പള്ളുരുത്തി: കൊച്ചി നഗരസഭയില്‍ നേതൃമാറ്റമെന്ന ഐ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദതന്ത്രത്തിന് ഫലം കാണുന്നു. സംസ്ഥാന നേതൃത്വവും,ഡി.സി.സി.യും ഒടുവില്‍ ഐഗ്രൂപ്പിന്റെ നേതൃമാറ്റമെന്ന അജണ്ടയില്‍ വിശദമായ ചര്‍ച്ചയ്ക്ക് കളമൊരുക്കുന്നതോടെ കൊച്ചി മേയര്‍സ്ഥാനത്തുനിന്നും ടോണിചമ്മണിയെ നീക്കുന്നതിനുള്ള സാധ്യതയ്ക്ക് ആക്കംകൂടി. ഏപ്രില്‍-2നാണ് ഐഗ്രൂപ്പിനെ അനുനയിപ്പിക്കുന്നതിനുള്ള ചര്‍ച്ച എറണാകുളം ഡി.സി.സി.ഓഫീസില്‍ നടക്കുന്നത്. രണ്ടര വര്‍ഷത്തെ ടോണിചമ്മണിയുടെ ഭരണം കൊച്ചിനഗരസഭയെ പിന്നോട്ടുകൊണ്ടുപോയി എന്നത് ഐഗ്രൂപ്പിനോടൊപ്പം ടോണി ചമ്മണിയുടെ പാളയത്തില്‍ നിന്നും അഭിപ്രായമുയര്‍ന്നു കഴിഞ്ഞു. പുതിയ വിവാദങ്ങളെ പ്രതിരോധിക്കുന്നതിനും മേയര്‍ക്ക് കഴിയുന്നില്ല. നഗരസഭാ ഭരണത്തില്‍ ആകമാനം അഴിച്ചുപണിയാണ് ഐഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത്. ടോണി ചമ്മണി മേയര്‍ സ്ഥാനം ഒഴിഞ്ഞാല്‍ ലത്തീന്‍ വിഭാഗത്തെ പിണക്കാതെ പകരക്കാരനെ കണ്ടുപിടിക്കുന്നതിനും ഐവിഭാഗം ശ്രമം തുടങ്ങിക്കഴിഞ്ഞു. അങ്ങിനെ വന്നാല്‍ നിലവില്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സ്ഥാനം വഹിക്കുന്ന ടി.ജെ.വിനോദിനെ മേയറാക്കുന്നതിനാണ് ഐവിഭാഗം ആവശ്യമുന്നയിക്കുന്നത്. കൊച്ചി നഗരസഭാ ഭരണം യുഡിഎഫിനു ലഭിച്ച ഘട്ടത്തില്‍ തന്നെ മേയര്‍ സ്ഥാനത്തിനുവേണ്ടി ഐഗ്രൂപ്പ് ചരടുവലികള്‍ നടത്തിയെങ്കിലും ജില്ലയിലെ ഒരു കേന്ദ്ര മന്ത്രിയുടെ ഇടപെടല്‍മൂലം ഐഗ്രൂപ്പിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കുകയായിരുന്നു. ഐഗ്രൂപ്പ് അന്ന് എന്‍.വേണുഗോപാലിനെയാണ് മേയര്‍സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ചിരുന്നത്. എ ഗ്രൂപ്പിന്റെ മേയര്‍സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ച എ.ബി.സാബുവിന്റെ പരാജയത്തിനുകാരണം വേണുഗോപാലിന്റെ ഗൂഢാലോചനയാണെന്നുകാട്ടിയാണ് മേയര്‍ സ്ഥാനം വേണുഗോപാലിന് നിഷേധിക്കപ്പെട്ടത്.
ടോണി ചമ്മണിക്ക് പകരക്കാരനായി ലത്തീന്‍ സമുദായത്തില്‍പെട്ട ഒരാളെ ചൂണ്ടിക്കാണിക്കുന്നതിന് ഐ-പാളയത്തില്‍ നിന്നും ഒരാളെ ലഭിച്ചതുമില്ല. സാഹചര്യം മാറിമറഞ്ഞ അവസരം മുതലെടുത്താണ് കാരുവള്ളി കുടുംബാംഗവും ജില്ലയിലെ ലത്തീന്‍ വിഭാഗത്തിന്റെ പിന്തുണയും കൂടിയുള്ള ടി.ജെ.വിനോദിനെ മേയറാക്കുന്നതിന് ഐ.വിഭാഗം തന്ത്രങ്ങള്‍ മെനഞ്ഞത്. കെ.പി.സി.സി.പ്രസിഡന്റിന്റെ മൗനാനുവാദത്തോടുകൂടിയുള്ള നീക്കങ്ങളാണ് ടോണിചമ്മണിയുടെ പതനത്തിലേക്ക് നയിച്ചേക്കാവുന്ന കുരുക്കുകള്‍ മുറുക്കിത്തുടങ്ങിയത്. കേന്ദ്രപ്രതിരോധ മന്ത്രി.എ.കെ. ആന്റണിയുടെ ഒടുവിലത്തെ ഇടപെടലുകള്‍ അനുകൂലമായേക്കാമെന്ന പ്രതീക്ഷയിലാണ് ടോണി ചമ്മണി വിഭാഗം.
കെ.കെ.റോഷന് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: