊപ്പം നില്ക്കാനാവും. ഹിന്ദുക്കളുടെ ഇടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളം സ്പര്‍ദ്ധയും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഹിന്ദു ഐക്യവേദിയെപ്പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വിശാല ഹിന്ദു സമ്മേളനത്തിലുള്ള വിശാല ഹിന്ദു ഐക്യ ഗീതങ്ങളുടെ ഓഡിയോ സിഡി പ്രകാശനം ഗാനരചയിതാവ് ബിച്ചു തിരുമല പിന്നണിഗായകന്‍ ശ്രീറാമിന് നല്കി നിര്‍വ്വഹിച്ചു. ഹൈന്ദവത്വത്തില്‍ എല്ലാമടങ്ങിയിട്ടുണ്ടെന്നും എല്ലാത്തിനെയും സഹിഷ്ണുതയോടെ സ്വീകരിച്ചുപോന്ന ഹിന്ദു മനോഭാവത്തില്‍ മാറ്റം വരരുതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന അവാര്‍ഡ് നേടിയ പിന്നണി ഗായകന് ശ്രീറാമിനെ ജി. മാധവന്‍നായര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സിഡിയുടെ സംഗീതരചന നിര്‍വ്വഹിച്ച സംഗീതജ്ഞന് സി. ജയന് ഒ. രാജഗോപാലും ഗാനങ്ങളെഴുതിയ കവി മരുതത്തൂര്‍ സുകുവിനെ കുമ്മനം രാജശേഖരനും പൊന്നാട അണിയിച്ച് ആദരിച്ചു. സമ്മേളനത്തിന്റെ വര്‍ക്കിംഗ് ചെയര്മാന് എം.എസ്. കുമാര്‍ ആധ്യക്ഷം വഹിച്ചു. കവി ഉദയന്‍ കൊക്കോട് കവിതാലാപനം നടത്തി. ടി. ജയചന്ദ്രന് സ്വാഗതവും ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: