കുഞ്ഞുരാമകൃഷ്ണന്റെ ഇളം കൈകള്‍ക്കുള്ളില്‍ മുറുക്കിപ്പിടിച്ചിരിക്കുന്ന കോല് ചെണ്ടപ്പുറത്ത് അമരുമ്പോള്‍ പുറത്തേക്കു വരുന്നത് അദ്ഭുത ശബ്ദങ്ങള്‍. ആസ്വാദക മനസ്സില്‍ താളഭാവങ്ങളുടെ വിസ്മയം തീര്‍ക്കാനുള്ള കരുത്ത് ആ ശബ്ദത്തിനുണ്ട്. തന്നോളം പോന്നൊരു ചെണ്ട പ്രത്യേകം തയ്യാറാക്കിയ പീഠത്തിലുറപ്പിച്ച് രാമകൃഷ്ണന് എന്ന ബാലന് കൊട്ടിക്കയറുമ്പോള്‍ ആസ്വാദക ഹൃദയങ്ങളില്‍ പൂരപ്പൊലിമ. അത്രയ്ക്ക് മനോധര്‍മ്മത്തോടെ ആസ്വാദകരുടെ മനസ്സറിഞ്ഞാണ് രാമകൃഷ്ണന് ചെണ്ടകൊട്ടുന്നത്. നടന് മോഹന്‍ലാല്‍ മുതല്‍ ചെണ്ടയിലെ ആചാര്യനായ മട്ടന്നൂര്‍ ശങ്കരന്കുട്ടിവരെ രാമകൃഷ്ണനെ ഇഷ്ടപ്പെടുന്നതും അവരോടു ചേര്‍ത്തു നിറുത്തുന്നതും അതിനാലാണ്. രാമകൃഷ്ണനെന്ന കുരുന്ന് തായമ്പകയിലെ വിസ്മയക്കരുത്തായി മാറുന്നു.
തിരുവനന്തപുരത്ത് കഴക്കൂട്ടം മേനംകുളം എല്‍പി സ്കൂളിനു സമീപം നന്ദനത്തില്‍ ഐപിആര്‍ കണ്‍സള്‍ട്ടന്റും മൃദംഗ കലാകാരനുമായ ഹരീഷ്മഹാദേവന്റെയും സംഗീതജ്ഞ സീതാദേവിയുടെയുടെയും മകനാണ് ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ രാമകൃഷ്ണന്. നാലു വയസ്സുമുതല്‍ ചെണ്ട പഠിക്കുന്ന രാമകൃഷ്ണന് ഇതിനകം നൂറുവേദികളില്‍ തായമ്പക കൊട്ടിക്കഴിഞ്ഞു. ഈ ഉത്സവകാലത്ത് ഇരുപത്തിയഞ്ചിലധികം വേദികള്‍ വേറെയും. പ്രശസ്തമായ ആറ്റുകാല്‍, കരിക്കകം ക്ഷേത്രങ്ങളിലെ ഉത്സവവേദികളില്‍ ഇതിനകം രാമകൃഷ്ണന്റെ തായമ്പക പ്രകടനം നടന്നു കഴിഞ്ഞു.
ചെണ്ടയ്ക്കൊപ്പം പൊക്കമില്ലാത്ത കാലത്ത്, നാലുവയസ്സുള്ളപ്പോഴാണ് രാമകൃഷ്ണന് കൊട്ടിത്തുടങ്ങുന്നത്. ചെറിയൊരു സ്റ്റാന്‍ഡില്‍ ചെണ്ട വച്ച് കസേരയില്‍ കയറി നിന്നായിരുന്നു ആദ്യകാലത്ത് കൊട്ട്. പിന്നീട് കയറി നില്ക്കാന് കസേരവേണ്ടന്നായി. എന്നാലും ചെണ്ട തോളത്തിട്ടു കൊട്ടാനുള്ള പ്രയാസം കൊണ്ട് ഇപ്പോഴും സ്റ്റാന്‍ഡില്‍ വച്ചാണ് കൊട്ടുന്നത്.
കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ തന്നെ രാമകൃഷ്ണനെയും ജ്യേഷ്ഠന് മഹാദേവനെയും സംഗീതപരിപാടികള്‍ക്കും കഥകളിക്കുമെല്ലാം പിതാവ് കൊണ്ടുപോകുമായിരുന്നു. കഥകളി കമ്പക്കരാനായ പിതാവിനൊപ്പം രാത്രി കഥകളി കാണുമ്പോള്‍ വേഷങ്ങളെക്കാള്‍ രാമകൃഷ്ണന് ശ്രദ്ധിച്ചിരുന്നതും ആസ്വദിച്ചിരുന്നതും ചെണ്ടകൊട്ടായിരുന്നു. ചെണ്ടയുടെയും മദ്ദളത്തിന്റെയും താളങ്ങളില്‍ ആ കുരുന്നു മനസ് ലയിച്ചിരുന്നു. മകന്റെ കൊട്ടു പ്രേമം പിതാവ് അറിയുന്നുണ്ടായിരുന്നു. അങ്ങനെ രാമകൃഷ്ണന് നാലുവയസ്സുള്ളപ്പോള്‍ മുതല്‍ ശാസ്ത്രീയമായി ചെണ്ടകൊട്ടിത്തുടങ്ങി. പൗഡിക്കോണം സുരേന്ദ്രന് ആശാന് ആദ്യഗുരുവായി.
തായമ്പക പാഠങ്ങള്‍ സ്വായത്തമാക്കുന്നതില്‍ രാമകൃഷ്ണന് പ്രത്യേക വിരുതുണ്ടായിരുന്നു. മറ്റാരേക്കാളും വേഗത്തിലായിരുന്നു രാമകൃഷ്ണന്റെ പഠനം. രണ്ടു വര്‍ഷത്തിനുള്ളില്‍ അരങ്ങേറ്റവും നടത്തി. ചെങ്കോട്ടുകോണം ആശ്രമത്തിലായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ തന്നെ ആസ്വാദകരെ വിസ്മയിപ്പിക്കാന് രാമകൃഷ്ണനു കഴിഞ്ഞു. തായമ്പക വിദഗ്ധര്‍ പോലും ആ കുരുന്നു വിരലുകള്‍ തീര്‍ക്കുന്ന അദ്ഭുത താളത്തില്‍ മനം മയങ്ങി നിന്നു.
അവിടുന്നിങ്ങോട്ട് രാമകൃഷ്ണന് തായമ്പകയിലെ വിസ്മയമായി മാറുകയായിരുന്നു. പ്രശസ്ത ചെണ്ടവിദ്വാന് മട്ടന്നൂര്‍ ശങ്കരന്കുട്ടിമാരാരെയാണ് മാനസഗുരുവായി സ്വീകരിച്ചിരിക്കുന്നത്. ശിഷ്യന്റെ കഴിവും പെരുമയുമറിഞ്ഞ് ശിഷ്യനെത്തേടി മട്ടന്നൂര്‍ പലതവണ രാമകൃഷ്ണന്റെ വീട്ടിലെത്തി. ശിഷ്യന്റെ നെറുകയില്‍ മട്ടന്നൂര്‍ കയ്യമര്‍ത്തി അനുഗ്രഹിച്ചു.
നീണ്ടവര്‍ഷത്തെ പരിചയവും പരിശീലനവും കൊണ്ടാണ് തായമ്പക കൊട്ടുന്നയാള്‍ പ്രേക്ഷക മനസ്സ് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് കൊട്ടുന്നത്. കഠിന തപസ്യയിലൂടെ നേടിയെടുക്കുന്ന കഴിവാണത്. എന്നാല്‍ വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ രാമകൃഷ്ണന് പ്രേക്ഷക മനസ്സറിഞ്ഞ് കൊട്ടാനുള്ള കഴിവ് ആര്‍ജ്ജിച്ചു. രാമകൃഷ്ണന്റെ ആ ‘മനോധര്‍മ്മമാണ്’ പ്രത്യേകതയും. ശാസ്ത്രീയ രീതിയിലുള്ള താളമാണ് സദസ്സ് ആവശ്യപ്പെടുന്നതെങ്കില്‍ ആ രീതിയിലും ആസ്വാദകരുടെ മനസ്സ് ശിങ്കാരിത്താളത്തിനൊപ്പമാണെങ്കില് അതിലേക്കു ചുവടുമാറ്റിയും രാമകൃഷ്ണന് കൊട്ടിക്കയറും. താളം മുറുകുമ്പോള്‍ രാമകൃഷ്ണന് ആവേശമാണ്. ഗുരുകാരണവന്മാര് ശരീരത്തിലേക്ക് ആവേശിച്ച് കൊട്ടുന്നതുപോലെ.
ഒരിക്കല്‍ ഒരു തെയ്യം കലാകാരന് പ്രായാധിക്യത്തിന്റെ ക്ഷീണത്താല്‍ തെയ്യത്തിനിടെ തളര്‍ന്നിരുന്നു. അപ്പോഴാണ് കൊട്ടിക്കയറുന്ന രാമകൃഷ്ണന്റെ തായമ്പക മേളം തെയ്യം കലാകാരനെ ഉണര്‍ത്തിയത്. അവശത മറന്ന് അദ്ദേഹം തെയ്യത്താളത്തിലേക്ക് രാമകൃഷ്ണന്റെ തായമ്പകയ്ക്കൊപ്പം ഉണര്‍ന്നു. പിന്നീടദ്ദേഹം രാമകൃഷ്ണനെ കെട്ടിപ്പുണര്‍ന്നു.
നടന് മോഹന്‍ലാല്‍ രാമകൃഷ്ണന്റെ കൊട്ട് കേട്ട് അഭിനന്ദിക്കാന്‍ എത്തി. സദസ്യരെ കയ്യിലെടുക്കുന്ന രാമകൃഷ്ണന്റെ മാന്ത്രിക താളത്തിനുമുന്നില്‍ അഭിനയ പ്രതിഭ ശിരസ്സുനമിക്കുകയായിരുന്നു. നിരവധി വേദികളില്‍ ആസ്വാദകര്‍ സ്നേഹം കൊണ്ടു രാമകൃഷ്ണനെ മൂടിയിട്ടുണ്ട്. അത്തരം നിരവധി അനുഭവങ്ങള്‍.
എല്ലാവേദികളിലും കൊട്ടിപ്പെരുപ്പിക്കുമ്പോള് കുഞ്ഞുരാമകൃഷ്ണനില് അവശേഷിക്കുന്നത് ഒരാഗ്രഹം മാത്രം. തൃശ്ശൂര്‍ പൂരത്തിന് കൊട്ടണം. വീട്ടിലെത്തിയ മട്ടന്നൂര്‍ ആ ആഗ്രഹം സാധിക്കാമെന്ന ഉറപ്പു നല്‍കിയിട്ടുണ്ട്. പാറമേക്കാവിനൊപ്പം മേളത്തിനു കൂട്ടാമെന്ന ഉറപ്പാണദ്ദേഹം നല്‍കിയത്. ചെണ്ടയിലെ വടക്കന്‍ ശീലുകള്‍ രാമകൃഷ്ണനെ പഠിപ്പിക്കാന്‍ ഗുരുവിനെ ഏര്‍പ്പാടാക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ചെര്‍പ്പുളശ്ശേരിയില്‍ നിന്നാണ് ഗുരുവെത്തുക. ഇപ്പോള്‍ തെക്കന്‍ ശൈലിയിലാണ് കൊട്ടുന്നത്.
പഠനത്തില്ഒന്നാമനായ രാമകൃഷ്ണന് സ്കൂളിലെ എല്ലാവരുടെയും പ്രിയപ്പെട്ടവനുമാണ്. ഭാവിയില്‍ സിവില്‍ സര്‍വ്വീസാണ് രാമകൃഷ്ണന്റെ സ്വപ്നം.
സിബിഎസ്ഇ കലോത്സവത്തില്‍ ചെണ്ട മത്സര ഇനമല്ലാത്തതിന്റെ വിഷമം രാമകൃഷ്ണനുണ്ട്. ചെണ്ടയ്ക്കൊപ്പം വയലിനും കീബോര്‍ഡും ശാസ്ത്രീയ സംഗീതവും രാമകൃഷ്ണന് സ്വായത്തമാക്കിയിട്ടുണ്ട്. ഏപ്രിലില്‍ നടക്കുന്ന താള മഹോത്സവത്തിനുള്ള തയ്യാറാടുപ്പിലാണിപ്പോള് കുഞ്ഞുരാമകൃഷ്ണന്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: