ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ചരിത്രത്തിലാദ്യമായി ആദിവാസി സ്ത്രീകള്‍ തെരഞ്ഞെടുപ്പ് രംഗത്ത്.
പാക്കിസ്ഥാന്റെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള രണ്ട് ആദിവാസി സ്ത്രീകളാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച് ചരിത്രം സൃഷ്ടിച്ചത്. ബജൗര്‍ ആദിവാസി മേഖലയിലെ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി നാല്‍പ്പതുകാരിയായ ബദാം സാരിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ആദിവാസി വനിതകളില്‍ ഒരാള്‍.
ആദിവാസി ജില്ലയായ ഖൈബര്‍-പാക്തുണ്ഖ്വാമിലെ ലോവര്‍ ദിറില്‍ മത്സരിക്കുന്ന നസ്രത് ബീഗമാണ് മറ്റൊരു ആദിവാസി വനിത. പൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ബദാം സാരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതായി ബജൗര്‍ ഏജന്‍സി റിട്ടേണിംഗ് ഓഫീസര്‍ ആസാദ് സര്വാരും സ്ഥിരീകരിച്ചു.
ഖൈബര്‍-പാക്തുണ്ഖ്വാ മേഖലയില്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും യാഥാസ്ഥിതികരായ ആദിവാസി വിഭാഗത്തില്‍നിന്ന് സ്ത്രീകള്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പതിവ് ഇതിന് മുമ്പുണ്ടായിട്ടില്ല. ഭീകരസംഘടനകള്‍ സജീവമായ മേഖല കൂടിയാണിത്. മുമ്പ് ആദിവാസി മേഖലകളില്‍ തെരഞ്ഞെടുപ്പില്‍ വോട്ടിടാന്‍ പോകുന്നതിനുപോലും സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നു.
ബജാരിയില്‍ പാര്‍ലമെന്റിലേക്ക് രണ്ട് സീറ്റുകളാണുള്ളത്. ആദിവാസി സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിനായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് ബദാം സാരി പറഞ്ഞു.
ബജൗര്‍ മേഖലയില്‍ ആദിവാസി സ്ത്രീകള്‍ ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നവരാണെന്നും സാരി ചൂണ്ടിക്കാണിക്കുന്നു. ആദിവാസി മേഖലകളില്‍നിന്നുള്ള ഒരു പാര്‍ലമെന്റംഗവും ഈ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറില്ലെന്നും ഇത് തന്റെ ഭരണഘടനാപരവും മതപരവുമായ അവകാശമാണെന്നും സാരി കൂട്ടിച്ചേര്‍ത്തു.
ഇമ്രാന്‍ഖാന്റെ പാക്കിസ്ഥാന് തെഹ്റിക് ഇ ഇന്‍സാഫിന്റെ ജില്ലാ വൈസ് പ്രസിഡന്റായ നസ്രത് ബീഗം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. പാര്‍ട്ടി ടിക്കറ്റ് മറ്റൊരാള്‍ക്ക് ലഭിച്ചതിനാലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുന്നതെന്ന് നസ്രത് ബീഗം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: