കൊട്ടാരക്കര: സ്വാമി വിവേകാനന്ദന് അഭിനവ ഭാരതത്തിന്റെ പിതാവാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ പറഞ്ഞു. കൊട്ടാരക്കര ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വിവേകാനനന്ദ സാര്‍ധശതി ആഘോഷങ്ങളോടനുബന്ധിച്ചുള്ള സാമൂഹ്യ സൂര്യനമസ്കാരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേകാനന്ദന്റെ അവതാരം ഉണ്ടായിരുന്നില്ലെങ്കില്‍ കഴിഞ്ഞ നൂറ്റാണ്ടിനെ അതിജീവിക്കാന്‍ ഹിന്ദുത്വത്തിനും ഭാരതത്തിനും കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
1857ലെ ഒന്നാംസ്വാതന്ത്ര്യസമരത്തിന്റെ പരാജയത്തിനുശേഷം ഇതികര്‍ത്തവ്യതാ മൂഢരായി ആര്‍ക്കോവേണ്ടി ജീവിച്ച ഒരു ജനതയെ ഉണര്‍ത്തിയെടുക്കാന്‍ സ്വാമിജി നടത്തിയ പ്രയത്നങ്ങള്‍ വളരെ വലുതായിരുന്നു. ബ്രിട്ടീഷുകാരോട് വിധേയത്വം പുലര്‍ത്തിയിരുന്ന യുവജനതയോട് ഭീരുത്വം വലിയ പാപമാണെന്നും സത്യത്തിന്റെ മുന്നില്‍ അല്ലാതെ ഒന്നിന്റെ മുന്നിലും തലകുനിക്കരുതെന്നും ഉള്ള സിംഹഗര്‍ജനങ്ങള്‍ ആണ് വീണ്ടും ഒരു സ്വാതന്ത്ര്യ ചിന്തയിലേക്ക് ഭാരത ജനതയെ കൈപിടിച്ചുയര്‍ത്തിയത്. മഹാത്മാഗാന്ധിയെപ്പോലുള്ളവര്‍ ഇത് രേഖപ്പെടുത്തിയിട്ടും ഉണ്ട്.
ഭാരതത്തില്‍ ആദ്യകാലത്ത് ജാതീയത ഇല്ലായിരുന്നു എന്നതിന്റെ തെളിവാണ് മത്സ്യപ്രവര്ത്തകനായ വേദവ്യാസന്റെ എഡിറ്റ് ചെയ്ത വേദങ്ങള്‍ ബ്രാഹ്മണര്‍ പഠിച്ചതും കാട്ടാളന് ആയ വാല്മീകി രചിച്ച രാമായണം നമ്മുടെ പ്രമാണ ഗ്രന്ഥമായതും. വിദ്യാഭ്യാസം സിദ്ധിച്ച യുവജനതയോട് വിവേകാനന്ദന് പറഞ്ഞത് നിങ്ങള്‍ സമൂഹത്തിലേക്ക് ഇറങ്ങിവന്ന് പഠിക്കാന്‍ ശേഷിയില്ലാത്തവരെ പഠിപ്പിക്കു, അവര്‍ക്കുവേണ്ടി ജീവിക്കു, ഇല്ലെങ്കില്‍ നിങ്ങളെ കാലം ദേശദ്രോഹികള്‍ എന്നാക്ഷേപിക്കും എന്നായിരുന്നു. ഇക്കാലത്തും ഇത് പ്രസക്തമാണ്. മറ്റുള്ളവരുടെ കൂടെ ചിലവില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കുന്നവര്‍ വിദ്യാഭ്യാസത്തിനുശേഷം തങ്ങള്‍ക്ക് കിട്ടിയ കഴിവ് കുറച്ച് കാലത്തേക്കെങ്കിലും ആ സമാജത്തിന് വേണ്ടി സമര്‍പ്പിക്കണം. അതാണ് ഏറ്റവും വലിയ ഈശ്വരപൂജ.
നാടിന് അനുകൂലമായ വികസനം ഉണ്ടാവണമെങ്കില്‍ ഭരണകര്‍ത്താക്കള്‍ ആധ്യാത്മിക തത്വങ്ങള്‍ മുറുകെപ്പിടിക്കണം. മോക്ഷം എന്നത് മരിക്കുമ്പോള്‍ കിട്ടുന്നതല്ല. സ്വന്തം കര്‍മ്മം കൊണ്ട് ജീവിച്ചിരിക്കുവാന്‍ നേടേണ്ടതാണെന്ന് സ്വാമിജി ഓര്‍മ്മിപ്പിക്കുന്നു. സമൂഹത്തെ ഈശ്വരനായിക്കണ്ട് സേവ ചെയ്യണം. അമ്മയേയും സഹോദരിയേയും തിരിച്ചറിയാതെ ചിലര്‍ കാട്ടിക്കൂട്ടുന്ന ആഭാസങ്ങളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ നമ്മെ ഗ്രസിച്ചിരിക്കുന്ന സാംസ്കാരിക അപചയത്തില്‍ നിന്ന് പുറത്ത് വന്ന് ഭാരതീയ സാംസ്കാരിക മൂല്യങ്ങള്‍ മുറുകെപിടിക്കണം. എന്നാല്‍ മാത്രമേ 2020 ഭാരതത്തിന്റേതാക്കി മാറ്റാന്‍ കഴിയു. ഭാരത ചരിത്രത്തെ തന്നെ മൂന്നായി തരംതിരിക്കാന്‍ വിവേകാനന്ദന്റെ മൂന്ന് വരവുകള്‍ക്ക് കഴിയും എന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ ഭാരതത്തെ അംഗീകരിക്കാന്‍ കാരണമായ 39 വര്‍ഷം നീണ്ടുനിന്ന വിവേകാനന്ദന്റെ ഒന്നാംവരവ്. ചൈനയോട് പരാജയം ഏറ്റുവാങ്ങിയ ശേഷം നാണംകെട്ട ഭാരതത്തെ ആത്മവിശ്വാസത്തിലേക്ക് മടക്കിക്കൊണ്ട് വിവേകാന്ദ ജന്മശതാബ്ദിയിലൂടെയുള്ള രണ്ടാംവരവ്. നാട് നേരിടുന്ന വെല്ലുവിളികളെ നേരിട്ട് 2020ലേക്ക് ഭാരതത്തെ നയിക്കാനുള്ള സാര്ധശതിയിലൂടെയുള്ള മൂന്നാംവരവ്. വിവേകാനന്ദന്റെ ദര്‍ശനങ്ങളും പ്രവൃത്തിയും ഏത് അര്‍ത്ഥത്തില്‍ നോക്കിയാലും എല്ലാം ഒത്തിണങ്ങിയ ഒരു ആര്‍എസ്എസ് തന്നെയാണ് സ്വാമിജിയെന്നും അദ്ദേഹം പറഞ്ഞു.
താലൂക്ക് സംഘചാലക് പി.എം. രവികുമാര്‍, ജില്ലാ സംഘചാലക് ആര്. ദിവാകരന്, പൂര്‍വസൈനിക് സേവാപരിഷത്ത് സംഘടനാ സെക്രട്ടറി സേതുമാധവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: