നാല്പത്താറോ നാല്പത്തേഴോവര്ഷങ്ങളായിക്കാണണം. അന്നുഞ്ഞാന്‍ കോട്ടയം ജില്ലാ പ്രചാരകനായിരുന്നു. താമസം പെരുന്നയിലെ എന്എസ്എസ്ബില്ഡിംഗിലുള്ള കാര്യാലയത്തില്‍. സംഘത്തിലെ പരിശീലനങ്ങളില്‍ എനിക്കുലഭിക്കാതെപോയത് ഘോഷ്ആയിരുന്നു. അതിലെ ഏതെങ്കിലും ഒരിനം അഭ്യസിക്കണമെന്ന മോഹം ഉദിച്ചു. ഹരിയേട്ടന് അക്കാലത്തു എറണാകുളം വിഭാഗിന്റെ ചുമതലവഹിക്കുന്നു. കോട്ടയം ജില്ലയും ആ വിഭാഗിന്റെ കീഴിലായിരുന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ പ്രശ്നം അവതരിപ്പിച്ചു. വംശിയും, ആനകും (ഫ്ലൂട്ടും, സൈഡ് ഡ്രമ്മും) ആണ് പഠിക്കാന്‍ എളുപ്പം എന്നദ്ദേഹം അഭിപ്രായപ്പെട്ടു. അതിനുള്ള വഴി ഒരു ദിവസം ആലപ്പുഴയ്ക്കുപോകുക. അവിടെ തിരുവമ്പാടിയിലുള്ള കാര്യാലയത്തില്‍ ചെന്നാല്‍ ഘോഷ്ചുമതലയുള്ളവര് ആരെങ്കിലും പഠിപ്പിക്കും. അങ്ങിനെ ചങ്ങനാശ്ശേരിയില്‍ നിന്ന് ആലപ്പുഴയ്ക്കുപോയി. ആദ്യയാത്ര ബോട്ടിലായിരുന്നു. രണ്ടരമണിക്കൂര്‍ യാത്ര. കാര്യാലയം തപ്പിപ്പിടിച്ചു. അപ്പോഴാണ് ചങ്ങനാശ്ശേരിയില്‍നിന്ന് ബസ്സില്‍ വന്നാല്‍ കാര്യാലയത്തിനടുത്തിറങ്ങാമെന്നും മൂന്നു കടത്തുകള്‍ കടന്നുവേണമായിരുന്നു ആ യാത്രയ്ക്ക്. കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി ആലപ്പുഴയിലെ കാര്യലയത്തില്‍ നിന്ന് അല്പസ്വല്പം ആനകും, വംശിയും പഠിച്ചു. പലകപ്പുറത്ത് കടലാസ് വച്ച് അതില്‍ കൊട്ടിപ്പഠിക്കുക. ഇതായിരുന്നുരീതി. വംശിയുടെ കാര്യത്തിലും പ്രാഥമികമായ പാഠങ്ങള്‍ പഠിപ്പിച്ചു എന്നാല്‍ താളബോധം എന്നില്‍ തീരെയില്ലാതിരുന്നതിനാല്‍ ഏതാനും മാസങ്ങള്‍ക്കുശേഷം അതൊക്കെ ഉപേക്ഷിക്കേണ്ടിവന്നു. ശാഖകളില്‍ പാട്ടുപാടിക്കൊടുക്കരുതെന്ന് ഭാസ്കര്‍ റാവുജി വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ വിലക്കിയിരുന്നത് എത്രയും ശരിയാണെന്നു തെളിഞ്ഞു. ഞാന്‍ വാങ്ങിയിരുന്ന വംശിയാകട്ടെ പിന്നീട് ജനസംഘത്തിന്റെ സംഘടനാകാര്യദര്ശിയായിരുന്നകാലത്തു കോഴിക്കോട്ടുവച്ച് അതുനന്നായി ഉപയോഗിക്കാന്‍ കഴിവുണ്ടായിരുന്ന ഒരു സ്വയം സേവകന് (രത്നാകരന് എന്നാണ് ഓര്‍മ്മ) കൊടുത്തതോടെ സംഗീതോപകരണം കൈവശം വെച്ചുഎന്ന കുറ്റത്തില്നിന്നുകൂടിവിമുക്തനായി.
അതിനിടെ ആലപ്പുഴയിലെ ധന്വന്തരി വൈദ്യശാലയുടെ ശാഖയില്‍ ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. നഗരത്തിന്റെ കണ്ണായ മുല്ലക്കല്‍ ഭഗവതിക്ഷേത്രത്തിനടുത്തായിരുന്നു അത്. മാനേജര്‍ തൊടുപുഴക്കാരന് ഉണ്ണിച്ചേട്ടനുമായി പണ്ടേപരിചയമായിരുന്നു. അവിടെ അദ്ദേഹത്തിന്റെ മകന് കരുണാകരനുമുണ്ടായിരുന്നു. കരുണാകരന് വിദ്യാര്‍ത്ഥിയായിരുന്നു. പിന്നീട് ജനസംഘ പ്രവര്‍ത്തകനെന്ന നിലയ്ക്കു ആലപ്പുഴപോകേണ്ടിവന്ന അവസരങ്ങളിലും ആസന്ദര്‍ശനം പതിവായിരുന്നു. അപ്പോഴേയ്ക്കും കരുണാകരനും തൊടുപുഴയിലെ ശാഖാപ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ടു ചെറിയചുമതലകള് വഹിക്കാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞായാഴ്ച അദ്ദേഹം അന്തരിച്ചപ്പോള്‍ വെള്ളൂരിലെ വസതിയിലേക്കുപോകുന്ന അവസരത്തില്‍ ഈ പഴയകാര്യങ്ങള്‍ ഓര്‍ക്കുകയായിരുന്നു. ഏറ്റുമാനൂരിലെ കേന്ദ്രഗവണ്മെന്റ് സ്ഥാപനമായ സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ പഠിച്ചുകൊണ്ടിരിക്കെ കോട്ടയം ജില്ലാ പ്രചാരകനായിരുന്ന പി.രാമചന്ദ്രന്റെ ശ്രദ്ധയില്‍പെട്ടുകയും, അദ്ദേഹവുമായുള്ള സമ്പര്‍ക്കം വഴിയായികരുണാകരന് പ്രചാരകനാകാന്‍ പ്രചോദനമുണ്ടാകുകയും ചെയ്തു.
പ്രചാരകനായിരിക്കുമ്പോഴത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചൊന്നും അക്കാലത്ത് ഞാന്‍ അറിഞ്ഞിരുന്നില്ല. അടിയന്തരാവസ്ഥയുടെ മുമ്പ് കൊല്ലം ജില്ലയിലെ ചില സ്ഥലങ്ങളിലുണ്ടായിരുന്നുവെന്നും അവിടെ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടുവെന്നും കഠിനമായ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നുവെന്നും അറിയാന്‍ കഴിഞ്ഞു. അക്കാലത്ത് ഏറ്റവും കഠിനമായ മര്‍ദ്ദനമേല്‍ക്കേണ്ടിവന്ന പ്രചാരകന് കരുണാകരനും, ആലപ്പുഴയിലെ ഗോപകുമാറുമായിരുന്നു ഇരുവരുടെയും ആരോഗ്യം പിന്നീട് പൂര്ണമായിവീണ്ടെടുക്കാനായില്ല എന്നു പറയാം.
പ്രചാരകന് എന്നനിലയ്ക്ക് പിന്നീട് ചാവക്കാട്ട്താലൂക്കിലും നാദാപുരത്തും കരുണാകരന് പ്രവര്‍ത്തിച്ചു. ചാവക്കാട്ട് പ്രവര്‍ത്തിക്കുന്ന അദ്ദേഹം അവിടത്തെ സ്വയംസേവകരുടെയും മുതിര്‍ന്നവരുടെയും ഇടയില്‍ പിടിച്ചെടുത്ത സ്നേഹാദരങ്ങളും, മമതാബന്ധവും, പഴയകാല പ്രവര്‍ത്തകരില്‍ നിന്നും കേട്ടറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മുമ്പ് ജനസംഘത്തിലും, പിന്നീട് രാഷ്ട്രസേവികാ സമിതിയിലും ഉന്നതമായ ചുമതലകള്‍ വഹിച്ചു. എല്ലാവരുടെയും ആദരവ് നേടിയിട്ടുള്ള പുന്നയൂര്‍കുളത്തെ വിനോദിനിയമ്മ കരുണാകരനെക്കുറിച്ച് വളരെ അഭിമാനപൂര്‍വമാണ് സംസാരിച്ചിരുന്നത്. പ്രവര്‍ത്തകരുടെ വീടുകളുമായിബന്ധപ്പെടുന്നതിനും, പലവിധകാരണങ്ങള്‍കൊണ്ട് അകല്ചകാട്ടിനില്ക്കുന്നവരെ അനുനയിപ്പിച്ച് യോജിപ്പിച്ച് പ്രവര്‍ത്തനനിരതമാക്കുന്നതിനും സവിശേഷമായ കഴിവുകരുണാകരനുണ്ടായിരുന്നുവെന്ന് വിനോദിനിയമ്മ പറയുമായിരുന്നു. കരുണാകരന് കോഴിക്കോട്ട് ജില്ലയിലെ (വടകരസംഘജില്ല) നാദാപുരത്തേക്കു മാറിയശേഷം ചാവക്കാട്ടുവന്ന പ്രചാരകനുമായിതാരത്മ്യം ചെയ്തുകൊണ്ട് വിനോദിനിയമ്മ പറഞ്ഞ കാര്യങ്ങള്‍ ഹൃദയംഗമമായിരുന്നു.
കരുണാകരന് നാദപുരത്തു പ്രവര്‍ത്തിച്ചകാലം അവിടത്തുകാര്‍ക്കും മറക്കാന്‍ കഴിയുന്നതായിരുന്നില്ല. പഴയ തലമുറക്കാര്‍ അതു ഓര്‍ക്കുന്നുണ്ടാവും കരുണാകരനും 20ല്‍ പരം വര്‍ഷങ്ങള്‍ക്കപ്പുറം അവിടെ പ്രചാരകനായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഈ ലേഖകനും അവിടത്തെ പഴയകാല സ്വയംസേവകരുടെ ഓര്‍മകള്‍ ഉണ്ട്.
പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് വടകരസംഘജില്ലയില് എട്ടുപത്തുദിവസങ്ങള്‍ സന്ദര്‍ശനത്തിനായി പോകാനുള്ള സംഘനിര്ദ്ദേശമുണ്ടായപ്പോള് സന്തോഷമുണ്ടായി. നാദാപുരം, കുറ്റ്യാടി തുടങ്ങിയ പൂര്‍വസ്മരണകള്‍ ഉണര്‍ത്തുന്ന ഗ്രാമങ്ങളില്‍ സഞ്ചരിക്കാനും, അവിടത്തെ പഴയവരും പുതിയവരുമായ സ്വയം സേവകരേയും, അവരുടെ കുടുംബാംഗങ്ങളെയും പരിചയപ്പെടാനും അവസരം ലഭിച്ചു. അവിടെയും കരുണാകരന്റെ അദൃശ്യസാന്നിദ്ധ്യം അനുഭവിക്കാന്‍ കഴിഞ്ഞു.
തലമുറകള്‍ കഴിഞ്ഞതിനാല്‍ പുതിയവര്‍ക്ക് അദ്ദേഹത്തിന്റെ കേട്ടുകേള്‍വിയേ ഉണ്ടായിരുന്നുള്ളൂ. നാദാപുരത്തിനടുത്ത് കല്ലാച്ചിയില്‍ അവര്‍ പുതിയ കാര്യാലയം നിര്‍മ്മിച്ച് പൂര്‍ത്തിയാകാറായിരുന്നു. അവിടെ സന്ദര്‍ശിച്ചപ്പോള്‍ അവരുടെ പരിശ്രമത്തില്‍ അഭിമാനം തോന്നി. മുമ്പ് ആ ഭാഗത്ത് പ്രചാരകന്മാരായിരുന്നവരുടെ മേല്‍വിലാസങ്ങള്‍ സമ്പാദിക്കുന്നതിന് പ്രയാസമായിരുന്നു. അവര്‍ക്കുവേണ്ടിയിരുന്നത് എം.എസ്.ശിവാനന്ദ്, രാമചന്ദ്രന് കര്‍ത്താ, കരുണാകരന് എന്നിവരുടെ വിലാസങ്ങളായിരുന്നു. അവരെ ക്ഷണിച്ചുകൊണ്ടുള്ള എഴുത്തുകള്പോയിരുന്നു. പിന്നീട് കര്‍ത്താസാറിനെയും ശിവാനന്ദനെയും കണ്ടപ്പോള്കത്തുകള് കിട്ടിയവിവരം അറിഞ്ഞു.
കുറ്റ്യാടിയില്‍നിന്നു ഉള്ളിലേക്കുപോകുന്ന ഗ്രാമങ്ങളില്‍, തളീക്കര വേളം മുതലായ സ്ഥലങ്ങളില്‍ താമസിച്ചപ്പോഴും കരുണാകരന്റെ സാന്നിധ്യം അനുഭവപ്പെട്ടു. അവിടെ ഒരു വീട്ടിലെ കുടുംബസംബന്ധമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ച കലഹത്തിന്റെ വക്കിലെത്തിയ അവസ്ഥയ്ക്ക് കരുണാകരന്റെ ക്ഷമാപൂര്‍വവും സ്നേഹമസൃണവുമായ പരിശ്രമങ്ങള്‍ മൂലം പരിഹാരമുണ്ടായ വിവരം മുതിര്‍ന്ന സ്ത്രീകളാണ് പറഞ്ഞുതന്നത്.
വെള്ളൂരിലെ ന്യൂസ്പ്രിന്റ് ഫാക്ടറിക്കുസമീപത്തുനിന്ന് വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു കഴിഞ്ഞ കാല്‍നൂറ്റാണ്ടായി അദ്ദേഹം. അവിടെ പോയിതാമസിക്കാന്‍ ഒരിക്കല്‍ അവസരമുണ്ടായി. മസ്തിഷ്കാഘാതം സംഭവിച്ച എന്തോ അസുഖം മൂലം അമൃതാ ആസ്പത്രിയില്‍ കഴിയവേ ആയിരുന്നു അന്ത്യം. പഴയകാല സുഹൃത്തുക്കളും സ്വയംസേവകരുമായ നൂറുകണക്കിനാളുകള്‍ അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ എത്തിയിരുന്നു. ഒട്ടേറെ തപ്തസമരണകള് വിവിധസ്ഥലങ്ങളില്‍ അവശേഷിപ്പിച്ചുപോയ കരുണാകരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: