സോള്‍: ഉത്തര കൊറിയയുടെ ആക്രമണം ഉണ്ടായാല്‍ ശക്തമായി തന്നെ തിരിച്ചടിക്കുമെന്ന് ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് പാര്‍ക് ജിയൂന് ഹെയ് മുന്നറിയിപ്പ് നല്കി. ദക്ഷിണ കൊറിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യു.എസ് എഫ് 22 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ചു.
ഉത്തര കൊറിയയുടെ യുദ്ധഭീഷണിയ്ക്ക് ശേഷം കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദക്ഷിണ കൊറിയയ്ക്ക് സഹായവാഗ്ദാനവുമായി അമേരിക്ക രംഗത്തെത്തിയത്. ഏത് നിമിഷവും തങ്ങള്‍ യുദ്ധത്തിന് സജ്ജരാണെന്നാണ് ദക്ഷിണ കൊറിയയ്ക്ക് വേണ്ടി അമേരിക്ക പ്രതികരിച്ചത്. ഉത്തര കൊറിയയുടെ ഭീഷണിയും യുദ്ധതാല്പര്യവും പുതുമയുള്ള കാര്യമല്ലെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ വക്താവ് കെയ്റ്റ്ലിന് ഹെഡലിന് പറഞ്ഞു.
ദക്ഷിണകൊറിയയ്ക്കെതിരെ യുദ്ധ പ്രഖ്യാപനവുമായി ഉത്തര കൊറിയ ശനിയാഴ്ച രംഗത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ശക്തമായി തിരിച്ചടിക്കുമെന്ന ദക്ഷിണ കൊറിയയുടെ വെല്ലുവിളി. ഇരുരജ്യങ്ങളും തമ്മിലുള്ള ബന്ധം ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. എന്തെങ്കിലും ആക്രമണം ഉണ്ടാകുകയാണെങ്കില്‍ ഉടന്‍ തന്നെ പ്രത്യാക്രമണം നടത്താനുള്ള അവസരം പ്രാദേശിക യൂണിറ്റുകള്‍ക്ക് നല്കി കൊണ്ടുള്ള മാറ്റം നിയമത്തില്‍ വരുത്തിയിട്ടുണ്ട്.
മുമ്പ് പ്രത്യാക്രമണം നടത്തണമെങ്കില്‍ സോളില്‍ നിന്നുള്ള ഉത്തരവ് ലഭിക്കുന്നതു വരെ കാത്തിരിക്കേണ്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: