പെരുമ്പാവൂര്‍: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് പെന്ഷന് നല്‍കുമെന്ന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ വന്നിട്ടുള്ള അവ്യക്തത പരിഹരിക്കണമെന്ന് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് പെരുമ്പാവൂര്‍ ഏരിയാ യോഗം ആവശ്യപ്പെട്ടു. പ്രതിവര്‍ഷം 100 ദിവസം ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കാണ് സര്‍ക്കാര്‍ പറയുന്ന പ്രകാരം പെന്ഷന് നടപ്പിലാക്കുന്നത്. എന്നാല്‍ സംസ്ഥാനത്താകമാനം 100 ദിവസം തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ് എന്നും യോഗം വിലയിരുത്തി.
പെന്ഷന് 100 ദിവസം പണിയെടുക്കുന്ന സ്ത്രീതൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. നിയമപ്രകാരം ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമായാണ് ഇപ്പോള്‍ 100 ദിവസം തൊഴില്ലഭിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പെന്ഷന് പദ്ധതി വ്യക്തികള്‍ക്കാണോ, കുടുംബത്തിനാണോ എന്നകാര്യത്തില്‍ വ്യക്തതയില്ല. ഇത് വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ അടിസ്ഥാനത്തില്‍ 18 വയസ് തികഞ്ഞ അവിദഗ്ദ്ധതൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇവരില്‍ 60 വയസ് കഴിയുമ്പോള്‍ അക്കൗണ്ടിലുള്ള തുകക്ക് ആനുപാതികമായാണ് പെന്ഷന് നല്‍കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ പലയിടങ്ങളിലും 60 വയസ്സിന് മുകളില്‍ പ്രായമായവര്‍ ഈപദ്ധതി പ്രകാരം തൊഴിലെടുക്കുന്നുണ്ട്. ഇത്തരം അവ്യക്തതകള്‍ ചര്‍ച്ചചെയ്ത് ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി സെക്രട്ടറി ആര്.എം.രാമചന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: