സോള്‍: ദക്ഷിണകൊറിയയ്ക്കെതിരെ ഏത് നിമിഷവും യുദ്ധം നടത്തുമെന്ന് ഉത്തരകൊറിയ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
യുദ്ധകാലനിയന്ത്രണങ്ങള്ക്ക് അനുസൃതമായി തെക്കന്‍ കൊറിയയുടേത് ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യുമെന്ന് സര്‍ക്കാരും വിവിധ രാഷ്ട്രീയപാര്‍ട്ടികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മുന്നറിയിപ്പില്ലാതെ അമേരിക്കയുടെയോ ഐക്യരാഷ്ട്രസഭയുടെയോ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രകോപനപരമായ നീക്കമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പിന്തുണയറിയിച്ച് ദക്ഷിണകൊറിയയില്‍ ബോംബര്‍ വിമാനങ്ങള്‍ പരിശീലനപ്പറക്കല്‍ നടത്തിയതിന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയ വീണ്ടും ഭീഷണിയുയര്‍ത്തിയത്.
എന്നാല്‍ ഉത്തരകൊറിയയുടെ ഭീഷണിയില്‍ കാര്യമില്ലെന്നും ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന വാര്‍ഷിക സൈനികാഭ്യാസത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഭീഷണിയെന്നും ദക്ഷിണകൊറിയ പ്രതികരിച്ചു. ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തില്‍ ഉത്തരകൊറിയ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. യുദ്ധപ്രഖ്യാപനം ജനങ്ങള്‍ക്കിടയിലും കാര്യമായ ആശങ്കക്ക് ഇടവരുത്തിയിട്ടില്ല. ദക്ഷിണകൊറിയയില്‍ നിന്നുള്ള തൊഴിലാളികള്‍ പതിവുപോലെ അതിര്‍ത്തികടന്ന് ദക്ഷിണകൊറിയയുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ജോലിക്കെത്തി.
പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരില്‍ യുദ്ധത്തിലേക്ക് കടക്കാതിരിക്കാന്‍ ആശയവിനിമയത്തിനായി 2006 ല്‍ ഇരുകൊറിയകള്‍ക്കുമിടയില്‍ സ്ഥാപിച്ച സൈനിക ഹോട്ട് ലൈന്‍ ഉത്തരകൊറിയ വിഛേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ രണ്ട് ബി- ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണകൊറിയയുടെ ആകാശപരിധിയില്‍ ഡമ്മി ബോംബ് വര്‍ഷിച്ചത്.
സൗഹൃദരാഷ്ട്രമായ ദക്ഷിണകൊറിയക്ക് സര്വ്വപിന്തുണയുമറിയിച്ചാണ് 65000 മെയില്താണ്ടി അമേരിക്കയുടെ സൈനികവിമാനങ്ങളെത്തിയത്. രാജ്യത്തെ രക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അമേരിക്കന്പ്രതിരോധസെക്രട്ടറി ചഗ് ഹേഗല്‍ ദക്ഷിണ കൊറിയയെ അറിയിച്ചിരുന്നു. അന്താരാഷ്ട്രവിലക്ക് വകവയ്ക്കാതെ ഫെബ്രുവരി 12 ന് മൂന്നാമത്തെ അണുപരീക്ഷണവും നടത്തിയ ഉത്തരകൊറിയക്ക് മേല്‍ ഐക്യരാഷ്ട്രസഭയും ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.
1950-53 കാലഘട്ടത്തിലെ കൊറിയന്‍യുദ്ധം സാങ്കേതികമായി അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും നിലവില്‍ യുദ്ധഭീഷണിയില്‍ തന്നെയാണ്. അന്ന് യുദ്ധം അവസാനിപ്പിച്ച് സമാധാനകരാറില്‍ ഒപ്പിടുന്നതിന് പകരം വെടിനിര്‍ത്തല്‍ കരാറാണ് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ പെട്ടെന്നൊരു യുദ്ധം നടത്താനല്ല മറിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ചര്‍ച്ചയക്കായി അമേരിക്കയെ മുന്‍കൈ എടുപ്പിക്കുനുള്ള ശ്രമമാണ് ഉത്തരകൊറിയയുടേതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിശകലനം. ഇതുവഴി പുതിയ നേതാവ് കിം ജോങ്ങ് യൂണിന്റെ പ്രതിഛായ വര്‍ദ്ധിപ്പിക്കാമെന്ന മനക്കോട്ടയും യുദ്ധഭീഷണിക്ക് പിന്നിലുള്ളതായി വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: