ന്യൂദല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ താന്‍ അഭിമാനിക്കുന്നു എന്ന പാക്മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യയില്‍ വ്യാപക പ്രതിഷേധം. ഏകാധിപതിയായി കൂലിപ്പട്ടാളത്തെ നയിക്കുകയാണ് താന്‍ ചെയ്തതെന്ന് അംഗീകരിക്കുന്നതാണ് മുഷറഫിന്റെ പ്രസ്താവനയെന്ന് ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തിന് പിന്നില്‍ പാക്കിസ്ഥാന്റെ കൂലിപ്പട്ടാളമായിരുന്നെന്നും പുറത്താക്കപ്പെട്ട ഏകാധിപതിയുടെ അവകാശവാദങ്ങളാണ് മുഷറഫ് നടത്തുന്നതെന്നും റൂഡിപറഞ്ഞു. മുഷറഫിന്റെ തിരിച്ചുവരവ് അപകടകരമായ മുന്നറിയിപ്പാണെന്നും പാക്കിസ്ഥാനിലെ താലിബാന് അനുകൂലികള്‍ക്ക് ഇത് ഏറെ സഹായകരമാണെന്നും ബിജെപി നേതാവ് പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഏറെ ബാധിക്കുന്നതാണ് മുഷറഫിന്റെ പ്രസ്താവനയെന്ന് സമാജ്വാജിപാര്ട്ടി നേതാവ് കമല്‍ ഫറൂഖിയും പ്രതികരിച്ചു. പ്രസ്താവനയില്‍ മുഷറഫ് ലജ്ജിക്കണമെന്നും സമാധാനപരമായ നിലനില്‍പ്പ് ബുദ്ധിമുട്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചത് മുഷറഫ് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയനേതാക്കള്‍ കൂടുതല്‍ കര്‍ക്കശ്യം പുലര്‍ത്തണമെന്നായിരുന്നു മുന്സൈനികോദ്യോഗസ്ഥനായ പി.എന്‍. ഹൂണിന്റെ പ്രതികരണം. മത്സരാധിഷ്ഠിതമായ ലോകത്ത് വിജയിക്കണമെങ്കില്‍ കൂടുതല്‍ ശക്തമാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുദ്ധത്തിന്റെ പേരില്‍ ഒരാളും അഭിമാനിക്കില്ലെന്ന് മുഷറഫ് മനസ്സിലാക്കണമെന്നായിരുന്നു സിപിഐ നേതാവ് ഡി.രാജ പ്രതികരിച്ചത്. യഥാര്‍ത്ഥത്തില്‍ മുഷറഫ് മാപ്പ് പറയുകയാണ് വേണ്ടതെന്നും രാജ പറഞ്ഞു.
1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് മുഷറഫ്. കറാച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്. കാര്‍ഗില്‍ നുഴഞ്ഞുകയറ്റവും യുദ്ധവും നടക്കുമ്പോള്‍ പാക്സൈനിക മേധാവിയായിരുന്നു പര്‍വേസ് മുഷറഫ്. നവാസ് ഷെറീഫ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് മുഷറഫ് അധികാരത്തിലെത്തുന്നത്.
പിപിപി അധികാരത്തിലെത്തിയതോടെഅറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന് മുഷ്റഫ് ലണ്ടനിലും ദുബായിലുമായി പ്രവാസജീവിതം നയിക്കുകയായിരുന്നു. പിപിപി അധികാരമൊഴിഞ്ഞതിനെത്തുടര്ന്നാണ് മെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്പങ്കെടുക്കാനായി മുഷറഫ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: