ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പ് സാമ്പത്തിക വര്‍ഷം 23,900 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. ഏറ്റവും കൂടുതല്‍ ഓഹരികള്‍ വാങ്ങിക്കൊണ്ട് ഓഹരി വില്പനയില് രക്ഷകരുടെ വേഷത്തിലെത്തിയതാകട്ടെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും. ഏകദേശം 10 ശതമാനം ഓഹരികളാണ് എല്‍ഐസി സ്വന്തമാക്കിയത്. ഈ ഓഹരികളുടെ മൂല്യം കണക്കാക്കുന്നത് 2,000 കോടി രൂപയാണ്.
എട്ടോളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ് നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാര്‍ വിറ്റഴിച്ചത്. എന്‍ബിസിസി, എച്ച്സിഎല്‍, എന്‍ടിപിസി, ആര്‍സിഎഫ്, നാല്‍കോ, ഓയില്‍ ഇന്ത്യ, എന്‍എംഡിസി, സെയില്‍ എന്നീ സ്ഥാപനങ്ങളുടെ ഓഹരികളാണ് ഓഹരി വിറ്റഴിക്കല്‍ പദ്ധതിയുടെ ഭാഗമായി വിറ്റഴിച്ചത്. ഇതിലൂടെ 23,900 കോടി രൂപയാണ് കേന്ദ്ര ഖജനാവിലേക്ക് ഒഴുകിയെത്തിയത്. 1991-92 ലാണ് സാമ്പത്തിക പരിഷ്കരണ പദ്ധതികളുടെ ഭാഗമായി ഓഹരിവിറ്റഴിക്കാന്‍ കേന്ദ്രം തീരുമാനിക്കുന്നത്.
അതിന് ശേഷം ഓഹരിവിറ്റഴിക്കലിലൂടെ നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 2009-10 ലാണ് ഇതിന് മുമ്പ് ഏറ്റവും ഉയര്‍ന്ന തോതിലുള്ള ഓഹരി വില്പന നടന്നത്. 23,553 കോടി രൂപയുടെ ഓഹരി വില്പനയാണ് അന്ന് നടന്നത്. 1991-92 ല്‍ ഓഹരി വിറ്റഴിക്കലിലൂടെ 3,038 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. അന്ന് മുതല്‍ ഇന്ന് വരെ ഓഹരി 1.37 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചിട്ടുള്ളത്.
ഈ സാമ്പത്തിക വര്‍ഷം നടന്ന എട്ട് ഓഹരി വില്പനകളില് ഏഴെണ്ണത്തിന്റെ ഓഹരികളും എല്‍ഐസി വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഹരികളുടെ വില്പന കഴിഞ്ഞ ആഴ്ചയാണ് നടന്നത്. സെയിലിന്റെ ഓഹരികള്‍ ആരെല്ലാം വാങ്ങിയെന്ന് വിവരം അറിവായിട്ടില്ല.
എട്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചതില്‍ ഏറ്റവും കൂടുതല്‍ ഓഹരി വാങ്ങിയെന്ന ബഹുമതി എല്‍ഐസിയ്ക്ക് സ്വന്തം. ഓഫര്‍ ഫോര്‍ സെയില്‍ മാര്‍ഗ്ഗത്തിലൂടെയാണ് ഏഴ് കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ചത്. നാഷണല്‍ ബില്‍ഡിംഗ്സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ഓഹരികള്‍ മാത്രം ഐപിഒ മുഖേനയാണ് വിറ്റഴിച്ചത്. 2011-12 കാലയളവില്‍ ഒഎന്‍ജിസി, പിഎഫ്സി എന്നീ കമ്പനികളുടെ ഓഹരി വില്പനയിലൂടെ 13,894 കോടി രൂപയാണ് കേന്ദ്രത്തിന് ലഭിച്ചത്.
നടപ്പ് സാമ്പത്തിക വര്‍ഷം എന്‍ടിപിസിയുടെ ഓഹരി വിറ്റഴിക്കലിലൂടെയാണ് കേന്ദ്രം ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത്. 11,500 കോടി രൂയാണ് ഈ കമ്പനിയുടെ ഓഹരി വിറ്റഴിക്കലിലൂടെ നേടിയത്. എന്‍ടിപിസിയുടെ 1,600 കോടി രൂപ മൂല്യം മതിക്കുന്ന ഓഹരികളാണ് എല്‍ഐസി സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: