അങ്കമാലി: അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പുതിയ കവാടം നിര്‍മിക്കാന്‍ നടപടിയായി. അങ്ങാടിക്കടവ് ജംഗ്ഷനു സമീപം ടിബി റോഡിലേക്ക് തുറക്കുന്ന വിധത്തിലാണ് കവാടം നിര്‍മിക്കുക. ഇതിനായി സ്വകാര്യവ്യക്തിയുടെ കൈവശത്തിലിരുന്ന പത്തു സെന്റ് സ്ഥലം ഏറ്റെടുത്തു. ആലുവ സ്പെഷല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലാണ് സ്ഥലം ഏറ്റെടുത്തത്. അഞ്ചു സെന്റ് സ്ഥലം കൂടി ഏറ്റെടുക്കാന്‍ പദ്ധതിയുണ്ട്. പുതിയ കവാടം നിര്‍മിക്കുന്നതിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡിന്റെ വടക്കുഭാഗത്തെ മതില് പൊളിച്ചുനീക്കി. രണ്ടു ബസുകള്‍ക്ക് സുഗമമായി കടന്നുപോകാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. പുതിയ കവാടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ തൃശൂര്‍ ഭാഗത്തു നിന്നുവരുന്ന ബസുകള്‍ അങ്ങാടിക്കടവ് ജംക്ഷനില്‍ ഇടത്തേയ്ക്ക് തിരിഞ്ഞ് പുതിയ കവാടം വഴി സ്റ്റാന്‍ഡില്‍ പ്രവേശിച്ച് നിലവിലുള്ള കവാടം വഴി പുറത്തേയ്ക്ക് പോകും. കോട്ടയം ഭാഗത്തു നിന്നുവരുന്ന ബസുകള്‍ എല്‍എഫ് ആശുപത്രിക്കു മുന്നില്‍ നിന്നു വലത്തേയ്ക്ക് തിരിഞ്ഞ് ടിബി ജംഗ്ഷന് കടന്ന് പുതിയ കവാടത്തിലൂടെ സ്റ്റാന്‍ഡില്‍ പ്രവേശിക്കും.
തിരിച്ച് അതുവഴി തന്നെ പുറത്തേയ്ക്ക് ഇറങ്ങി അങ്ങാടിക്കടവ് ജംഗ്ഷനില്‍ ദേശീയപാത മുറിച്ചു കടക്കും. എറണാകുളം ഭാഗത്തു നിന്നുള്ള ബസുകള്‍ നിലവിലുള്ള കവാടം വഴി സ്റ്റാന്റില്‍ പ്രവേശിച്ച് പുതിയ കവാടം വഴി പുറത്തേയ്ക്ക് ഇറങ്ങുംവിധമാണ് ഗതാഗതം ക്രമീകരിക്കുകയെന്ന് അങ്കമാലി എടിഒ സി.പി. ബാലഗംഗാധരന്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പുതിയ കവാടം നിര്‍മിക്കുന്നതോടെ അങ്കമാലി ടൗണിലെ ഗതാഗതക്കുരുക്കും ഒരുപരിധിവരെ പരിഹരിക്കപ്പെടും. നിലവില്‍ ദേശീയപാതയിലേക്ക് തുറന്നിരിക്കുന്ന പ്രവേശന കവാടം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ബസുകള്‍ സ്റ്റാന്‍ഡിലേക്കു പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: