ഇന്‍ഡോര്‍: കേരളം വീണ്ടും പടിക്കല്‍ കലമുടച്ചു. ചരിത്രത്തിലാദ്യമായി ഒരു ട്വന്റി20 ക്രിക്കറ്റിന്റെ ഫൈനലില്‍ കടക്കാനുള്ള സുവര്‍ണാവസരമാണ് കേരളം നഷ്ടമാക്കിയത്. തുടര്‍ച്ചയായ രണ്ടാം ചാമ്പ്യന്‍ഷിപ്പിലാണ് കേരളം സെമിയില്‍ പുറത്താവുന്നത്. നേരത്തെ വിജയ് ഹസാരെ ട്രോഫിക്കുവേണ്ടിയുള്ള ഏകദിന ചാമ്പ്യന്‍ഷിപ്പിലും കേരളം സെമിയില്‍ പുറത്തായിരുന്നു. അവസാന മത്സരത്തില്‍ ഗുജറാത്തിനോട് വന്‍ മാര്‍ജിനില്‍ തോറ്റതാണ് കേരള ക്രിക്കറ്റിന് തിരിച്ചടിയായത്. സയ്യദ് മുഷ്ഠാഖ് അലി ട്വന്റി 20 ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലെ അവസാന സൂപ്പര്‍ ലീഗ് മത്സരത്തില്‍ 90 റണ്‍സിനേറ്റ പരാജയമാണ് കേരളത്തിന് പുറത്തേക്കുള്ള വഴി തുറന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ മൂന്നിന് 233 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടി. 108 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മന്‍പ്രീത് ജുനേജയും 84 റണ്‍സ് നേടി പുറത്താകാതെ നിന്ന അബ്ദുലഹാദ് മാലിക്കുമാണ് ഗുജറാത്തിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരള ബാറ്റിംഗ്നിരക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാഞ്ഞതോടെ 19.1 ഓവറില്‍ 143 റണ്‍സിന് ഓള്‍ ഔട്ടായി. പരാജയപ്പെട്ടാലും 178 റണ്‍സെങ്കിലും അടിച്ചിരുന്നെങ്കില്‍ ഫൈനലില്‍ കടക്കാമായിരുന്ന കേരള മദ്ധ്യനിര ബാറ്റ്സ്മാന്‍മാര്‍ വിക്കറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതാണ് തിരിച്ചടിയായത്. നേരത്തെ ദല്‍ഹിയെയും വിദര്‍ഭയെയും ഒഡീഷയെയും പരാജയപ്പെടുത്തിയതോടെ കേരളത്തിന്റെ ഫൈനല്‍ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചിരുന്നു. കേരളത്തെ പരാജയപ്പെടുത്തിയ ഗുജറാത്ത് മികച്ച റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഫൈനലിലെത്തി. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ 51 റണ്‍സിന് പരാജയപ്പെടുത്തി പഞ്ചാബും ഫൈനലില്‍ പ്രവേശിച്ചു. ഫൈനല്‍ ഇന്ന് നടക്കും.
നേരത്തെ ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ഒരുഘട്ടത്തില്‍ മൂന്നിന് 31 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടെങ്കിലും അവസരത്തിനൊത്തുയര്‍ന്ന മന്‍പ്രീത് ജുനേജയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിലാണ് 233 റണ്‍സ് അടിച്ചുകൂട്ടിയത്. വെറും 50 പന്തില്‍നിന്ന് 16 ബൗണ്ടറിയും മൂന്നു സിക്സറും ഉള്‍പ്പെടെയാണ് ജുനേജ 109 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്. 46 പന്തില്‍ നിന്ന് 9 ബൗണ്ടറികളും മൂന്ന് സിക്സറുമടക്കം പുറത്താകാതെ 84 റണ്‍സെടുത്ത അബ്ദുലഹാദ് മാലിക്ക് ജുനേജയ്‌ക്ക് ഉജ്ജ്വല പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ വെറും 94 പന്തില്‍നിന്ന് 202 റണ്‍സാണ് അടിച്ചുകൂട്ടിയത്. ട്വന്റി20 ക്രിക്കറ്റിലെ റെക്കോര്‍ഡ് കൂട്ടുകെട്ടാണിത്. കേരളത്തിന് വേണ്ടി മനുകൃഷ്ണനും സന്ദീപ് വാര്യരും ഓരോ വിക്കറ്റ് വീഴ്‌ത്തി.
മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളത്തിന്റെ തുടക്കം നിരാശാജനകമായിരുന്നു. സ്കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സെടുത്തപ്പോഴേക്കും അഞ്ച് റണ്‍സെടുത്ത ഓപ്പണര്‍ സുരേന്ദ്രനെ കേരളത്തിന് നഷ്ടമായി. ദല്‍ഹിക്കെതിരെ കേരളത്തിന്റെ വിജയശില്‍പിയായിരുന്ന രോഹന്‍ പ്രേം ഈ മത്സരത്തില്‍ വെറും എട്ട് റണ്‍സ് മാത്രമെടുത്ത് മടങ്ങിയതോടെ കേരളം രണ്ടിന് 38 എന്ന നിലയിലായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജഗദീഷും സഞ്ജു വി. സാംസണും ഒത്തുചേര്‍ന്നതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുകള്‍ മുളിപ്പിച്ചു. ഇരുവരും ചേര്‍ന്ന് എട്ട് ഓവറില്‍ 75 റണ്‍സ് എന്ന നിലയില്‍ കേരളത്തെ എത്തിച്ചെങ്കിലും ഒമ്പതാമത്തെ ഓവറിലെ മൂന്നാം പന്തില്‍ കേരളത്തിന് സഞ്ജുവിനെ നഷ്ടമായി. മികച്ച ഫോമില്‍ ബാറ്റേന്തിയ സഞ്ജു 16 പന്തുകളില്‍ നിന്ന് മൂന്ന് സിക്സറും രണ്ട് ബൗണ്ടറികളുമടക്കം 32 റണ്‍സെടുത്താണ് മടങ്ങിയത്. ജസല്‍ കരിയയുടെ പന്തില്‍ മേഹുല്‍ പട്ടേലിന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. സ്കോര്‍ മൂന്നിന് 79. പിന്നീട് സ്കോര്‍ 97ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത നായകന്‍ സച്ചിന്‍ ബേബിയും മടങ്ങി. 9 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളോടെ 14 റണ്‍സെടുത്ത സച്ചിനെയും ജസല്‍ കരിയയാണ് മടക്കിയത്. രണ്ട് റണ്‍സ്കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തതോടെ ഓപ്പണര്‍ വി.എസ്. ജഗദീഷും മടങ്ങി. 28 പന്തില്‍ നിന്ന് നാല് ബൗണ്ടറികളോടെ 36 റണ്‍സെടുത്ത ജഗദീഷ് റണ്ണൗട്ടായാണ് മടങ്ങിയത്. ഇതോടെ കേരളം 11.3 ഓവറില്‍ അഞ്ചിന് 99 റണ്‍സെന്ന നിലയിലായി. പിന്നീട് റൈഫി വിന്‍സന്റ് ഗോമസ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. രണ്ടു സിക്സറുകളടിച്ച് റൈഫി പ്രതീക്ഷ ജനിപ്പിച്ചെങ്കിലും സ്കോര്‍ 132-ല്‍ എത്തിയപ്പോള്‍ റൈഫിയും മടങ്ങി. 19 പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 26 റണ്‍സെടുത്ത റൈഫിയെ മേഹുല്‍ പട്ടേലിന്റെ പന്തില്‍ ജസ്പ്രീത് പിടികൂടി. പിന്നീടെത്തിയവര്‍ക്കൊന്നും രണ്ടക്കം പോലും കടക്കാന്‍ കഴിഞ്ഞില്ല. ഓസ്കാര്‍ (1), പി. പ്രശാന്ത് (8), മനുകൃഷ്ണന്‍ (7), സന്ദീപ് വാര്യര്‍ (1) പുറത്തായതോടെ കേരളത്തിന്റെ പതനം പൂര്‍ത്തിയാകുകയായിരുന്നു. ഗുജറാത്തിന് വേണ്ടി ജസല്‍ കരിയ, മേഹുല്‍പട്ടേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
കേരളം ഫൈനലിലെത്താതെ പുറത്തായെങ്കിലും മികച്ച പ്രകടനം തന്നെയാണ് ടൂര്‍ണമെന്റില്‍ ഉടനീളം നടത്തിയത്. മുന്‍ ഇന്ത്യന്‍ താരം സുജിത് സോമസുന്ദര്‍ പരിശീലകനായി എത്തിയ ശേഷമാണ് കേരള ക്രിക്കറ്റ് ടീം ചരിത്രത്തിലെ മികച്ച വിജയങ്ങള്‍ സ്വന്തമാക്കി കുതിച്ചത്. ബുച്ചിബാബു ട്രോഫിയില്‍ ഫൈനലില്‍ കടക്കാനും വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ സെമിയിലെത്താനും കേരളത്തിന് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: