ആലപ്പുഴ: രാഷ്ട്രീയ സദാചാര മൂല്യങ്ങള്‍ യുഡിഎഫ് ഇല്ലായ്മ ചെയ്യുകയാണെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന്. ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ സ്ത്രീ സംഘടനകളും കക്ഷിരാഷ്ട്രീയ ഭേദമന്യെ രംഗത്തുവരുമെന്നും അവര്‍ പറഞ്ഞു. കെ.ആര്.ഗൗരിയമ്മയെ അധിക്ഷേപിച്ച ജോര്‍ജിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജെഎസ്എസിന്റെ മഹിളാവിഭാഗമായ ജനാധിപത്യ മഹിളാ സമിതി സംഘടിപ്പിച്ച സ്ത്രീപക്ഷ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മുഖ്യമന്ത്രിക്ക് പി.സി.ജോര്‍ജിന് മുന്നില്‍ മുട്ടുവിറയ്ക്കുകയാണ്. സ്വന്തം അധികാര കസേര നിലനിര്‍ത്തുന്നതിനായാണ് ഉമ്മന്‍ചാണ്ടി പി.സി.ജോര്‍ജിനെ സംരക്ഷിച്ച് നിലനിര്‍ത്തുന്നത്. മുഴുവന്‍ സ്ത്രീജനങ്ങളെയും സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി ഇത്തരത്തില്‍ തരംതാഴുന്നത് കേരളീയ സമൂഹത്തിന് തന്നെ അപമാനമാണ്.
കേരളത്തിന്റെ ചരിത്രത്താളുകളില്‍ ഇടംപിടിച്ച സ്ത്രീ വ്യക്തിത്വങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഗൗരിയമ്മയ്ക്കുള്ളത്. മുഴുവന്‍ സ്ത്രീകളുടെയും സമൂഹത്തിന്റെയും ആദരവ് നേടിയ ഗൗരിയമ്മയെ അധിക്ഷേപിച്ച പി.സി.ജോര്‍ജിനെ അധികനാള്‍ സംരക്ഷിക്കാമെന്ന് ഭരണക്കാര്‍ കരുതേണ്ട. ഇത്തരക്കാരെ മര്യാദ പടിപ്പിക്കാന്‍ സ്ത്രീകള്‍ ചാണകവെള്ളവും ചൂലുമായി തെരുവിലിറങ്ങും. പി.സി.ജോര്‍ജിനെ സ്ത്രീ സംരക്ഷണ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യുകയായിരുന്നു വേണ്ടത്. എന്നാല്‍ സംഭവം ലഘൂകരിച്ച് ഒതുക്കിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്.
ജോര്‍ജിനെ ഭയക്കുന്ന നിരവധി രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലുണ്ട്. എന്നാല്‍ ഭയക്കേണ്ട രഹസ്യങ്ങള്‍ ഒന്നുമില്ലാത്ത സംഘടനകളും രാഷ്ട്രീയ നേതാക്കളും ഇവിടെയുണ്ടെന്ന കാര്യം ആരും മറക്കേണ്ടെന്നും സ്ത്രീകളെ അപമാനിക്കുന്നവരെ നിലയ്ക്കു നിര്‍ത്താന്‍ സ്ത്രീ സംഘടനകള്‍ തെരുവിലിറങ്ങുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. മുന്‍ എംപി സി.എസ്.സുജാത, ഇ.എസ്.ബിജിമോള്‍ എംഎല്‍എ, രാധാഭായി, വിജയമ്മ കൃഷ്ണന്, ജാന്‍സി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: