ക്രമസമാധാന പാലനമാണ് പോലീസിന്റെ ജോലി. പക്ഷേ ഇക്കാര്യത്തില്‍ പോലീസിനു ചെയ്യാനാകുന്നതിനു പരിമിതിയുണ്ട്. പക്ഷേ, എല്ലാവരും പോലീസായാലോ. കാര്യം എളുപ്പമായി. എന്നാല്‍ എല്ലാവര്ക്കും ഔദ്യോഗികമായി പോലീസാകാന്‍ കഴിയില്ലല്ലോ. എങ്കിലും എല്ലാവര്ക്കും പോലീസാകാം. അതാണു സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
മാറ്റമുണ്ടാകേണ്ടത് കടലാസിലല്ല ഹൃദയത്തിലാണ് സ്വാമി വിവേകാനന്ദന്റെ ഈ വാക്കുകള്‍ മനസിലേക്കാവാഹിച്ച് ഒരു നിയമപാലകന് ആ മാറ്റത്തിന് വേണ്ടി പോരാടി. നിയമം അടിച്ചേല്‍പ്പിക്കപ്പെടേണ്ടതല്ലെന്നും ഓരോ വ്യക്തിയുടെയും പൗരജീവിതത്തിന്റെ ഭാഗമാണെന്നുമുള്ള കാഴ്ചപ്പാട് വളര്‍ത്തിയെടുക്കണമെന്നുള്ള തിരിച്ചറിവ് പ്രദാനം ചെയ്യുന്ന ഒരു സംവിധാനത്തിനുവേണ്ടി ആ മനുഷ്യന് മുന്നിട്ടിറങ്ങി. പ്രതിബന്ധങ്ങള്‍ക്കിടയിലും ശുഭാപ്തി വിശ്വാസത്തോടെ ഉന്നതാധികാരികളുടെ വാതിലുകള്‍ക്കുമുന്നില്‍ പലതവണ കാത്തുനിന്നു. മടുപ്പുണ്ടാക്കുന്ന സാഹചര്യങ്ങളുണ്ടായിട്ടും തന്റെ ലക്ഷ്യത്തില്‍നിന്നും വ്യതിചലിക്കാന്‍ തയ്യാറായില്ല. നാലുവര്‍ഷത്തെ ശ്രമത്തിനൊടുവില്‍ ആ ആശയം നടപ്പാക്കാന്‍ ഔദ്യോഗികമായി അനുമതി ലഭിച്ചു. മൂന്നുവര്‍ഷംകൊണ്ട് കേരളത്തിലെ സ്കൂളുകളില്‍ യുവതലമുറയില്‍ പരിവര്‍ത്തനത്തിന്റെ വിപ്ലവകരമായ മാറ്റമുണ്ടാക്കിയ ആ പദ്ധതി ഇന്ന് മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കുന്നു.
നിയമത്തെയും നിയമപാലകരേയും അടുത്തറിഞ്ഞ് വ്യക്തി നിര്‍മാണത്തിലൂടെ രാഷ്ട്രപുനര്‍നിര്‍മാണത്തിന്റെ ഭാഗമാവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കുന്ന, പി.വിജയന് എന്ന ഐപിഎസ് ഓഫീസറുടെ ആശയമായ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്പിസി)എന്ന ആ പദ്ധതിയില്‍ അംഗമാകാന്‍ മുന്നോട്ടുവരുന്ന സ്കൂളുകളുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണംതന്നെ പദ്ധതിയുടെ വിജയം വിളിച്ചോതുന്നു.
2006ല്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരിക്കെയാണ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി എന്ന ആശയത്തെക്കുറിച്ച് പി. വിജയന് ആലോചിക്കുന്നത്. നാലുവര്‍ഷത്തെ പ്രയത്നത്തിനൊടുവില്‍ 2010 ആഗസ്റ്റില്‍ പദ്ധതിക്ക് അനുമതി ലഭിച്ചു. പി. വിജയനെ സ്റ്റേറ്റ് നോഡല്‍ ഓഫീസറാക്കി കേരളത്തിലെ 127 സ്കൂളുകളില്‍ 11176 കുട്ടികളെ കേഡറ്റുകളാക്കി ആരംഭിച്ച പദ്ധതിയിന്ന് കേരളത്തിലെ 247 ഹൈസ്ക്കൂളുകളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. പദ്ധതിയുടെ കീഴില്‍ ഇന്ന് 15,064 സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുണ്ട്. പദ്ധതി നടപ്പാക്കാന്‍ 500 സ്കൂളുകള്‍ അപേക്ഷ നല്കി കാത്തിരിക്കുന്നു. കേരളത്തിലെ പദ്ധതി മാതൃകയാക്കാന്‍ അന്യസംസ്ഥാനങ്ങള്‍ മുന്നോട്ടുവരുന്നു. രാജസ്ഥാനില്‍ 17 സ്കൂളുകളില്‍ ആരംഭിച്ച പദ്ധതി ഗോവ, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും മാതൃകയാക്കാന്‍ രൂപരേഖ തയ്യാറാക്കുന്നു.
ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ഗതാഗതം, വനം, എക്സൈസ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് 2010 ആഗസ്റ്റില്‍ പദ്ധതി ആരംഭിച്ചത്. പദ്ധതി ഇത്രയും വിപുലമായതിന് പിന്നില്‍ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും നിസ്വാര്‍ത്ഥമായ പരിശ്രമമാണ്. വേണ്ടത്ര പിന്തുണ ലഭിക്കാതെ, ഫണ്ടും മറ്റ് ആനുകൂല്യങ്ങളുമൊന്നുമില്ലാതിരുന്നകാലത്ത് തങ്ങളുടെ തിരക്കിനിടയിലും സമയം കണ്ടെത്തി പദ്ധതി മുന്നോട്ടുകൊണ്ടുപോയ ഉദ്യോഗസ്ഥരും അധ്യാപകരുമാണ് അന്നും ഇന്നും ഈ പദ്ധതിയുടെ കരുത്ത്.
കുട്ടികളില്‍ നിയമ അവബോധമുണ്ടാക്കുക, നിയമം തങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമാണെന്ന തിരിച്ചറിവുണ്ടാക്കുക, നിയമത്തെ ബഹുമാനിക്കുന്ന തലമുറയായി അവരെ വളര്‍ത്തിയെടുക്കുക തുടങ്ങിയ ആശയങ്ങളാണ് പദ്ധതി പ്രധാനമായും മുന്നോട്ട് വെയ്ക്കുന്നത്.
ആധുനിക ഐടി യുഗത്തില്‍ ഐടിയുടെ അനന്തസാധ്യതകളെയും ദോഷവശങ്ങളെയുംകുറിച്ച് ബോധവാന്മാരാക്കുക, കുട്ടികളിലെ സ്വഭാവദൂഷ്യം, ക്രിമിനല്‍ വാസന എന്നിവ അകറ്റി ക്രിയാത്മകമായി ചിന്തിക്കുന്ന ദേശസ്നേഹമുള്ള പൗരന്മാരാക്കാന് വേണ്ട പരിശീലന പദ്ധതിയാണ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായി സഹജീവിയോട് അനുതാപമുള്ള, സാമൂഹിക ഉത്തരവാദിത്വമുള്ള ഒരു പൗരനാവുന്നതിനുവേണ്ടി സമൂഹത്തിലെ പല തട്ടിലും ഇറങ്ങിചെന്ന് പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കിട്ടുന്നു. വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവും വിദ്യാഭ്യാസപരവുമായ കഴിവുകളില്‍ വളരെയേറെ മാറ്റമുണ്ടാക്കാന്‍ പദ്ധതിക്കു കഴിഞ്ഞുവെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിക്കായി കൂടുതലും തെരഞ്ഞെടുക്കപ്പെട്ടത് ഹൈസ്ക്കൂളുകളാണ്. ഹൈസ്ക്കൂളുകളിലെ 8, 9 ക്ലാസുകളിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികളുമാണ് കേഡറ്റുകളാവുക. പദ്ധതി നടപ്പിലായ 247 സ്കൂളുകളില്‍ 14 ഹയര്‍സെക്കന്ററി സ്കൂളുകളും ഒരു വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുമൊഴിച്ച് ബാക്കിയെല്ലാം ഹൈസ്കൂളുകളാണ്.
ഒരു സ്കൂളില്‍ 22പേര് വീതമുള്ള രണ്ട് പ്ലാറ്റൂണുകളെയാണ് തെരഞ്ഞെടുക്കുന്നത്. ഈ 44പേരില്‍ 22പേര് പെണ്‍കുട്ടികളായിരിക്കും. കുറഞ്ഞത് 50 ശതമാനം മാര്‍ക്കുള്ള, സ്വഭാവശുദ്ധിയുള്ള വിദ്യാര്‍ത്ഥികളെ കേഡറ്റുകളായി തെരഞ്ഞെടുക്കണമെന്നാണ് മാനദണ്ഡം. ഓരോ സ്കൂളിലും രണ്ട് അധ്യാപകര്‍ വീതം കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എന്ന തസ്തികയില്‍ കേഡറ്റുകളുടെ പരിശീലന ചുമതലയിലുണ്ടാവും.
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ നോഡല്‍ ഓഫീസറായ പി.വിജയനെ സഹായിക്കാന്‍ അഡീഷണല്‍ നോഡല്‍ ഓഫീസറായി അബ്ദുള്‍കരീം, അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി കെ.ജി.ബാബു എന്നിവരുണ്ട്. ഇതില്‍ അസി.നോഡല്‍ ഓഫീസര്‍ കെ.ജി.ബാബുവിന്റെ കീഴില്‍ ഒരു എസ്ഐയും മൂന്ന് സിപിഒമാരും രണ്ട് മിനിസ്റ്റീരിയില്‍ സ്റ്റാഫുമടങ്ങുന്ന സംഘമാണ് കേരളത്തിലെ സ്റ്റുഡന്റ്സ് പോലീസ് പദ്ധതിക്കായി മുഴുവന്‍ സമയം പ്രവര്‍ത്തിക്കാന്‍ വിനിയോഗിക്കപ്പെട്ടവര്. തിരുവനന്തപുരത്തെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലാണ് പദ്ധതിയുടെ ആസ്ഥാനമന്ദിരം. എല്ലാ ജില്ലകളിലും ഓഫീസുകളും ഒരു ജില്ലാ നോഡല്‍ ഓഫീസറുമുണ്ടാകും. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാവും നോഡല്‍ ഓഫീസര്‍. ജില്ലാ നോഡല്‍ ഓഫീസര്‍ക്ക് കീഴില്‍ ഒരു അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസറുണ്ടാകും. എസ്ഐ/എഎസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാവുമിത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പരിധിയിലുള്ള സ്കൂളുകളുടെ ചുമതല അതത് സിഐ മാര്‍ക്കാണ്. ഓരോ സ്കൂളുകളിലും പരിശീലനം നല്കാന് രണ്ട് പോലീസുദ്യോഗസ്ഥരെ ഡ്രില്‍ ഇന്സ്പെക്ടര്മാരായും നിശ്ചയിക്കും. ഇത്തരത്തില്‍ രണ്ട് എസ്പിമാര്, 25 ഡിവൈഎസ്പിമാര്‍, 200 സിഐമാര്‍, എസ്ഐ/എഎസ്ഐ മാരടക്കം 600 പോലീസുകാര്‍, 100 ഓളം വനിതാപോലീസുകാര്‍ എന്നിവര്‍ ഇന്ന് പദ്ധതിക്കായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സി. രാജ
(നാളെ: കുങ്ങ്ഫു, കരാട്ടെ, പിന്നെ ചില സാമൂഹ്യ പാഠങ്ങളും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: