കൊച്ചി: തായമ്പകയുടെയും ശിങ്കാരിമേളത്തിന്റെയും നൂറ് കഥകള്‍ പറയാനുണ്ട് ആലുവ മാഞ്ഞാലി സ്വദേശിയായ അനില്‍കുമാറിനും കുടുംബത്തിനും. ഒരു കുടുംബത്തിലെ അംഗങ്ങളെല്ലാവരും തന്നെ താളങ്ങളുടെ കൂട്ടുകാരാകുന്ന അപൂര്‍വ്വ കാഴ്ച്ചയ്ക്കാണ് ഇന്നാട്ടുകാര് സാക്ഷ്യം വഹിക്കുന്നത്. പാരമ്പര്യമായി ലഭിച്ച കലാവാസന വളര്‍ത്തിക്കൊണ്ടുവരികയാണ് മേളക്കലാകാരനായ അനില്‍കുമാര്‍. മുത്തച്ഛന്റെ കാലംതൊട്ടേ ആരംഭിച്ച ആശാന് അയ്യപ്പന് സ്മാരക കലാസംഘത്തിന്റെ അടിത്തറയാണ് അനിലിന്റെയും കുടുംബത്തിന്റെയും വിജയത്തിന് പിന്നില്‍.
അനിലിന്റെ നേതൃത്വത്തില്‍ ശിങ്കാരിമേളത്തിന്റെയും തായമ്പകയുടേയും നിരവധി സംഘങ്ങള്‍ ഉണ്ട്. മകള്‍ മാളവികയാണ് കുടുംബത്തിലെ താരം. ഒരുപക്ഷേ പത്ത് വയസ്സില്‍ തായമ്പക അവതരിപ്പിക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരി മാളവികയായിരിക്കും. സരസ്വതീ കടാക്ഷം വേണ്ടുവോളം ലഭിച്ചിട്ടുണ്ട് ഈ കൊച്ചുമിടുക്കിക്ക്. അഞ്ചാം വയസ്സില്‍ അച്ഛന് അനിലിന് ദക്ഷിണവച്ചാണ് മാളവിക തായമ്പകപഠനം ആരംഭിച്ചത്. കഴിഞ്ഞ വൃശ്ചികത്തിന് കടുവക്കാവ് ഭഗവതീക്ഷേത്രത്തില്‍ മാളവിക അരങ്ങേറ്റം നടത്തി. ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് നടന്ന ദൃശ്യോത്സവം പരിപാടിയില്‍ ഈ കലാകാരിയെ നഗരസഭ ആദരിച്ചു. താരാട്ടുപാട്ടുകേട്ട് വളരേണ്ട പ്രായത്തില്‍ മാളവിക തായമ്പകയുടെ താളങ്ങളെ ഏറ്റുപിടിക്കാന്‍ തുടങ്ങിയെന്നാണ് അച്ഛന് അനിലിന്റെ സാക്ഷ്യപ്പെടുത്തല്‍. ചെണ്ടയുടെ ഇടംതലയില്‍ കോലുരുളണമെങ്കില് പല വര്‍ഷങ്ങളുടെ അഭ്യാസം വേണം. അതുകൊണ്ട് തന്നെയാണ് മാളവികയ്ക്ക് ചെറുപ്പത്തിലെ പരിശീലനം നല്‍കിയതെന്നും അനില്‍ പറഞ്ഞു. ഇപ്പോള്‍ തായമ്പകയുടെ താളവും വ്യത്യാസവും മാളവികയ്ക്ക് തിരിച്ചറിയാം. അച്ഛന്റെ ശിഷ്യന്മാര് കൊട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ മനോധര്‍മങ്ങള്‍ കൊട്ടിയുണ്ടാക്കാമെന്ന പരുവത്തിലായി ഈ കൊച്ചുമിടുക്കി. തായമ്പകയില്‍ മാത്രമല്ല, അല്പസ്വല്പ്പം നൃത്തവും സംഗീതവും മാളിവികയ്ക്ക് ഇണങ്ങും.
അനിലിന്റെ ഭാര്യ ബിന്‍സിയും മികച്ച കലാകാരിയാണ്. ശിങ്കാരിമേളത്തില്‍ ബിന്‍സിയുടെ നേതൃത്വത്തില്‍ വനിതകളുടെ ഒരു സംഘം തന്നെയുണ്ട്. കുടുംബത്തിലെ ഇളയ മകന് കാളിദാസനും മേളത്തിന്റെ പാത പിന്തുടരുന്നു. മൂന്നാംക്ലാസുകാരനായ കാളിദാസന് പാഠപുസ്തകങ്ങളിലെ കഥയെക്കാളും കവിതകളെക്കാളും ചെണ്ടയുടെ താളങ്ങളോടാണ് ഇഷ്ടം. അച്ഛന്റെയും അമ്മയുടെയും ശിഷ്യന്മാര്ക്കൊപ്പം കലാപരിപാടികള്‍ക്ക് കാളിദാസനും പങ്കെടുക്കുന്നുണ്ട്. മാളവികയുടെ പ്രതിഭ സ്വദേശവും കടന്ന് വിദേശത്തും വാഴ്ത്തിപ്പാടുന്നു. ഏപ്രില്‍ അവസാനം സിംഗപ്പൂരില്‍ നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ മാളവിക തായമ്പക അവതരിപ്പിക്കും. ഇതിനായുള്ള മുന്നൊരുക്കത്തിലാണ് മാളവികയും കുടുംബവും. അച്ഛനും ശിഷ്യന്മാരും മാളവികയെ അനുഗമിക്കും. പണത്തിനും പ്രശസ്തിക്കും പുറമെ പാരമ്പര്യമായി ലഭിച്ച കല മറ്റുള്ളവരിലേക്ക് പകരുന്നതിന്റെ ആത്മസംതൃപ്തിയും അഭിമാനവും ആസ്വദിക്കുകയാണ് ഈ സന്തുഷ്ടകുടുംബം.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: