മരട്: ജനോറം കുടിവെള്ളപദ്ധതി തര്‍ക്കത്തില്‍പ്പെട്ട് അനിശ്ചിതത്വത്തിലേക്ക് നീങ്ങിയതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. മുന്‍ ഇടതുസര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച പാഴൂര്‍ കുടിവെള്ള പദ്ധതിയാണ് സമരത്തിലും തര്‍ക്കത്തിലുംപെട്ട് ഇഴഞ്ഞുനീങ്ങിയത്. ഇതോടെ മരട്, കുമ്പളം, പശ്ചിമകൊച്ചി, ചെല്ലാനം, കുമ്പളങ്ങി പ്രദേശങ്ങള്‍ ഈ വേനലിലും കുടിവെള്ളമില്ലാതെ വലയുന്ന സ്ഥിതിയിലാണ്.
പാഴൂരില്‍നിന്നും മൂവാറ്റുപുഴയാറിലെ വെള്ളം പൈപ്പ്വഴി കൊണ്ടുവന്ന് മരടിലെ നെട്ടൂരില്‍ ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ വിഭാവനം ചെയ്തിരിക്കുന്നതാണ് പാഴൂര്‍ പദ്ധതി. ജവഹര്‍ലാല്‍ നെഹ്റു നിഗം നവീകരണ പദ്ധതിയില്‍പ്പെടുന്ന ഈ കുടിവെള്ള പദ്ധതിക്ക് 201 കോടിയാണ് മതിപ്പുചെലവ്. പാഴൂരില്‍നിന്നും നടക്കാവ് നെട്ടൂരിലേക്കാണ് മൂവാറ്റുപുഴയാറിലെ വെള്ളം പൈപ്പുവഴി എത്തിക്കുക. തുടര്‍ന്ന് നെട്ടൂരിലെ പ്ലാന്റില്‍ ശുദ്ധീകരിച്ചശേഷം വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നടക്കാവ് റോഡ് വെട്ടിപ്പൊളിക്കുന്ന പ്രശ്നമാണ് ആദ്യം എതിര്‍പ്പുകളും സമരങ്ങളും ക്ഷണിച്ചുവരുത്തിയത്. കോടികള്‍ മുടക്കി പണിത ഗുണനിലവാരമുള്ള റോഡ് വെട്ടിപ്പൊളിച്ച് തന്നെ പൈപ്പിടണം എന്ന പിടിവാശിയായിരുന്നു അധികൃതര്‍ക്ക്. എന്നാല്‍ റോഡ് പൊളിക്കുന്നത് ഒഴിവാക്കി പകരം മറ്റൊരു പ്രദേശത്ത് കൂടി പൈപ്പിടണമെന്ന ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരപരിപാടികളുമായി നാട്ടുകാര്‍ രംഗത്തുവന്നു.
എതിര്‍പ്പ് അവഗണിച്ച് റോഡ് വെട്ടിപ്പൊളിക്കുവാന്‍ നടത്തിയ നീക്കം എതിര്‍പ്പ് വിളിച്ചുവരുത്തി. പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ യോഗം ചേര്‍ന്നു. ഇത്രയും ആയപ്പോഴേക്കും പദ്ധതി വൈകിയത് ഒരുവര്‍ഷത്തോളം. ഒടുവില്‍ റോഡ് വെട്ടിപ്പൊളിച്ചുതന്നെ പൈപ്പിടാനും റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ 10 കോടി രൂപ അനുവദിക്കാനും തീരുമാനമായ. പ്രശ്നം പരിഹരിച്ച് പൈപ്പിടല്‍ തുടങ്ങുവാന്‍ നടപടിയായെങ്കിലും അപ്പോഴേക്കും വേനലും കടുത്തു. അതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. സമരവും പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങാന്‍ വിധിക്കപ്പെട്ട ജനങ്ങള്‍ക്ക് ഈ വേനലിലും വെള്ളംകുടി മുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: